അപൂര്‍വ്വയിനം വജ്രങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സൂപ്പര്‍ മാസ്ക് ; വില പതിനൊന്ന് കോടി
വെള്ളയും കറുപ്പും നിറത്തിലുള്ള 3,608 ഡയമണ്ടുകളും സ്വർണവും ഉപയോഗിച്ച് നിര്‍മ്മിച്ചൊരു മാസ്ക്. പതിനൊന്ന് കോടിയോളം വിലവരുന്ന ഈ മാസ്കിന്‍റ നിര്‍മ്മിച്ച് സൗദിയിലാണ്.റിയാദിൽ നടക്കുന്ന റിയാദ് സീസണിലെ പ്രധാന വേദികളിൽ ഒന്നായ റിയാദ് ഫ്രണ്ടിലെ ജ്വല്ലറി സലൂൺ പ്രദർശന മേളയിലാണ് മാസ്ക് പ്രദർശനത്തിനെത്തിയത്. അമേരിക്കയിലെ ലൊസാഞ്ചലസിൽ കഴിയുന്ന സമ്പന്നന്റെ ഉടമസ്ഥതയിലാണ് ഈ മാസ്ക്.
അമേരിക്കൻ വജ്രാഭരണ ബ്രാൻഡായ ‘ഇവൽ’ ജ്വല്ലറിയാണ് കോടികളുടെ ഈ മാസ്ക് നിർമ്മിച്ചത്. കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനുമായ ഇസാഖ് ലെവി മാസ്ക് ഡിസൈൻ ചെയ്തു. വജ്ര, സ്വർണ പണി രംഗത്തെ 41 കലാകാരന്മാർ ഒൻപത് മാസം സമയമെടുത്താണ് മാസ്ക് നിർമിച്ചത്.
മൂന്ന് പാളികളിൽ തീർത്ത മാസ്കിന്റെ ആദ്യ പാളി പൂർണമായും അപൂർവയിനം വജ്രം ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്. രണ്ടാം പാളി എൻ 99 മാസ്കും മൂന്നാം പാളി ഫിൽട്ടറുമാണ്. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരവും നേടിയിട്ടുണ്ട് ഈ സൂപ്പർ മാസ്ക്