പാലക്കാടന്‍ സുന്ദരി മലമ്പുഴ കവ
പാലക്കാട് ടൗണിൽ നിന്നും ഏകദേശം 14km ദൂരമുണ്ട് കവ എന്ന കിടിലൻ സ്ഥലത്തേക്ക്. കവയെ കുറിച്ച് വര്‍ണ്ണിച്ചാല്‍ പെട്ടെന്നൊന്നും തീരില്ല. അത്രക്ക് സുന്ദരമാണ്. മലമ്പുഴയിൽ നിന്ന് അധിക ദൂരമില്ല കവ എന്ന സുന്ദരമായ ഭൂമിയിലേക്ക്. പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്തു സ്ഥിതി ചെയ്യുന്ന ഈ ഭൂമി അതിസുന്ദരിയാണ്. കരിമ്പനകളും ജലാശയവും ഉരുണ്ടു കൂടിയ മേഘപാളികളും അസ്തമയ സൂര്യന്റെ ശോഭയുമെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളെ അതിയായി ആകർഷിക്കും.
നെല്ലിയാമ്പതിയുടെ ഹൈറേഞ്ച് സൗന്ദര്യം കഴിഞ്ഞാൽ പാലക്കാട് ഏറ്റവും മനോഹരമായ സ്ഥലം കവ എന്ന മലമ്പുഴ ഡാമിന്റെ വൃഷ്ട്ടി പ്രദേശമാണ്, ഒരുകാലത്തു മലയാള സിനിമ മിക്ക ഗാന രംഗങ്ങളും ചിത്രീകരിച്ചത് ഇവിടെ ആണ്. ഈ അടുത്ത് ഒടിയൻ സിനിമ യുടെ ചില ഭാഗങ്ങളും ഇവിടെ ഷൂട്ട് ചെയ്തിരുന്നു.
മലമ്പുഴയിൽ നിന്ന് ഏകദേശം അഞ്ചര കിലോമീറ്റര് മാത്രമാണ് കവയിലേക്കുള്ള ദൂരം. അതുകൊണ്ടു തന്നെ മലമ്പുഴ സന്ദർശിച്ചിട്ട് കവ എന്ന മനോഹരമായ സ്ഥലം കാണാതെ മടങ്ങുന്നത് വലിയ നഷ്ടമാണ്. വനംവകുപ്പിന്റെ അധീനതയിലുള്ള പ്രദേശമാണിത്. കാടും പാറകളും പിന്നിട്ടു കുറച്ചു ദൂരം കഴിയുമ്പോൾ ഈ സുന്ദരമായ ഭൂമിയിലെത്തും. ഇവിടുത്തെ സൂര്യാസ്തമയത്തിനു ഒരു പ്രത്യേക അഴകാണ്. ജലാശയത്തിനടിയിലേക്കു സൂര്യൻ മറയുന്നതു വരെ ആ കാഴ്ച കണ്ടുകൊണ്ടു ഇരിക്കാം. ആ അനൂഭൂതി സമ്മാനിക്കുന്ന സുഖത്തെ പറഞ്ഞറിയിക്കുക തന്നെ പ്രയാസകരമാണ്.
പാലക്കാട് നഗരത്തിന് സമീപം ഒലവക്കോട്ട് നിന്ന് മലമ്പുഴ ഡാമിനെ ചുറ്റിപ്പോകുന്ന പാതയിലൂടെയാണ് കവയിലെക്കുള്ള വഴി. മലമ്പുഴയിലെ ജലാശയത്തെചുറ്റിയുള്ള മലകളുടെ താഴ്‌വാര ഗ്രാമമാണവിടം.
നിരവധി സിനിമകൾ ഇവിടെ ചിത്രീകരിച്ചുട്ടുണ്ട്. മലയാള സിനിമക്കാരുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണ് മലമ്പുഴ കവ. പാലക്കാട് വരുന്നവർ തീർച്ചയായും കാണേണ്ട സ്ഥലങ്ങളിൽ ഒന്നുകൂടിയാണ് മലമ്പുഴ കവ. സമാധാനപരമായ ബൈക്ക്, സൈക്കിൾ സവാരികൾക്കും മനോഹരമായ ഫീലാണ് കവ…
അമീര്‍