മെറിന്‍ ജി ബാബു ആലപ്പുഴക്കാരുടെ ‘തപാലു കുട്ടി’
മെറിന്‍ ജി ബാബു ആലപ്പുഴക്കാരുടെ പ്രീയപ്പെട്ട പോസ്റ്റ് വുമണ്‍. തോല്‍ക്കാന്‍ മനസ്സില്ലാത്തവള്‍, ആത്മ വിശ്വാസത്തിന്‍റെ പ്രതീകം, തീയില്‍ കുരുത്തവള്‍ മെറിന് വിശേഷണങ്ങളേറെയാണ്.
ജന്മനാ ബധിരയും മൂകയുമായ മെറിൻ, കഴിഞ്ഞ നവംബറിൽ മാരാരിക്കുളം പൊള്ളേത്തൈ പോസ്റ്റ് ഓഫിസിൽ ജോലിയിൽ പ്രവേശിച്ചത്. ആ ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ നാടിന്‍റേയും നാട്ടുകാരുടെയും പ്രീയങ്കരിയായി അവള്‍ മാറി കഴിഞ്ഞു.
വിധിയെ തോല്‍പ്പിച്ച തീരുമാനം
സംസാരിക്കാനോ കേൾക്കാനോ കഴിയാത്ത ഒരാള്‍ക്ക് പോസ്റ്റ് വുമണായിട്ട് ജോലികിട്ടിയപ്പോള്‍ എങ്ങനെ ആ ജോലിനോക്കുമെന്ന മറ്റുള്ളവരുടെ ആശങ്ക വളരെ വേഗം തന്നെ മെറിന്‍ മാറ്റിയെടുത്തു. മെറിന്‍റെ ഭാഷ വളരെ വേഗം തന്നെ അന്നാട്ടുകാരും പഠിച്ചെടുത്തു. അങ്ങനെ നാടിന്‍റെ ഓമനയായി മെറിന്‍ മാറി.
തിരുവനന്തപുരം ഗവ.പോളി ടെക്നിക് കോളജിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം അവിടെ ലാബ് അസിസ്റ്റന്റായി 3 വർഷം ജോലി ചെയ്തു. കോളജ് ജോലി ഉപേക്ഷിച്ച ശേഷം ഒരു വർഷം ഒരു സ്വകാര്യ ടെലികോം കമ്പനിയിലും മെറിൻ ജോലി ചെയ്തിരുന്നു. അതിനിടെയാണ് പോസ്റ്റ് വുമൺ ഒഴിവിലേക്ക് അപേക്ഷിച്ചത്.
കുടുംബം വിദ്യാഭ്യാസം
കൊല്ലം കൊട്ടാരക്കര കൊച്ചുചാമക്കാല വീട്ടിൽ ബാബു വർഗീസിന്റെയും അലക്സി ബാബുവിന്റെയും മകളാണ് മെറിൻ. 2017 ൽ കൊല്ലം പരവൂർ സ്വദേശി എം.എസ്.പ്രീജിത്തിനെ വിവാഹം കഴിച്ചു.
പ്രീജിത്തിനും സംസാരിക്കാനോ കേൾക്കാനോ സാധിക്കില്ല. ആലപ്പുഴ ജില്ലയിൽ ജോലിയിൽ പ്രവേശിച്ച് ആദ്യത്തെ ഒരു മാസം മെറിന്റെ അച്ഛനോ അമ്മയോ സഹോദരിയോ പ്രീജിത്തോ മെറിനു കൂട്ടുപോകുമായിരുന്നു. നാട്ടുകാർക്കെല്ലാം സുപരിചിതയായതോടെ ഒറ്റയ്ക്കായി തപാൽവിതരണം. കൊച്ചി ഇൻഫോ പാർക്കിലാണ് പ്രീജിത്തിനു ജോലി. പ്രീജിത്ത്- മെറിന്‍ ദമ്പതികളുടെ മകനാണ് മൂന്നുവയസ്സുകാരന്‍ ഡാനി.