സൂര്യകാന്തി ഇനി കേരളത്തിലും വിളയും; അഴകിൽ കൊരുത്ത കാർഷിക മുന്നേറ്റം

അഖില

സൂര്യകാന്തി കൃഷിയിൽ ലാഭം കൊയ്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ് ആലപ്പുഴക്കാരനായ സുജിത്. കേരളത്തിലിതുവരെ പരീക്ഷിച്ചിട്ടില്ലാത്ത കാര്‍ഷികവിളകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ സുജിത് കൃഷിചെയ്യുന്നത്. ഇതിന് തുടക്കം കുറിച്ചുകൊണ്ട് ആരംഭിച്ച സൂര്യകാന്തി കൃഷി കേരളം ഇരുകൈയോടെ ഏറ്റെടുത്തു. സൂര്യകാന്തി കൃഷിയുടെ സാധ്യതകൾ കൃത്യമായി ഉപയോഗപ്പെടുത്തി കേരളത്തിലെമ്പാടും ഇത് വ്യാപിപ്പിക്കാനാണ് സുജിത്ത് ലക്ഷ്യമിടുന്നത്.

“കാർഷിക മേഖലയിൽ വലിയൊരു മാറ്റം കൊണ്ടുവരാനാണ് ഞാൻ ശ്രമിക്കുന്നത്” സുജിത് പറയുന്നു. വളരെ ചെറുപ്പത്തിൽ തന്നെ കാർഷികമേഖലയിലേക്ക് കടന്നുവന്നയാളാണ് സുജിത്. സാമ്പത്തികമായി പ്രതിസന്ധി നേരിട്ട സമയത്താണ് കൃഷിയിലേക്ക് വരുന്നത്. പിന്നീട് വിദ്യാഭ്യാസ മേഖലയിലേക്ക് ശ്രദ്ധ തിരിഞ്ഞെങ്കിലും പൂര്‍ണ സംതൃപ്തി ലഭിക്കാത്തതിനാല്‍ തിരികെ കൃഷിയിലേക്ക് തന്നെ തിരിച്ചുവന്നതായും സുജിത്. അന്നുമുതൽ ഇന്നുവരെ കാർഷികമേഖലയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് സുജിത് മുന്നോട്ട് പോകുന്നത്.സൂര്യകാന്തി കൃഷി എന്ന ആശയം കുടുംബത്തിൽ അവതരിപ്പിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് ആശങ്കയാണ് ഉണ്ടായിരുന്നത്. കൃഷിയില്‍ നിന്ന് ലാഭം കൊയ്തപ്പോള്‍ കുടുംബത്തിന്റെയും ജനങ്ങളുടെയും പൂർണ പിന്തുണ ഇന്ന് സുജിത്തിന് ലഭിക്കുന്നു. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലില്‍ നിന്നുള്ളവര്‍ തോട്ടം കാണാനായി എത്തുന്നുണ്ട്. കാണികളില്‍ നിന്ന് ആളൊന്നിന് പത്ത് രൂപ ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമൊന്നും ഫീസ് ഏര്‍പ്പെടുത്തിയിരുന്നില്ല ജനപ്രവാഹം തുടര്‍ന്നപ്പോഴാണ് ഫീസ് ഈടാക്കിയതെന്നും സുജിത്ത് പറയുന്നു.

സൂര്യകാന്തി കൃഷി രീതി

സൂര്യകാന്തി കൃഷി ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കുകയെന്നതാണ്. കേരളത്തിൽ സൂര്യകാന്തി കൃഷിയ്ക്ക് വലിയ സാധ്യതയുണ്ട്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങൾ കൃഷിയ്ക്ക് വളരെ അനുയോജ്യമാണ്. വിത്തുകൾ ഓൺലൈനിൽ സുലഭമാണ്. വ്യത്യസ്തമായ ” സക്രാന്തി ” വിത്തുകളാണ് തിരഞ്ഞെടുത്തത്. പത്ത് കിലോ ആയി മാത്രമേ വിത്തുവാങ്ങാൻ ലഭിക്കു. എണ്ണായിരം രൂപയോളം വരും ഇതിന് വില. വിത്തുകൾ നേഴ്സറിയിൽ കൊണ്ടുപോയി കമ്പോസ്റ്റുമായി യോജിപ്പിക്കുന്നു.

രണ്ടാഴ്ച പ്രായമായ തൈകളാണ് നടാനായി ഉപയോഗിക്കുന്നത്. നടുന്നതിന് മുൻപായി ചാണകപ്പൊടി, കോഴിക്കാഷ്ടം, ചാരം എന്നിവ അടിവളമായി കൊടുക്കുന്നു. ഇത് നല്ല വിളവെളുടുപ്പിന് സഹായിക്കും. ചെടിനട്ട് അൻപത് ദിവസം കൊണ്ട് സൂര്യകാന്തിയിൽ പൂക്കൾ ഉണ്ടാകാൻ തുടങ്ങും.പത്തുദിവസം മാത്രമേ പൂക്കൾ ചെടിയിൽ നിൽക്കൂ

