അന്ന ബെന്നും ജയസൂര്യയും മികച്ച താരങ്ങൾ

51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച ചിത്രം. ജോമോൻ ജേക്കബ്, സജിൻ എസ് രാജ്, വിഷ്ണു രാജൻ, ഡിജോ അഗസ്റ്റിൻ എന്നിവരാണ് നിർമാതാക്കൾ. നിർമാതാവിനും സംവിധായകനും രണ്ടുലക്ഷം രൂപ വീതവും ശിൽപ്പവും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. ആൺകോയ്മയുടെ നിർദയമായ അധികാരപ്രയോഗങ്ങളെ ഒരു പെൺകുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷമമായി അടയാളപ്പെടുത്തിയ ചിത്രമാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

സെന്ന ഹെഡ്നേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയമാണ് മികച്ച രണ്ടാമത്തെ ചിത്രം. പുഷ്കര മല്ലികാർജുനയ്യയാണ് ചിത്രത്തിന്റെ നിർമാതാവ്.

വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്കാരം നേടി. കപ്പേളയിലെ അഭിനയത്തിന് അന്ന ബെൻ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപ വീതവും ശിൽപ്പവും പ്രശസ്തിപത്രവും ലഭിക്കും.

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം. സിദ്ധാർത്ഥ് ശിവയാണ് മികച്ച സംവിധായകൻ (ചിത്രം-എന്നിവർ) . എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുധീഷ് മികച്ച സഹനടനുള്ള പുരസ്കാരം നേടി. ശ്രീരേഖയാണ് മികച്ച സ്വഭാവനടി (ചിത്രം-വെയിൽ)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്- ഷോബി തിലകൻ, മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ)- റിയാ സൈറാ, മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്- റഷീദ് അഹമ്മദ്.മികച്ച കലാസംവിധാനം-സന്തോഷ് ജോൺ, മികച്ച ചിത്രസംയോജകൻ- മഹേഷ് നാരായണൻ, മികച്ച പിന്നണി ഗായിക- നിത്യ മാമൻ. മികച്ച സംഗീത സംവിധായൻ-എം ജയചന്ദ്രൻ. മികച്ച ഗാനരചയിതാവ് അൻവർ അലി, മികച്ച തിരക്കഥാകൃത്ത്- ജിയോബേബി, മികച്ച ബാലതാരം (ആൺ) നിരഞ്ജൻ. എസ്, മികച്ച നവാഗത സംവിധായകൻ – മുഹമ്മദ് മുസ്തഫ, മികച്ച ഗാനാലാപത്തിന് പ്രത്യേക അവാർഡ് നാഞ്ചിയമ്മയ്ക്കും അവാർഡ്. നളിനി ജമീലയ്ക്ക് വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാർഡ്.മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്നം, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ജൂറി അംഗങ്ങൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *