പൊരുതി നേടിയ വിജയം; താരോദയമായി ആലപ്പുഴയുടെ പെൺകരുത്ത്
ഭാവന ഉത്തമന്‍
തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ കിഴക്കിന്‍റെ വെനീസിന് തിലകകുറിയായി മാറിയ ദേശീയ ചൗക് ബോൾ താരം അമൃത ഷേർലി സൂരുകുമാര്‍. ജില്ലാതലം മുതൽ അങ്ങ് അന്താരാഷ്ട്രം വരെയുള്ള മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി 20 വയസ്സുമാത്രം പ്രായമുള്ള ഈമിടുക്കിയുടെ വിശേഷങ്ങളിലേക്ക്
ടേണിംഗ് പോയന്‍റ്
ഒട്ടും പ്രതീക്ഷിക്കാതെ കായിക രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് താൻ. G. H. S. S രാമപുരം സ്കൂളിൽ എട്ടാം തരത്തിൽ പഠിക്കുമ്പോഴാണ് ഈ മേഖലയിലേക്ക് കടന്നു വരുന്നത്. നല്ലവണ്ണം ഉള്ള ഒരാളായിരുന്നു ഞാൻ. അതുകൊണ്ട് വീട്ടുകാരുടെ നിർബന്ധത്തിന് അത് കുറയ്ക്കുവാൻ വേണ്ടിയാണ് യഥാർത്ഥത്തിൽ അത്‌ലറ്റിക് ഇനങ്ങളിൽ പങ്കെടുക്കുവാൻ തുടങ്ങിയത്. എനിക്ക് നല്ല പേടി ഉണ്ടായിരുന്നു.
എന്നെക്കൊണ്ട് സാധിക്കുമോ, വിജയിക്കാൻ കഴിയുമോ അങ്ങനെയൊക്കെ എന്നാൽ ഈ പേടിയൊക്കെ തട്ടി മറിച്ചു കൊണ്ടുള്ള ആദ്യവിജയം എനിക്ക് അത്ഭുതമായി മാറി. ഈ അത്ഭുതം പയ്യെ പ്രണയമായി. അന്നത്തെ പിറ്റി അധ്യാപകനായ സുഭാഷ് കുമാറാണ് എന്നെ ഈ മേഖലയിലേക്ക് കൈപിടിച്ചുയർത്തിയത്. അദ്ദേഹമാണ് എന്റെ പരിശീലകൻ.ഇവിടെ നിന്നുമാണ് എന്റെ ജീവിതം ആരംഭിക്കുന്നത്. സ്പോർട്സ് ഇനമായ ചൗക് ബോളി (Tchouk Ball)ലേക്ക് തിരിയുന്നത്.
ചൗക് ബോളിനെ കുറിച്ച്
ഹാൻഡ് ബോളും ബാസ്ക്കറ്റ്ബോളും കൂടി മിക്സഡ് ആയിട്ടുള്ള ഒരു കായിക ഇനമാണ് ചൗക് ബോൾ. ഒരു ടീമിൽ 12 ആളുകളുണ്ടാകും. അതുപോലെ എതിർ ടീമിലും ഇത്രയും തന്നെ അംഗബലം ഉണ്ടാകും
.7 പേരാകും ആദ്യം കളത്തിലിറങ്ങുക. ബാക്കിയുള്ള 4 പേർ സബ്സ്റ്റുട്ടായി നിൽക്കും. പന്ത് പിടിക്കാനും എറിയാനുള്ള കഴിവാണ് ഇതിൽ പ്രധാനം. ഇന്റർനാഷണൽ കായികമത്സരങ്ങളിൽ വരെയുള്ള പ്രധാന കായിക ഇനമാണ് ഇത്.
നേട്ടങ്ങള്‍
നിലവിൽ മത്സരിച്ച 9th സബ്ജൂനിയർ നാഷണൽ ചൗക് ബോൾ ചാമ്പ്യൻഷിപ്പ്,9th ജൂനിയർ നാഷണൽ ചൗക്ക് ബോൾ ചാമ്പ്യൻഷിപ്പ് ഫോർ ബോയ്സ് ആൻഡ് ഗേൾസ്,4th സീനിയർ സൗത്ത് സോൺ ചൗക്ക് ബോൾ ചാമ്പ്യൻഷിപ്പ്,8th സീനിയർ നാഷണൽ ചൗക്ക് ബോൾ ചാമ്പ്യൻഷിപ്പ്, എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും 9th വേൾഡ് ചൗക്ക് ബോൾ ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.
അവസരങ്ങൾ പാഴാക്കരുത്
ഈ മേഖലയ്ക്ക് കടന്നുവരുന്ന പുതിയ കൂട്ടുകാരോട് പറയാനുള്ളത്. ഒരിക്കലും അവസരങ്ങൾ ഉപേക്ഷിക്കരുത്. എനിക്ക് പണമില്ല. യാത്രചെയ്തു പോയി മത്സരിക്കാനുള്ള സാമ്പത്തികസ്ഥിതി കുടുംബത്തിനില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യുവാനുള്ള ബുദ്ധിമുട്ട്. ഇതൊന്നും നിങ്ങളുടെ അവസരങ്ങൾക്ക് തടസ്സമല്ല. എന്തും നേരിടാനുള്ള ധൈര്യമാണ് ആദ്യം ഉണ്ടാക്കിയെടുക്കേണ്ടത്. ഈ പ്രയാസങ്ങൾ ഒക്കെ വിജയത്തിലേക്കുള്ള ആത്മധൈര്യമാകണം. അപ്പോൾ കൈവരിക്കുന്ന നേട്ടങ്ങളൊക്കെ സാധാരണയിൽ കവിഞ്ഞ് മധുരിക്കും അതുറപ്പാണ്. ലക്ഷ്യം നേടിയെടുക്കും വരെ പരിശ്രമിക്കണം.
പരിഹസിക്കുന്നവര്‍ക്കുള്ള മറുപടി
എല്ലായിടവും ഒരു ഗ്രൂപ്പ് ഉണ്ടാകും. അതായത് പുരുഷന്മാരുടെ ഒരു ഗ്രൂപ്പ്, വിജയികളുടെ ഒരു ഗ്രൂപ്പ് അങ്ങനെ. പക്ഷേ എല്ലായിടത്തും ഞാൻ ഒറ്റയ്ക്കായിരുന്നു. പലരും എന്നെ പരിഹസിച്ചിട്ടുണ്ട്. ഒറ്റയ്ക്കായിട്ടുണ്ട്. എന്നാൽ ഇവരുടെയൊക്കെ പ്രവർത്തികൾക്ക് ഞാൻ മറുപടി നൽകിയത് എന്റെ ഓരോ മെഡലുകൾ കൊണ്ടാണ്. ചുറ്റും നിന്ന് കളിയാക്കാനും പരിഹസിക്കാനും ഒരുപാട് പേരുണ്ടാകും. അതൊന്നും കാര്യമാക്കണ്ട. അവരുടെ ഈ ചിന്തകളെയും പ്രവൃത്തിയെയും നേരിടേണ്ടത് ഒറ്റയ്ക്ക് പോരാടി വിജയിക്കുമ്പോഴാണ്. മറ്റുള്ളവർ എന്താണ് നമ്മളെ പറ്റി ചിന്തിക്കുന്നതെന്ന് നമ്മുടെ വിഷയമല്ല. നമ്മുടെ വിജയത്തിന് തടസ്സവുമല്ല.ഇന്ന് മോശമായി പറഞ്ഞവർ തന്നെ നാളെ നമ്മളെപ്പറ്റി നന്നായി പറയും. ഉറപ്പ്.
കിക്ക് ബോക്സിംഗിലും കരുത്ത് കാട്ടി
ചൗക്ക് ബോളിൽ മാത്രമല്ല കിക്ക് ബോക്സിംഗിലും തന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ് അമൃത.
