ഓര്‍മ്മകളിലിന്നും മഞ്ഞള്‍പ്രസാദമായി മോനിഷ
സൂര്യ സുരേഷ്
കാലത്തിന് നികത്താനാകാത്ത നഷ്ടങ്ങളില്ലെന്ന് പറയാറുണ്ട്. എന്നാല്‍ ചിലരുടെ വേര്‍പാട് വര്‍ഷങ്ങള്‍ക്കിപ്പുറവും മനസ്സിനെ നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും. അത്തരത്തില്‍ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന മുഖമാണ് മോനിഷയുടേത്. കാലമെത്ര കഴിഞ്ഞാലും വിങ്ങലോടെ മാത്രമെ അവരെ നമുക്ക് ഓര്‍ക്കാനാവൂ. മരണശേഷവും ഇത്രയും വേദനയോടെ ഓര്‍മ്മിക്കുന്ന മറ്റൊരു കലാകാരി വേറെയില്ല. മോനിഷ ഓര്‍മ്മയായിട്ട് ഇന്നേക്ക് 28 വര്‍ഷം.
ആയിരം കഥകള്‍ പറയുന്ന വിടര്‍ന്ന കണ്ണുകളും ഇടതൂര്‍ന്ന മുടിയുമായി മലയാളത്തിലേക്ക് കടന്നുവന്ന ശാലീനസൗന്ദര്യം. ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങളായിരുന്നു മോനിഷയുടെ ആദ്യ മലയാളചിത്രം. കുടുംബസുഹൃത്തായിരുന്ന എം.ടി. വാസുദേവന്‍ നായരാണ് സിനിമയിലേക്കുളള കടന്നുവരവിന് വഴിയൊരുക്കിയത്. നഖക്ഷതങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുളള ദേശീയ പുരസ്‌ക്കാരവും മോനിഷയെ തേടിയെത്തി. അതും വെറും പതിനഞ്ചാമത്തെ വയസ്സില്‍. പിന്നീട് ഋതുഭേദം, ആര്യന്‍, അധിപന്‍, പെരുന്തച്ചന്‍, കാഴ്ചയ്ക്കപ്പുറം, വേനല്‍ക്കിനാവുകള്‍, കമലദളം, ചമ്പക്കുളംതച്ചന്‍ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച നായികമായിരൊളായി.
ജിഎസ് വിജയന്റെ ചെപ്പടിവിദ്യ എന്ന ചിത്രം പൂര്‍ത്തിയാക്കുന്നതിന് മുമ്പെയാണ് കാറപകടത്തില്‍ മോനിഷ ലോകത്തോടു വിടപറയുന്നത്. 1992 ഡിസംബര്‍ അഞ്ചിന് ചേര്‍ത്തലയിലുണ്ടായ വാഹനാപകടത്തില്‍ മോനിഷ മരിക്കുമ്പോള്‍ പ്രായം വെറും 21 വയസ്സ്.