വർക്ക്‌ ഫ്രം ഹോമിന് നിയമപരിരക്ഷ നൽകാൻ കേന്ദ്രസർക്കാർ

2020 മഹാമാരിയുടെ വ്യാപന സാഹചര്യത്തിൽ രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജീവനക്കാർ വർക്ക് ഫ്രം ഹോം രീതിയിൽ ജോലിചെയ്തുവരികയാണ്. എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും ഇവരിൽ വലിയൊരു വിഭാഗം ആളുകളും ഇനിയും ഓഫീസുകളിൽ എത്തിയിട്ടില്ല. തൊഴിൽമേഖലയിൽ ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുന്നതിനാൽ വർക്ക് ഫ്രം ഹോമിന് നിയമപരിരക്ഷ നൽകാൻ വേണ്ട നടപടികൾ തുടങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ.

ജീവനക്കാരുടെ തൊഴിൽ സമയത്തിൽ കൃത്യമായ ഒരു നയം അടക്കമുള്ള പരിഷ്കാരങ്ങൾ കൊണ്ടുവരികയാണ് ഈ നിയമപരിരക്ഷയുടെ ലക്ഷ്യം. വീടുകളിലിരുന്ന് ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി, ഇന്റർനെറ്റ് ചെലവുകൾ തുടങ്ങി എല്ലാകാര്യത്തിനും നിയമവ്യവസ്ഥകൾ തയ്യാറാക്കിയേക്കും.നിലവിൽ ഇന്ത്യയിൽ വർക്ക്‌ ഫ്രം ഹോം, ഓൺലൈൻ ജോലികൾ എന്നിവ സംബന്ധിച്ച് കൃത്യമായ വേതന വ്യവസ്ഥകളില്ല. ഈ വർഷം ആദ്യമാണ് വർക്ക്‌ ഹോമിന് നിയമ സാധുത നൽകിക്കൊണ്ട് സർക്കാർ സ്റ്റാൻഡിംഗ് ഓർഡർ നൽകിയത്.

വർക്ക്‌ ഫ്രം ഹോമിലേക്ക് മാറിയെങ്കിലും ദൈനംദിന പ്രവർത്തനങ്ങൾ വലിയ മുടക്കമില്ലാതെ നടന്നുവെന്നാണ് ഭൂരിപക്ഷം കമ്പനികളുടെയും അഭിപ്രായം.നിലവിൽ വീട്ടമ്മമാർ അടക്കമുള്ള വനിതാ ജീവനക്കാരാണ് വർക്ക്‌ ഫ്രം ഹോം രീതി കൂടുതൽ ഉപയോഗപ്പെടുത്തുന്നത്. ഇതിനിടയിൽ വർക്ക് ഫ്രം ഹോം സംവിധാനത്തെ സംബന്ധിച്ച് ജീവനക്കാർക്കിടയിൽ നടത്തിയ ഓൺലൈൻ സർവേകളിൽ ഓഫീസിലും വർക്ക്‌ ഫ്രം ഹോമിലുമായി ജോലി തുടരുവാനുള്ള താല്പര്യമാണ് പ്രകടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *