’73’ ലും എനര്‍ജി ലെവല്‍ കൈവിടാതെ മഹിളാമണി
മഹിളാമണി ടീച്ചര്‍ക്ക് നൃത്തം തപസ്യയാണ്. മനുഷ്യായുസ്സിന്‍റെ പകുതിയിലേറെ അവര്‍ ചിലവഴിച്ചതും നൃത്തത്തിന് വേണ്ടിയാണ്. പ്രതിസന്ധിയില്‍ തളരാതെ നൃത്തത്തെ കൂട്ട് പിടിച്ച് ജീവിതവിജയം കൈവരിച്ച മഹിളാമണടി ടീച്ചറിന്‍റെ വിശേഷങ്ങളിലേക്ക്.
നൃത്ത പഠനം
അഞ്ചാം വയസിലാണ് മഹിളാമണി ആര്യകലാനിലയം രാമുണ്ണി മാഷിന്റെ അടുത്ത് നൃത്ത പഠനം തുടങ്ങിയത്. എട്ടാം വയസിൽ മുല്ലയ്ക്കൽ ക്ഷേത്രത്തിൽ അരങ്ങേറി. ആലപ്പുഴയിലെ അനാഥമന്ദിരം സൂപ്രണ്ട് ആയ അമ്മാവൻ ഒരു ദിവസം തിരുവിതാംകൂർ സഹോദരി മാരിലെ (ലളിത- പത്മിനി രാഗിണി) ലളിതയെ കണ്ടുമുട്ടി. ലളിത രാമായണം ബാലെയിലേക്ക് കൊച്ചു കുട്ടികളെ തേടുന്ന സമയമായിരുന്നു. അവർതന്നെ കാണാൻ വന്നതും ഡാൻസ് ചെയ്യിപ്പിച്ചതും ഇന്നലെയെന്നപോലെ ഓർമയിലുണ്ടെന്ന് മഹിളാമണി .എട്ടാം വയസ്സു മുതല്‍ ചെന്നൈയിലെ വേദികളില്‍ ചുവടുവെച്ചു. തിരുവിതംകൂര്‍ സഹോദരിമാരുടെ കീഴില്‍ ഭരതനാട്യം, മോഹിനിയാട്ടം, ബാലെ അഭ്യസിച്ചു. പിന്നീടങ്ങോട്ട് വേദികളില്‍ നിന്നും വേദികളിലേയ്ക്കുള്ള ദിനങ്ങളായിരുന്നു. നാട്ടില്‍ നിന്നും മാറി നില്‍ക്കുന്നതിന്റെ സങ്കടം ഉണ്ടായിരുന്നെങ്കിലും പതിയെ അതു മാറി. പിന്നീട് പ്രാക്ടീസും വേദികളും മറ്റുമായി. ചെന്നൈയില്‍ അവതരിപ്പിച്ച രാമായണം ബാലെയില്‍ ശ്രീവിദ്യയായിരുന്നു കൊച്ചു സീത, ഞാന്‍ ലക്ഷ്മണനും. ചെന്നൈയ്ക്ക് പുറത്ത് ശ്രീവിദ്യയെ വിടില്ല. അതുകൊണ്ട് മറ്റു സ്ഥലങ്ങളില്‍ ഞാനായിരുന്നു സീത. മുംബൈ, ബാംഗ്ലൂര്‍, ശ്രീലങ്ക വരെ പോയി അഭിനയിച്ചിട്ടുണ്ട്. രാമയണം ബാലെ അവസാനിച്ചപ്പോഴാണ് നാട്ടിലേയ്‌ക്കെത്തിയത്.

പന്ത്രണ്ടാം വയസ്സില്‍ നൃത്താധ്യാപിക
തന്‍റെ എഴുപത്തിമൂന്നാം വയസ്സിലും നൃത്തം പഠിക്കാന്‍വരുന്ന തുടക്കക്കാർക്ക് അടവുകളും മുദ്രകളും പറഞ്ഞ് കൊടുക്കാൻ സാധിക്കുന്നത് ഭാഗ്യമായി കരുതുകയാണ് പഴവീട് സ്വദേശിനി ജി മഹിളാമണി. പഴവീട്ടിലെ ശ്രീ കലാനിലയം എന്ന നൃത്ത വിദ്യാലയത്തിലെത്തുന്ന ശിഷ്യഗണങ്ങൾക്ക് നൃത്തത്തിന്റെ ആദി താളങ്ങൾ പകർന്ന്കൊടുക്കുമ്പോഴൊന്നുംമുഖത്തും മെയ് വഴക്കത്തിലും പ്രായത്തിന്റെ അവശതകളില്ല. ഉറക്കെ പാടുമ്പോഴുള്ള ശബ്ദത്തിലെ ഇടർച്ച ഈ ഇടയായി മാത്രമാണ്. മഹിളാമണി തന്റെ പന്ത്രണ്ടാം വയസ് മുതൽ തുടങ്ങിയതാണ് നൃത്തം പഠിപ്പിക്കൽ. അത് ഇപ്പോഴും തുടരുന്നു. ഇത് വരെ അയ്യായിരത്തോളം ശിഷ്യഗണങ്ങളിലേയ്ക്ക് നൃത്തകല പകർന്നു നൽകി.
വിവാഹം
മൂന്നു വര്‍ഷത്തെ ചെന്നൈ ജീവിതത്തിനു ശേഷം തിരികെ നാട്ടിലെത്തയ ശേഷം നൃത്ത അധ്യാപകനായ അമൃതം ഗോപിനാഥിന്റെ കീഴില്‍ പരിശീലനം തുടര്‍ന്നു. വിവിധയിടങ്ങളില്‍ മഹിളാമണിക്ക് വേദികള്‍ ലഭിച്ചു. തിരുവല്ല വെണ്ണിക്കുളത്തായിരുന്നു മഹിളാമണിയുടെ ജനനം.

15-ാം വയസ്സില്‍ വിവാഹം കഴിഞ്ഞതോടെ എട്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തേണ്ടി വന്നു. എന്നിരുന്നാലും നൃത്തത്തെ കൈവിട്ടില്ല. നൃത്തപരിശീലനം തുടര്‍ന്നതിനു പുറമെ നിരവധി കുട്ടികളെ നൃത്തം പഠിപ്പിക്കുകയും ചെയ്തു. മഹിളാമണി ടീച്ചറിന്റെ നൃത്തകമ്പം അറിഞ്ഞ ഭര്‍ത്താവും പൂര്‍ണ്ണ പിന്തുണ നല്‍കി. ഭര്‍ത്താവിന്റെ സഹായത്തോടെ ബാലെ ട്രൂപ്പ് ആരംഭിക്കുകയും ചെയ്തു. ഇതിനിടെ ആലപ്പുഴ ജവഹര്‍ ബാലഭവന്‍ സ്‌ക്കൂളില്‍ നൃത്ത അധ്യാപികയായി ജോലി ലഭിച്ചത് വളരെ സന്തോം നല്‍കിയെന്ന് ടീച്ചര്‍ പറയുന്നു. എന്നാല്‍ ആ സന്തോഷത്തിന് അല്‍പ്പായുസ്സായിരുന്നു.
പ്രതിസന്ധിയില്‍ തളരാതെ
27-ാം വയസ്സില്‍ ഭര്‍ത്താവിന്റെ മരണത്തോടെ മഹിളാമണി തീര്‍ത്തും ഒറ്റപ്പെട്ടു. മൂന്നു മക്കളുമായി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോഴും താങ്ങായി നിന്നത് നൃത്തം തന്നെയാണ്. രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു വരെ നീളുന്ന ജവഹര്‍ ബാലഭവനിലെ ജോലിക്കു പുറമേ മറ്റു കുട്ടകളേയും നൃത്തം പഠിപ്പിക്കാന്‍ തുടങ്ങി. അമ്മ ഗൗരികുട്ടി നല്‍കിയ മാനസീക പിന്‍ബലം ചെറുതല്ലായിരുന്നെന്ന് ടീച്ചര്‍ പറയുമ്പോള്‍ അറിയാതെ ശബ്ദമിടറി. പിന്നീട് വിവാഹാലോചനകള്‍ വന്നെങ്കിലും മക്കളുടെ ഭാവിയോര്‍ത്ത് അതെല്ലാം നിരസിച്ചു.
