സ്ത്രീകള്‍ക്കായി രാജ്യം ചുറ്റി ജയഭാരതിയുടെ ബൈക്ക് യാത്ര
കൊച്ചി: സ്ത്രീകള്‍ക്കിടയില്‍ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുചക്രവാഹനത്തില്‍ രാജ്യം മുഴുവന്‍ സഞ്ചരിച്ച് ക്യാമ്പെയിന് നേതൃത്വം നല്‍കുന്ന ഹൈദരാബാദ് സ്വദേശി ജയഭാരതിയുടെ യാത്ര തുടരുന്നു. 40ലേറെ ദിവസമെടുത്ത് 11,111 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ജയഭാരതി മൂവിങ് വുമണ്‍ സോഷ്യല്‍ ഇനിഷ്യേറ്റിവ് ഫൗണ്ടേഷന്‍ സ്ഥാപകയാണ്. യുകെ സര്‍ക്കാരുമായി സഹകരിച്ചാണ് ക്യാമ്പെയിന്‍ നടത്തുന്നത്.
ഒക്‌ടോബര്‍ 11ന് ഹൈദരാബാദില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. തുടര്‍ന്ന് ബാംഗ്ലൂരിലെത്തി അവിടെ നിന്ന് ചെന്നൈ വഴിയാണ് ഇന്നലെ കൊച്ചിയിലെത്തിയത്. സ്ത്രീകള്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും തങ്ങളുടെ ചക്രവാളങ്ങള്‍ വിപുലീകരിക്കുന്നതിനായി ഡ്രൈവിങിന്റെയും സുരക്ഷിതമായ യാത്രയുടെയും പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്നതിനാണ് ഈ യാത്രയെന്ന് ജയഭാരതി പറഞ്ഞു. ഡ്രൈവിങ് പഠിച്ചാല്‍ അത് വിനയോഗിച്ച് പുതിയ വരുമാനമാര്‍ഗങ്ങളും സ്ത്രീകള്‍ക്ക് കണ്ടെത്തുവാന്‍ സാധിക്കും. ലോകമെമ്പാടുമുള്ള ധാരാളം സ്ത്രീകള്‍ അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തില്‍ നിയന്ത്രണങ്ങള്‍ നേരിടുന്നു. വിദ്യാഭ്യാസം നേടുന്നതിനെ മറ്റ് ജോലികള്‍ ഏറ്റെടുക്കുന്നതിനോ ആയുള്ള ദീര്‍ഘദൂര യാത്രകള്‍ ചെയ്യുവാന്‍ പലപ്പോഴും സ്ത്രീകള്‍ക്ക് സാധിക്കുന്നില്ല.
ഗ്രാമപ്രദേശങ്ങളിലുള്ള വനിതകളാണ് ഡ്രൈവിങിന്റെ കാര്യത്തില്‍ ഏറെ പിന്നിലെന്ന് യാത്രയില്‍ നിന്ന് ബോധ്യമായി. അതുകൊണ്ട് തന്നെ ഇനിയുളള യാത്രയിലും ഗ്രാമപ്രദേശങ്ങളിലെ വനിതകള്‍ക്ക് വാഹനം കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ജയഭാരതി പറഞ്ഞു. ഇന്ത്യയിലെ പ്രാധാന 20 നഗരങ്ങളിലൂടെയും ജയഭാരതി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നുണ്ട്. കൊച്ചിയില്‍ നിന്ന് നേരെ ഗോവയിലേയ്ക്കും അവിടെ നിന്ന് നിന്ന് പൂനൈ, മുംബൈ, സൂറത്, അഹമദാബാദ്, ഉദയ്പൂര്‍, ജയ്പൂര്‍, അമത്സ്യര്‍, ശ്രീനഗര്‍ , ചണ്ഡിഗഡ്, ന്യൂഡല്‍ഹി, ലക്‌നൗ, അലഹബാദ്, പാറ്റ്‌ന, ഗുവഹാത്തി, കൊല്‍ക്കത്ത, റാഞ്ചി, ഭുവനേശ്വര്‍ എന്നിവടങ്ങളിലൂടെയെല്ലാം തന്റെ സന്ദേശം മുന്‍നിര്‍ത്തി ജയഭാരതി തന്റെ ബൈക്കില്‍ സഞ്ചരിക്കും.