കുട്ടികളിൽ സമ്പാദ്യശീലം വളർത്താം : കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതി
കുട്ടികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരളബാങ്ക് ആവിഷ്കരിച്ച വിദ്യാനിധി നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഈയൊരു സമ്പാദ്യശീലത്തിലൂടെ ഭാവി പഠന ആവശ്യങ്ങൾക്ക് ഈ പണം ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ കുട്ടികളെ പ്രാപ്തരാക്കുകയാണ് കേരള ബാങ്ക് ലക്ഷ്യമിടുന്നത്. കൂടാതെ ചെറുപ്രായം മുതൽ കുട്ടികളെ കേരള ബാങ്കുമായി ബന്ധിപ്പിക്കുവാനും അതുവഴി ഭാവിയിൽ കൂടുതൽ പേരിലേക്ക് വളരുവാനും കേരളബാങ്ക് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു.
വിദ്യാനിധി പദ്ധതിയുടെ പ്രയോജനം ആർക്ക്?
സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി ആവിഷ്കരിച്ച പദ്ധതിയാണ് വിദ്യാനിധി. ഏഴു മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഈ പദ്ധതിയിൽ അംഗങ്ങളാകാം. കൂടാതെ 12 മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സ്വന്തം പേരിൽ കേരള ബാങ്കിൽ സേവിങ്സ് ബാങ്ക് തുടങ്ങാനാവും.
ലഭ്യമാകുന്ന ആനുകൂല്യങ്ങൾ
കേരള ബാങ്കിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കുന്ന വിദ്യാർഥികൾക്ക് നിരവധി ആനുകൂല്യങ്ങളാണ് നൽകുന്നത്. സൗജന്യ എസ്എംഎസ്, സൗജന്യ ഡിഡി ചാർജ്, സൗജന്യ ആർടിജിഎസ്, എൻഇഎഫ്ടി, ഐഎംപിഎസ് സേവനങ്ങൾ, വിദ്യാഭ്യാസ വായ്പകൾക്ക് മുൻഗണന, സൗജന്യ സർവീസ് ചാർജ്, സൗജന്യ എ.ടി.എം കാർഡ്, മൊബൈൽ ബാങ്കിംഗ് സൗകര്യം തുടങ്ങി നിരവധി സേവനങ്ങളാണ് ലഭിക്കുന്നത്. കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ സ്കോളർഷിപ്പുകളും ഈ അക്കൗണ്ട് വഴി ലഭ്യമാകും.
രക്ഷകർത്താവിന് സ്പെഷ്യൽ പ്രിവിലേജ് അക്കൗണ്ട്
പദ്ധതിയിൽ അംഗമാകുന്ന കുട്ടികളുടെ രക്ഷകർത്താവിന് സ്പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് കേരള ബാങ്കിൽ ആരംഭിക്കുവാനാകും. ഇതിലൂടെ എല്ലാവിധ സാധാരണ ഇടപാടുകളും നടത്താവുന്നതാണ്. രണ്ട് ലക്ഷം രൂപ വരെയുള്ള അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനോടൊപ്പം ആദ്യവർഷ പ്രീമിയവും ബാങ്ക് നൽകും.

