ഉപ്പൂറ്റി വിണ്ടു കീറുന്നത് തടയാം
കാലാവസ്‌ഥയിലുണ്ടാകുന്ന മാറ്റം ഏറ്റവുമാദ്യം ബാധിക്കുന്നത് കാലുകളെയാണ്. എന്നാലും നമ്മുടെ സൗന്ദര്യ സംരക്ഷണ പട്ടികയിൽ പാദപരിചരണത്തിന് വലിയ പ്രാധാന്യം കിട്ടാറില്ല. അതുകൊണ്ട് തന്നെ ഉപ്പൂറ്റി വരണ്ടുപൊട്ടുകയും പാദചർമ്മം വരണ്ടിരിക്കുകയും ചെയ്യും.
കാലാവസ്‌ഥ വ്യതിയാനം കൊണ്ട് ഈർപ്പം കുറയുന്നതാണ് ഉപ്പൂറ്റി വരണ്ടുപൊട്ടാനുള്ള പൊതുവായ കാരണം. ഇങ്ങനെയുള്ളപ്പോൾ ഉപ്പൂറ്റി മിക്കപ്പോഴും വരണ്ടിരിക്കും. ചില സാഹചര്യങ്ങളിൽ ഉപ്പൂറ്റി വരണ്ടുപ്പൊട്ടി രക്തം കിനിഞ്ഞു വരാം. നടക്കുമ്പോൾ വേദനയും നീറ്റലും അനുഭവപ്പെടുന്ന സാഹചര്യമുണ്ടാകാം.
കാരണങ്ങള്‍
ദീർഘ സമയം ഒരേ നിൽപ്പ് നിൽക്കുക.
ചെരുപ്പിടാതെ നടക്കുക.
ഉപ്പൂറ്റി ഭാഗം തുറന്നിരിക്കുന്ന സാൻഡിലുകൾ ധരിക്കുക.
ചൂട് വെള്ളത്തിൽ ദീർഘനേരം ഉള്ള കുളി.
കെമിക്കൽ ബേസ്ഡ് സോപ്പിന്‍റെ ഉപയോഗം.
ശരിയായ അളവിലുള്ള പാദരക്ഷകൾ ധരിക്കാതിരിക്കുക.
ശ്രദ്ധയോടെ പരിചരിക്കാം
പാദങ്ങളുടെ മനോഹാരിത നിലനിർത്താൻ എപ്പോഴും മോയിസ്ച്ചുറൈസ് ചെയ്യേണ്ടത് അനിവാര്യമാണ്. പ്യൂമിക് സ്റ്റോൺ ഉപയോഗിച്ച് പാദങ്ങളിലെ മൃതചർമ്മം ഉരസി വൃത്തിയാക്കിയ ശേഷം ക്രീം ബേസ്ഡ് ആയിട്ടുള്ള ഫുട്ട്ക്രീം അല്ലെങ്കിൽ വെളിച്ചെണ്ണ പുരട്ടി നന്നായി മസാജ് ചെ യ്ത് മോയിസ്ച്ചുറൈസ് ചെയ്യാം.
എന്നാൽ ഉപ്പൂറ്റി വിണ്ടുകീറി രക്‌തസ്രാവം ഉണ്ടാകുന്ന സാഹചര്യമാണെങ്കിൽ നല്ലൊരു ഡോക്ടറെ കണ്ട് വേണ്ട പരിഹാരം തേടാം. ഡയബറ്റീസ്, ഹൈപ്പോതൈറോയിഡിസം, അറ്റോപിക് ഡർമ്മറ്റൈറ്റിസ് എന്നിങ്ങനെയുള്ള പല അസുഖങ്ങൾ കൊണ്ടും ഇത്തരത്തിൽ ഉപ്പൂറ്റി വിണ്ടുകീറി രക്തസ്രാവമുണ്ടാകാം. പെട്രോളിയം ജെല്ലി, ഗ്ലിസറിൻ, ലാനോലിൻ എന്നിവ ചേർന്ന ക്രീം ഇതിനൊരു പരിഹാരമാണ്. ഉപ്പൂറ്റി വരണ്ടുപൊട്ടുന്ന പ്രശ്നമുള്ളവർക്ക് ഇത്തരം ക്രീം ഉപയോഗിക്കാം.