രണ്ടാംവരവ് ആഘോഷമാക്കി ശശികല മേനോൻ
കാലം മാറി കോലോം ഞങ്ങളും ഒന്നുമാറി ആര്യ ദയായിലിന്റെ മ്യൂസിക് ആൽബം നവമാധ്യമങ്ങളിൽ വൈറലായപ്പോൾ കേരളസമൂഹം ഒന്നടങ്കം അന്വേഷിച്ചത് ഇത് ആരുടെ വരികൾ എന്നായിരുന്നു. അത്രമാത്രം കാവ്യാത്മകവും ഹൃദ്യമായിരുന്നു ആ വരികൾ. ഒരുകാലത്തു തന്റെ കാവ്യ രചനയിലൂടെ ദേവരാജൻമാസ്റ്റർ പോലും അത്ഭുതപ്പെടുത്തിയ പ്രതിഭ ശശികല വി മേനോൻ ആണ് ഈ വരികളുടെ സൃഷ്ടികർത്താവ്.
ശശികല മേനോൻ തന്റെ വിശേഷങ്ങൾ കൂട്ടുകാരിയോട് പങ്കുവയ്ക്കുന്നു.
പാട്ട് പിറന്ന കഥ
വനിതാ ശിശുക്ഷേമ വകുപ്പുനുവേണ്ടി ഒരു പാട്ട് എഴുതാമോ എന്നവശ്യപ്പെട്ടു ആര്യദയാൽ എന്റെ അടുക്കൽ എത്തി. സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം ആണ് എഴുത്തിനു സബ്ജക്റ്റ് ആയി അവർ ആവശ്യപ്പെട്ടത്. ആര്യയുടെ വാക്കുകളിൽ നിന്ന് അവർ എന്താണ് ഉദ്ദേശിക്കുന്നത് എന്നു മനസ്സിലായി. ഞാൻ എഴുതി. അത് കേരളക്കര നെഞ്ചിലേറ്റി. കുട്ടിക്കാലത്തു എനിക്ക് നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം, ഞാൻ അനുഭവിച്ച വേദന, സങ്കടം ഒക്കെ വാക്കുകൾ ആയി തൂലികയിലൂടെ പുറത്തുവന്നു. 20മിനിട്ട് കൊണ്ട് ഞാൻ ആ പാട്ടെഴുതി തീർത്തു. വൈറൽ ആയ ‘അങ്ങനെ വേണം’ എന്ന പാട്ടിന്റെരചനയെ കുറിച്ച് ശശികല മേനോൻ പറയുന്നു
ഫ്ലാഷ് ബാക്ക്
ഒൻപതാം ക്ലാസ്സ് വരെ നോർത്ത് പറവൂരിലെ ഒരു ഗ്രാമത്തിൽ മുത്തശ്ശനോടും മുത്തശ്ശിക്കുമൊപ്പം ആണ് താമസിച്ചിരുന്നത്. അരുതുകൾ മാത്രമായിരുന്നു അന്ന് ജീവിതത്തിൽ. ‘തൊട്ടതിനൊക്കെയും അശ്രീകരം ചൊല്ലി ചിട്ട പഠിപ്പിച്ച മുത്തശ്ശിയമ്മയെ കുറിച്ചു’ ഞാൻ മുൻപും എഴുതിയിട്ടുണ്ട്. ആ കാലത്ത് എനിക്കൊരുപാട് പറയാനുണ്ടായിരുന്നു, സ്വപ്നങ്ങളുമുണ്ടായിരുന്നു, പക്ഷേ മിണ്ടാൻ പറ്റില്ലായിരുന്നു. പക്ഷേ ഇപ്പോൾ കാലം മാറിയില്ലേ?”. അച്ഛൻ വിശ്വനാഥമേനോൻ സർക്കാർ ഓഫീസിൽ സെക്ഷൻ ഹെഡ് ആയിരുന്നു. പുസ്തക താളുകളിൽ കുറിച്ചിട്ടിരുന്ന കവിതകൾ അദ്ദേഹം ബാലപ്രസിദ്ധികരണങ്ങൾക്ക് അദ്ദേഹം അയച്ചു കൊടുത്തു. ദേവരാജൻ മാസ്റ്റർക്ക് എന്നെ പരിചയപ്പെടുത്തിയത് ഫോട്ടോഗ്രാഫറും സംവിധായകനുമായ എ.വിൻസെന്റ് മാസ്റ്റർ ആയിരുന്നു. അച്ഛന്റെ പരിചയക്കാരൻ ആയിരുന്നു അദ്ദേഹം. ഞാൻ എഴുതിയ കവിതകൾ അച്ഛൻ വിൻസെന്റ് മാസ്റ്ററെ കാണിച്ചു. മാസ്റ്റർ ദേവരാജൻ മാഷിനെയും , അങ്ങനെയാണ് ഗാനരചയിതാവായത്.
ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻമാഷ്, രാഘവൻ മാഷ്, അർജുനൻ മാഷ് എന്നിവർക്കൊപ്പം സിനിമാഗാനങ്ങളും നാടകഗാനങ്ങളുമൊക്കെ എഴുതി . പക്ഷേ കല്യാണത്തോടെ എനിക്ക് വിട്ടുനിൽക്കേണ്ടി വന്നു,എന്റെ കൂടെ വരാനൊന്നും ആരുമില്ലായിരുന്നു. എനിക്ക് ഒരു 20 വർഷം ഗ്യാപ് എടുക്കേണ്ടി വന്നു.” 15ൽ പരം ചിത്രങ്ങളിൽ ഗാനം എഴുതാൻ അവസരം കിട്ടിയിട്ടുണ്ട്.
എനിക്ക് ചിലത് പറയാനുണ്ട്
നിങ്ങൾ എന്താകാൻ ആഗ്രഹിക്കുന്നുവോ ആ പാതയിലൂടെ സധൈര്യം മുന്നേറുക. ലക്ഷ്യത്തിനായി നിങ്ങൾ തെരെഞ്ഞുക്കുന്ന മാർഗം സത്യമുള്ളതായിരിക്കണം എന്നുമാത്രം.
എന്തു ധരിക്കണം, എങ്ങനെ നടക്കണം എന്നത് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യമാാണ്. പട്ടും പൊന്നുമല്ല സ്ത്രീകളെ പൊതിയേണ്ടത്, സ്ത്രീകളെ സ്ത്രീകളായി കണ്ടാൽ മതി,” എന്നും പാട്ടിലൂടെ ശശികല പറയുമ്പോൾ തന്റെ രണ്ടാംവരവ് ഗംഭീരമായതിന്റെ സന്തോഷം ആ വാക്കുകളിൽ നിറഞ്ഞുതുളുമ്പുന്നു
കുടുംബം
മുതിർന്ന കോൺഗ്രസ് നേതാവും മുൻ ജിസിഡിഎ ചെയർമാൻ എൻ വേണുഗോപാലിന്റെ ഭാര്യയാണ് ശശികല മേനോൻ. രണ്ട് മക്കളാണുള്ളത്. മകൾ ലക്ഷ്മി വേണുജി മ്യൂസിക് പ്രോഗ്രാം കോർഡിനേറ്റർ ആണ്. മകൻ വിഗ്നേഷ് ബാംഗ്ലൂരിൽ ബിസിനസ് ചെയ്യുന്നു.