മണി അടിച്ചു ഡോക്ടറായി; കണ്ടക്ടർ ഇനി ഡോക്ടർ നിമ്മി!

ഭാവന ഉത്തമന്‍

കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടർ “എൽ.ബി നിമ്മി” ഇനിമുതൽ “ഡോ.എൽ. ബി നിമ്മി “യായി അറിയപ്പെടും. തന്റെ ഏറെ നാളത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് നിമ്മി. ജോലിയുടെ സമ്മർദ്ദമോ, കുടുംബത്തിലെ ഉത്തരവാദിത്വമോ, മറ്റു ശാരീരിക ബുദ്ധിമുട്ടുകളോ നിമ്മിയുടെ ഗവേഷണ യാത്രയിൽ തടസ്സമായില്ല. ഇനി ഉണ്ടായിട്ടുള്ള തടസ്സങ്ങളെ ഒക്കെയും മറികടന്ന് ആത്മവിശ്വാസത്തോടെ മുന്നേറിയതിന്റെ നേട്ടത്തിന്റെ തിളക്കമാണ് നേടിയെടുത്ത ഈ “ഡോക്ടറേറ്റ്”.

2012 – ൽ നഞ്ചിൽ കാത്തലിക് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുമ്പോഴാണ് മനോന്മണീയം സുന്ദരനാർ സർവകലാശാലയ്ക്ക് കീഴിൽ പിഎച്ച്ഡിക്ക് പ്രവേശിക്കുന്നത്.കെ. പി രാമനുണ്ണിയുടെ നോവലുകളിലെ ജീവിത ദർശനത്തെ ആസ്പദമാക്കി ഉള്ളതായിരുന്നു ഗവേഷണ വിഷയം.അദ്ദേഹത്തിന്റെ മൂന്ന് പ്രധാന നോവലുകളായ സൂഫി പറഞ്ഞ കഥ, ചരമവാർഷികം, ജീവിതത്തിന്റെ പുസ്തകം എന്നീ നോവലുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം. അദ്ദേഹത്തിന്റെ കഥകളെയെല്ലാം വിലയിരുത്തുന്ന പക്ഷം ഒരു ഹിന്ദു-മുസ്ലിം മതമൈത്രിയുടെ സമീക്ഷ, ജീവിതത്തിന്റെ സ്വാതന്ത്ര്യം, ആഘോഷം എന്നിവയുടെ ഒരു മേളനം കാണുവാൻ സാധിക്കും. എന്തുകൊണ്ടാണ് കെ.പി രാമനുണ്ണിയുടെ നോവലുകളിൽ ഇങ്ങനെ കടന്നുവരുന്നത് എന്ന് അറിയുവാനുള്ള ആഗ്രഹമാണ് ഗവേഷണ വിഷയം തിരഞ്ഞെടുക്കുന്നതിലേക്ക് തന്നെ നയിച്ചതെന്ന് നിമ്മി പറയുന്നു.

