കാക്കിക്കുള്ളിലെ പെൺകരുത്ത്; നാട്ടുകാരുടെ സല്യൂട്ട് നേടിയ വനിതാ എസ് ഐ
വാഹനങ്ങള്‍ക്ക് പിറകെ ഓടിത്തളര്‍ന്ന വിദ്യാര്‍ത്ഥികളെ പൊലീസ് ജീപ്പില്‍ പരീക്ഷസ്ഥലത്ത് എത്തിച്ച എസ് ഐ മഞ്ജു വി നായര്‍ക്ക് മലയാളികള്‍ മനസ്സില്‍ എത്ര സല്യൂട്ട് അടിച്ച് കാണും? ആ സല്യൂട്ട് മഞ്ജുവിന്റെ ജീവിതം കൊണ്ട് നേടിയതാണ്, വിധിയോട് പടപൊരുതിയ പെൺകരുത്തിന്റെ നന്മ കൊണ്ട്. കഷ്ടപ്പെട്ട് പഠിച്ച് പോലീസ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ മഞ്ജുവിനെ പോലെ ഒരാള്‍ക്ക് വിദ്യര്‍ത്ഥികളുടെയെന്നല്ല കഷ്ടപ്പെടുന്ന ഒരാൾക്ക് നേരെയു൦ മുഖംതിരിക്കാന്‍ സാധിക്കുകയില്ല.
കേള്‍ക്കുമ്പോള്‍ ഒരു സിനിമാ കഥ പോലെ വിചിത്രമായി തോന്നാ൦. അത്തരത്തിലുള്ള ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് ജീവിത വിജയം നേടിയ ആളാണ് ശൂരനാട് എസ് ഐ മഞ്ജു.വി.നായര്‍.
തന്നെ പറ്റിയുള്ള വാർത്തകൾ കാണുമ്പോൾ ചെറുപുഞ്ചിരി മാത്രവമാണ് മഞ്ജുവിന്. “സോഷ്യല്‍ മീഡിയയില്‍ വൈറല്‍
പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതല്ല. ഒത്തിരികഷ്ടപ്പെട്ടിട്ടാണ് ഇവിടം വരെ എത്തപ്പെട്ടത്. കുട്ടികളുടെ നിസ്സഹായത കണ്ട് അവരെ അവിടെ ഉപേക്ഷിച്ചിട്ട് പോകാന്‍ തോന്നിയില്ല”മഞ്ജു വ്യക്തമാക്കുന്നു. തന്റെ ജീവിതവും കടന്നു വന്ന വഴികളും ‘കൂട്ടുകാരി’യുമായി എസ് ഐ മഞ്ജു.വി.നായര്‍ പങ്കു വെയ്ക്കുന്നു.

ഫ്ലാഷ്ബാക്ക്
സര്‍ക്കാര്‍ ജോലി എന്തെന്ന് അറിയാത്ത സമയത്തും അതിന്റെ ആവശ്യകതയെ കുറിച്ച് കേട്ട് വളര്‍ന്ന ഒരാളാണ് ഞാന്‍. അച്ഛന് പെട്ടിക്കടയാണ്. അമ്മ കശുവണ്ടി ആപ്പീസ്ജോലിക്കാരിയും. അതില്‍ നിന്ന് കിട്ടുന്ന വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഞാനും അനിയത്തി അഞ്ജുവും പഠിക്കാന്‍ മിടുക്കികളായിരുന്നു. പെണ്‍കുട്ടികള്‍ എന്തിനാണ് ഇത്രയും പഠിക്കുന്നത് എന്ന ചിലരുടെ പറച്ചിലുകള്‍ക്ക് അച്ഛന്‍ ചെവികൊടുത്തിരുന്നില്ല. അച്ഛന് കഴിയുന്നിടത്തോളം ഞങ്ങളെ പഠിപ്പിച്ചു. എം.എസ്.ഇ, ബിഎഡും സെറ്റും നെറ്റും ഞാന്‍ പാസായിട്ടുണ്ട്. 23-ാം വയസിലായിരുന്നു വിവാഹം. ഭര്‍ത്താവിന് ബിസിനസ് ആയിരുന്നു. കുഞ്ഞ് ജനിച്ചതോടെ സര്‍ക്കാര്‍ ജോലി നേടണം എന്ന ലക്ഷ്യത്തില്‍ നിന്ന് അല്‍പം പിന്‍തിരിഞ്ഞു നിന്ന എനിക്ക് ധൈര്യവും പ്രോത്സാഹനവും നല്‍കി പി.എസ്.സി കോച്ചിംഗ് ക്ലാസിലേക്കയച്ചത് സഹോദരി അഞ്ജുവാണ്. അന്ന് അവള്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. കുഞ്ഞിന്‍റെ കാര്യങ്ങള്‍ നോക്കുവാന്‍ അവള്‍ പഠനം തല്‍ക്കാലത്തേക്ക് അവസാനിപ്പിച്ചു.അഞ്ജു ഇപ്പോള്‍ കുടുംബിനിയാണ്. അനിയത്തിയുടെ മുടങ്ങിയ പഠനം പുനരാംഭിക്കണ൦.