മൂന്നു മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക മാത്രമായിരുന്നു ലക്ഷ്യം. അതിനായി ഊണും ഉറക്കവും ഉപേക്ഷിച്ച് നൃത്തം പഠിപ്പിച്ചു. മക്കളെ ഞാന്‍ വളര്‍ത്തിയിട്ടില്ല. രാവിലെ അവര്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പ് ഡാന്‍സ് ട്യൂഷനെടുക്കാന്‍ പോകും. തിരികെ വീട്ടിലെത്തുമ്പോള്‍ കുട്ടികള്‍ നൃത്തം പഠിക്കാനായി എത്തിയിട്ടുണ്ടാകും. മത്സരങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ രാത്രി പത്തു മണി വരെ കുട്ടികളും അവരുടെ രക്ഷിതാക്കളും ഓര്‍ക്കസ്ട്രക്കാരുമെല്ലാം വീട്ടിലുണ്ടാകും. ഇവരെല്ലാം പോയതിനു ശേഷം മുറിയില്‍ ചെല്ലുമ്പോള്‍ കുട്ടികള്‍ ഉറങ്ങിയിട്ടുണ്ടാകും.

അമ്മയ്ക്ക് വേണ്ടി മക്കളും ഒരുപാട് അഡ്ജസ്റ്റ് ചെയ്തിട്ടിണ്ടെന്ന് ടീച്ചര്‍ പറയുന്നു. അയ്യായിരത്തിലധികം കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചിട്ടുണ്ടെങ്കിലും എന്റെ മക്കളെ നൃത്തം പഠിപ്പിച്ചിട്ടില്ല. രണ്ട് പെണ്‍മക്കളും നൃത്തം ചെയ്യും. അവര്‍ക്ക് സമ്മാനങ്ങളൊക്കെ ലഭിച്ചിട്ടണ്ട്. മകന്‍ നൃത്തം ചെയ്യില്ല. എന്നാല്‍ കമ്പോസ് ചെയ്യാന്‍ കൂടും. മൂത്തമകള്‍ ഗോമതി സരോജം സീ സ്റ്റഡ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥയാണ്. ഇളയമകള്‍ രാജരാജേശ്വരി അമ്പലപ്പുഴ സീ ഫുഡ് എക്‌സ്‌പോര്‍ട്ടിംഗ് കമ്പനി മാനേജരാണ്. ഇളയ മകന്‍ അജയ്കാന്ത് ഓപ്പണ്‍ ഡൈജസ്റ്റ് ഡിജിറ്റല്‍ മാഗസിന്‍ സിഇഒ ആയി വര്‍ക്ക് ചെയ്യുന്നു.
സിനിമ
സിനിമയില്‍ നിന്നും നിരവധി അവസരങ്ങള്‍ ടീച്ചറെ തേടിയെത്തി. നിണമണിഞ്ഞകാല്‍പ്പാടുകള്‍, ഒരു സുന്ദരിയുടെ കഥ, ആരോമലുണ്ണി, ജയില്‍ എന്നീ സിനിമകളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചു. ഷീല, ജയഭാരതി, ശാരദ എന്നിവരുടെയൊപ്പം അഭിനയിച്ചിട്ടുണ്ട്. ഉദയ സ്റ്റുഡിയോയില്‍ നിന്ന് ഡാന്‍സ് കോറിയോഗ്രാഫി ചെയ്യാന്‍ ക്ഷണിച്ചിട്ടുണ്ട്. 1995 ലാണ് ജവഹര്‍ ബാലഭവനില്‍ നിന്ന് വിരമിക്കുന്നത്. ശ്രീ കലാനിലയം സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ വീടിനോട് ചേര്‍ന്ന് നൃത്തവിദ്യാലയം ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണവും താങ്ങും തണലുമായി നിന്ന അമ്മയുടെ മരണവും കൂടുതല്‍ തളര്‍ത്തി. എന്നിരുന്നാലും വാശിയോടെ ജീവിച്ചു. ഇതു പറയമ്പോള്‍ മഹിളാമണി ടീച്ചറിന്റെ മുഖത്ത് ലാസ്യ രസങ്ങള്‍ മാഞ്ഞ് ആത്മാഭിമാനം നിറയും.