ഡോക്ടറേറ്റ് നേടിയ നിമ്മിയെ സഹപ്രവര്‍ത്തകര്‍ ആദരിച്ചപ്പോള്‍

ഔദ്യോഗിക സമ്മർദ്ദം, ശാരീരിക ബുദ്ധിമുട്ടുകൾ, കുടുംബത്തിന്റെ ഉത്തരവാദിത്വം ഇതിനിടയിൽ ഗവേഷണം സുഗമമായി മുന്നോട്ടു കൊണ്ടുപോവുകയെന്നത് വളരെ ശ്രമകരമായ ജോലിയായിരുന്നു. എത്ര വിഷമഘട്ടത്തിലായാലും കുറച്ചു ദിവസമെങ്കിലും ഈ ശ്രമങ്ങളിൽ നിന്നൊക്കെ ഒളിച്ചോടിയാലും എന്റെ മനസ്സ് ലക്ഷ്യത്തിലേക്ക് എത്തിച്ചു കൊണ്ടേയിരുന്നു. ഒരുപാട് വെട്ടം ചിന്തിച്ചിട്ടുണ്ട് മുന്നോട്ടു പോകേണ്ടയെന്ന്. എന്നാൽ ആവശ്യം, അതിയായ ആഗ്രഹം അതാണ് എന്നെ ലക്ഷ്യത്തിലേക്ക് നയിച്ചത്. കഴിഞ്ഞുപോയ കാലങ്ങളും നേരിട്ട പ്രതിസന്ധികളുമാണ് തളർന്നിരിക്കുമ്പോൾ എനിക്ക് ഊർജ്ജം നൽകിയത്. എന്റെ കുടുംബം സഹപ്രവർത്തകർ,കൂട്ടുകാര് ഇവരുടെ പിന്തുണ എത്ര പറഞ്ഞാലും മതിയാവില്ല . പ്രത്യേകിച്ച് ദൈവത്തിന്റെ അനുഗ്രഹം. ഇവരുടെയൊക്കെ സഹായം ഒന്നുകൊണ്ടുമാത്രമാണ് ഡോക്ടറേറ്റ് എന്ന പദവിയിലേക്ക് ഞാൻ പെട്ടെന്ന് എത്തിയത്. എല്ലാത്തിനും മുൻപിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു. എന്റെ ലക്ഷ്യമാണ് യാത്രയിലെ എല്ലാ തടസ്സങ്ങളെയും മറികടന്ന് മുന്നേറാൻ പ്രാപ്തയാക്കിയതെന്നും നിമ്മി പറയുന്നു.

കുടുംബിനിയാണ്, രണ്ട് ആൺമക്കളുടെ അമ്മയാണ്, മറ്റ് തിരക്കുകളുണ്ട് ഇതിനിടയിലാണ് ഗവേഷണത്തിനു വേണ്ട സമയം കണ്ടെത്തിയത്. ഗവേഷണത്തിനു വേണ്ട എല്ലാ തരത്തിലുമുള്ള പിന്തുണയും അനുയോജ്യമായ അന്തരീക്ഷവും ഒരുക്കി തന്നതിൽ കുടുംബത്തോടുള്ള പ്രത്യേകിച്ച് എന്റെ മക്കളോടുള്ള നന്ദിയും സ്നേഹവും എത്ര പറഞ്ഞാലും മതിയാവില്ല. ഗവേഷണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ സഹായിച്ചത് എന്റെ മകളാണ്. എനിക്കുവേണ്ടി അവരുടെ ഒരുപാട് കൊച്ചു കൊച്ചു ആഗ്രഹങ്ങൾ അവർ മാറ്റിവെച്ചിട്ടുണ്ട്. ഞാൻ നൽകുന്നതിൽ അവർ സംതൃപ്തിപ്പെട്ടിരുന്നു. ഗവേഷണ യാത്രയിൽ ഒരുപാട് നഷ്ടങ്ങൾ എന്റെ മക്കൾക്ക് ഉണ്ടായിട്ടുണ്ട്. ഒരു അമ്മയുടെ സാമീപ്യം, കരുതൽ, സ്നേഹം. അതെല്ലാം സഹിക്കുവാനുള്ള ആ കൊച്ചു മനസ്സുകളോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല. അതുകൊണ്ട് ഡോക്ടറേറ്റ് എന്ന പദവി എന്റെ മക്കൾക്ക് വേണ്ടിയുള്ള സമ്മാനമാണെന്ന് നിമ്മി പറയുന്നു.