ട്രെയിനിംഗ്
ഞങ്ങളുടേത് ജനറല്‍ ബാച്ചായിരുന്നു. മിക്സഡ് ആയിട്ടായിരുന്നു പരിശീലനം. കുറച്ചുപേര്‍ അപ്പോള്‍ തന്നെ പരിശീലനം മതിയാക്കി പോയി. പുരുഷന്മാരുടെ ടാര്‍ഗെറ്റ് അച്ചീവ് ചെയ്യാന്‍ ഞങ്ങള്‍ ഏറെ കഷ്ടപ്പെട്ടു. ഫിസിക്കലി വളരെ ബുദ്ധിമുട്ടനുഭവപ്പെട്ടതായിരുന്നു ട്രെയ്‌നിംങ്. വലിയ മതിലുകള്‍ ചാടി കടക്കണമായിരുന്നു. എന്റെ ഉള്ളിലുള്ള അദൃശ്യശക്തി ഇതൊക്കെ മറികടക്കുവാന്‍ എനിക്ക് ധൈര്യം പകര്‍ന്നുകൊണ്ടിരുന്നു. പലരും ട്രെയിനിങ് അവസാനിപ്പിച്ച് പോയപ്പോള്‍ ഞങ്ങള്‍ 12 പേര്‍ മാത്രമായി തീര്‍ന്നു. ജോലിക്ക് കേറിയതിനുശേഷവും ജോലി മതിയാക്കി പോയവര്‍ ഉണ്ട്.
പാസ്സിംഗ് ഔട്ടിന് സ്റ്റാര്‍ നമുക്ക് പ്രിയപ്പെട്ടവരെ കൊണ്ട് വയ്പ്പിക്കാം. എനിക്ക് അച്ഛനാണ് അത് വെച്ചത്. അന്ന് അത് ഭയങ്കര വാര്‍ത്തയായിരുന്നു. മാധ്യമങ്ങള്‍ ഏറ്റെടുത്ത് ഹൃദയസ്പർശിയായ ക്യാപ്ഷനോടു കൂടി വാര്‍ത്ത വന്നതോടെ സോഷ്യല്‍ മീഡിയയും അതേറ്റെടുത്തു. അതൊക്കെ ഇപ്പോഴും നിധിപോലെ ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ഭര്‍ത്താവ് എനിക്ക് എപ്പോഴും നല്‍കുന്ന പിന്തുണ വളരെ വലുതാണ്. അതുകൊണ്ടാണ് എനിക്ക് ഇന്ന് പൊസിഷനില്‍ ഇരിക്കാന്‍ പറ്റിയത്. അല്ലെങ്കില്‍ മറ്റ് സ്ത്രീകളെപ്പോലെ അടുക്കളയില്‍ ഒതുങ്ങികഴിയേണ്ട ജീവിതമായേനെ എന്റേതും. ഞങ്ങള്‍ക്ക് പെൺകുഞ്ഞാണ്.
ഞാന്‍ കൈ വരിച്ച നേട്ടത്തില്‍ അഭിമാനമുണ്ട്. പന്തളത്തായിരുന്നു ആദ്യ പോസ്റ്റിംഗ്. ഇപ്പോള്‍ ശൂരനാട് സ്റ്റേഷനിലെ എസ്.ഐ ആണ്.24 മണിക്കൂര്‍ ഡ്യൂട്ടിയാണ്. സര്‍ക്കാര്‍ എന്നില്‍ ഏല്‍പ്പിച്ച ദൗത്യം പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കുന്നു. എന്നെപ്പോലുള്ള സ്ത്രീകള്‍ ഇത് പ്രചോദനമായി ഉള്‍ക്കൊണ്ട് മുന്നോട്ട് വരണം എന്നാണ് കരുതുന്നത്. നമ്മുടെ ആവശ്യമാണ് എല്ലാത്തിനും മുഖ്യമായ ഘടകം. അത് മറ്റ് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ നമ്മളെ പ്രാപ്തയാക്കുന്നു. ഏറ്റവും വലിയ അനുഗ്രഹം എന്റെ ഭര്‍ത്താവും കുുടംബവും ആണ്. അവര്‍ നല്‍കിയ, ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയ്ക്കും സ്നേഹത്തിനും മുന്നില്‍ കടപ്പെട്ടിരിക്കുന്നു.