തൊണ്ണൂറ് ദിവസംകൊണ്ട് വിളവെടുപ്പിന് തയാറാകുന്നു. മണ്ണിന്റെ ഘടനയ്ക്കനുസരിച്ച് രാസവളങ്ങളും ജൈവവളങ്ങളും ഉപയോഗിക്കാം. വലിയ പരിചരണം ആവശ്യമില്ല. കീടങ്ങളുടെ ആക്രമണം പൊതുവെ സൂര്യകാന്തിയിൽ കുറവാണ്. തൊണ്ണൂറ് ദിവസമായ പൂക്കൾ മുറിച്ചെടുത്ത് വെയിലത്ത് വെച്ച് ഉണക്കി വിത്തുകൾ ശേഖരിച്ച ശേഷം മില്ലിൽ കൊടുത്തു ഓയിലാക്കുകയാണ് ചെയ്യുന്നത്. നാലരകിലോ വിത്തുകളിൽ നിന്ന് ഏകദേശം ഒരു കിലോയോളം എണ്ണം ലഭിക്കും.

സൂര്യകാന്തി കൃഷിയുടെ സാധ്യത

സൂര്യകാന്തി കൃഷി ചെയ്യുന്നതിനോടൊപ്പം ഇടവിളയായി മറ്റ് പച്ചക്കറികൾക്കൂടി നടുക. ഇത് ഒരേ സമയം പതിന്മടങ്ങ് ലാഭം നേടാൻ സഹായിക്കും. സൂര്യകാന്തി കൃഷി ചെയ്യുന്ന സമയത്ത് ടൂറിസ്റ്റുകളെ കാണിച്ചുകൊണ്ടുള്ള വരുമാനവും ലഭിക്കും. പല സ്ഥലങ്ങളിൽ നിന്നും ഫോട്ടോഷൂട്ടിനായി ആളുകൾ വരുകയും , ഒപ്പം സൂര്യകാന്തിയിൽ നിന്നും എണ്ണയും ലഭിക്കുന്നു. ഇത് കൃഷി ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നു.

സൂര്യകാന്തിയുടെ പരീക്ഷണ ഘട്ടത്തിൽ തന്നെ നഷ്ടം ഉണ്ടാകാത്ത രീതിയിലാണ് കൃഷി ആരംഭിച്ചത്. സൂര്യകാന്തിയുടെ ഇടവിളയായി ചീര, വെള്ളരി എന്നിവകൂടി നട്ടിരുന്നു.ആദ്യം രണ്ടേക്കറിലാണ് കൃഷി തുടങ്ങിയത് പിന്നീട് അതിനോടൊപ്പം ഒരേക്കറിൽക്കൂടി കൃഷി ചെയ്തു. ഇപ്പോൾ ഒരേക്കറിൽ അര്‍ത്തുങ്കല്‍ പള്ളിയുടെ സമീപത്തായാണ് സൂര്യകാന്തി കൃഷി ചെയ്തിരിക്കുന്നത്. പള്ളി പെരുന്നാളുമായി ബന്ധപ്പെട്ടാണ് അവിടം കൃഷിയ്ക്ക് തിരഞ്ഞെടുത്തതെന്ന് സുജിത്ത് പറയുന്നു. മിക്സഡ് ഫാം രീതിയാണ് സുജിത് കൃഷിയിൽ പിന്തുടരുന്നത്. ആട് , താറാവ് , കോഴി , പശു , മത്സ്യം തുടങ്ങിയവും എല്ലാവിധ പച്ചക്കറികളും നെൽകൃഷി ( വസുമ തി , ബൊക്കാളി) യും സുജിത്തിന്റെ കൃഷിയിൽ സംയോജിപ്പിച്ചിരിക്കുന്നു. കൃഷിയിൽ നിന്നും ലഭിക്കുന്ന വിളകൾ കൃഷിവകുപ്പിന് കീഴിലുള്ള വിപണികളിലും കാർഷിക ഗ്രൂപ്പുകളിലുമായാണ് വിപണനം നടത്തുന്നത്. സുജിത്തിന് താങ്ങായി സുഹൃത്തുക്കളും കൃഷിവകുപ്പും ഒപ്പമുണ്ട്.

സുജിത്തിന്റെ കൃഷിരീതിയിൽ പ്രചോദനം ഉൾക്കൊണ്ട് കേരളത്തിന്റെ പലഭാഗത്തുനിന്നും കൃഷിരീതിയെക്കുറിച്ച് അറിയാനും സൂര്യകാന്തിയുടെ വിത്തുകൾക്കുമായി വിളികൾ വരുന്നുണ്ട്. സൂര്യകാന്തി കൃഷിയുടെ അടുത്ത ഘട്ടത്തിനായുള്ള തയാറെടുപ്പിലാണ് സുജിത്. എറണാകുളം ജില്ലയിലെ എയർപോർട്ടിന് സമീപത്തായാണ് അടുത്ത സൂര്യകാന്തി കൃഷിയ്ക്ക് ഒരുങ്ങുന്നത്. കേരളത്തിലുടനീളം സൂര്യകാന്തി കൃഷി ആരംഭിക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം. എല്ലാ ജില്ലകളിലും നടപ്പിലാക്കാൻ സാധിച്ചാൽ കാർഷികമേഖലയിൽ വലിയൊരു മാറ്റം ഉണ്ടാകും എന്നാണ് സുജിത്തിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!