Black Tigers Fighting Club ലെ നിലവിലെ മെമ്പർ കൂടിയാണ്. കേരള സ്റ്റേറ്റ് അമേച്ചർ കിക്ക് ബോക്സിംഗ് അസോസിയേഷൻ, കേരള സ്റ്റേറ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്, 2th കേരള സ്റ്റേറ്റ് കിക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്,3th കേരള സ്റ്റേറ്റ് കിക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്, എന്നീ മത്സരങ്ങളിലെല്ലാം തുടർച്ചയായി മെഡലുകൾ കരസ്ഥമാക്കി.
കുടുംബമാണ് ശക്തി
അച്ഛനാണ് എന്റെ ഹീറോ!. ജീവിതത്തിലുണ്ടാക്കുന്ന എന്ത് പ്രശ്നത്തെയും ഇത്രയും കൂളായി നോക്കിക്കാണുന്ന ഒരു വ്യക്തിയെ ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല. അച്ഛൻ എപ്പോഴും പറയും ” എന്ത് പ്രശ്നത്തെയും ഒരു പുഞ്ചിരിയോടെ നേരിടണം അതിനുള്ള പരിഹാരവും നമ്മൾ തന്നെയാണ്”. പലപ്പോഴും അച്ഛനെ ഈ വാക്കുകൾ എനിക്ക് പ്രചോദനമായിട്ടുണ്ട്. അതെ അച്ഛനാണ് എന്റെ റോൾ മോഡൽ. എന്റെ എല്ലാം.. എന്ത് വന്നാലും അമ്മയ്ക്ക് ഒറ്റ വാക്കേയുള്ളൂ ” നീ മുന്നോട്ടു പോ ഞാൻ പിന്നിലുണ്ട് ” ഈ വാക്കാണ് എന്റെ എക്കാലത്തെയും ധൈര്യം. എന്നെ “INTERNATIONAL PLAYER” എന്ന ലേബലിലേക്ക് കൊണ്ട് എത്തിച്ചത്. പല മത്സരങ്ങളിലും തളർന്നു മടിച്ചുനിന്ന എന്നെ നീ പരിശ്രമിക്ക്, ഈ ശ്രമമായിരിക്കും ഒരു പക്ഷേ നിന്റെ ലക്ഷ്യത്തിലേക്ക് നയിക്കുന്നതെന്ന് അമ്മ എപ്പോഴും പറയും. ഈ വാക്കാണ് എന്റെ ധൈര്യവും ആത്മവിശ്വാസവും എല്ലാം.
സ്പോർട്സും പഠനവും ഒരുപോലെ കൊണ്ടുപോകും
എൻജിനീയറിങ് കഴിഞ്ഞ് ഇപ്പോൾ AutoCAD ന് പഠിക്കുന്നു. സ്പോർട്സും ഒപ്പം എൻജിനീയറിങ്ങും ഒരുപോലെ കൊണ്ടുപോകുവാൻ ആഗ്രഹിക്കുന്നു. രണ്ടിനും തുല്യ പ്രാധാന്യം നൽകുന്നു. ഒന്നിന് വേണ്ടി ഒന്ന് ഉപേക്ഷിക്കുവാൻ കഴിയില്ല. ഇതുതന്നെയാണ് എന്റെ ജീവിതം.
ആലപ്പുഴ ജില്ലയിലെ ചേപ്പാട് സ്വദേശിയാണ് അമൃത. വിദേശത്ത് ജോലി ചെയ്യുന്ന സൂരുകുമാർ രാഘവന്റെയും ആയുർവേദ നേഴ്സായ ഷേർലി സൂരു കുമാറിനെയും മകളാണ്. സഹോദരി അമുത കാർഡിയോളജി വിദ്യാർഥിനിയാണ്.ഓരോ പെൺകരുത്തിനും അഭിമാനമായി മാറുകയാണ് മിടുക്കി.