2014 കഴിഞ്ഞാണ് കെ. എസ്. ആർ. ടി. സി നെയ്യാറ്റിൻകര യൂണിറ്റിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. പിഎസ്‌സി വഴിയാണ് കണ്ടക്ടർ പോസ്റ്റിലേക്ക് നിയമനം ലഭിക്കുന്നത്. മൂന്നു പെൺകുട്ടികൾ ഉള്ള വീട്ടിലെ മൂത്ത കുട്ടിയാണ് ഞാൻ. അതുകൊണ്ട് ഒരു ഗവൺമെന്റ് ജോലി കിട്ടുമ്പോൾ അതിൽ ജോയിൻ ചെയ്യണം എന്ന് അച്ഛന്റെയും അമ്മയുടെയും ആഗ്രഹമായിരുന്നു. ഈ ജോലിയിൽ ഞാൻ വളരെ സന്തോഷവതിയാണ്. മുൻപ് കാക്കിയായിരുന്നു യൂണിഫോം. അത് കൂടുതൽ എന്നെ ആകൃഷ്ടയാക്കി. കൂടാതെ ആളുകളോട് കൂടുതൽ ഇടപഴകാനും അറിയാനും കൂടിയുള്ള മാധ്യമമായിരുന്നു കണ്ടക്ടർ ജോലി.ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അവധി എടുക്കേണ്ടി വന്നു. ഇപ്പോൾ
റീ- ജോയിൻ ചെയ്തിട്ട് ആറുമാസം ആകുന്നതേയുള്ളൂ.

എന്റെ ഏറ്റവും വലിയ ലക്ഷ്യം വീണ്ടും അധ്യാപന ത്തിലേക്ക് തന്നെ തിരിച്ചു പോവുകയാണ് . കുട്ടികളും കോളേജ് അന്തരീക്ഷവും ഒന്നുമില്ലാത്ത അവസ്ഥ ചിന്തിക്കാൻ പോലും കഴിയില്ല. പി എസ് സി പരീക്ഷകൾ എഴുതി കാത്തിരിക്കുകയാണ്. ഒരു സ്കൂളിലേക്കോ കോളേജിലേക്കോ നിയമനം ലഭിച്ചാൽ തീർച്ചയായും തിരിച്ചുപോകും.

ഡോ. എൽ. ബി നിമ്മിയും ഭർത്താവ് എൻ.ഗോഡ് വിനും

എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി എന്റെ അമ്മയാണ്. എത്ര വിഷമവും ബുദ്ധിമുട്ടും ഉണ്ടെങ്കിലും അതൊന്നും ഞങ്ങളെ അറിയിച്ചിട്ടില്ല. ഞങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു തന്നെ ചെയ്തിരുന്നു. അമ്മ ഞങ്ങൾക്ക് വേണ്ടി എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായത് ഞാനൊരു അമ്മ ആയപ്പോഴാണ്. ഞങ്ങൾക്ക് വേണ്ടി അമ്മയുടെ പല ആഗ്രഹങ്ങളും മാറ്റിവെച്ചിട്ടുണ്ട്. അതുവെച്ചു നോക്കുമ്പോൾ എനിക്ക് എന്റെ മക്കൾക്ക് വേണ്ടി ഒന്നും തന്നെ ചെയ്തു കൊടുക്കാൻ കഴിഞ്ഞിട്ടില്ല. എനിക്ക് റോൾമോഡൽ ആക്കാവുന്നതിലും അപ്പുറമാണ് അമ്മ.

പെരുമ്പഴുതൂർ ആലംപൊറ്റ സ്വദേശിനിയാണ് ഡോ. എൽ. ബി നിമ്മി. ഐ. ടി. ഡി. സിയിൽ നിന്നു വിരമിച്ച എസ്. ബെൻസിയറിന്റെയും സി. ലളിതയുടെയും മകളാണ്. ഭർത്താവ് എൻ.ഗോഡ് വിന്‍ കെ.എസ്. ആർ.ടി.സി യൂണിറ്റിലെ മെക്കാനിക്കാണ്. മക്കൾ ആത്മിക് ഗോഡ് വിന്‍, ആഷ്മിക് ഗോഡ് വിന്‍.

Leave a Reply

Your email address will not be published. Required fields are marked *