യാത്രികരെ മാടി വിളിച്ച് ഇടുക്കിയുടെ വന്യസൗന്ദര്യം

സുനീര്‍ ഇബ്രാഹിം

എത്ര കണ്ടാലും മതി വരാത്ത സൗന്ദര്യം ആണ് ഇടുക്കിക്ക്…എത്ര പോയാലും മടുക്കില്ല…
ഇടുക്കി അങ്ങനെ ആണ്..എത്ര പോയാലും കണ്ടാലും മതി വരില്ല. ഓരോ പ്രാവശ്യവും ഓരോ അനുഭവങ്ങളും കാഴ്ചകളും സന്തോഷങ്ങളും സമ്മാനിക്കും.

പലരുടെയും ഇടുക്കി യാത്രകൾ പലപ്പോഴും മൂന്നാറിലും, ചിന്നാറിലും, മറയൂരിലും, ടോപ്സ്റ്റേഷനും, മാട്ടുപ്പെട്ടി ഏറിയാൽ കാന്തല്ലൂർ ഇവിടം വരെ ചെന്ന് അവസാനിക്കും. പിന്നെ പതിയെ തിരിച്ചു വരും. പക്ഷെ പലരും ഇടുക്കി എന്ന മിടുക്കിയായ സുന്ദരിയെ മുഴുവൻ ആയി കാണാറില്ല, അല്ലെങ്കിൽ അതിനു സമയം കിട്ടാറില്ല. ഇടുക്കി അങ്ങു നീണ്ടു നിവർന്നു കിടക്കുകയാണ് രണ്ടു കൈയും നീട്ടി..

ആനയിറങ്ങൽ ഡാമും പൂപ്പാറയും രാജകുമാരിയും രാജാകാടും കണ്ട് പൊന്മുടി ഡാമിൽ പോയിട്ടുണ്ടോ?

ഉരുക്കു വടങ്ങളിൽ അള്ളി പിടിച്ചു കിടക്കുന്ന പൊന്മുടി തൂക്കുപാലത്തിലൂടെ ബൈക്കു ഓടിച്ചിട്ടുണ്ടോ?..

സേനാപതിയിലെ സ്വർഗ്ഗമേടും, സുഗന്ധം പരത്തുന്ന ഏലതോട്ടങ്ങളും കാഴ്ചകളും കണ്ടിരുന്നോ?..

ആകാശത്തെ ചുംബിച്ചു നിൽക്കുന്ന ചെറു പട്ടണമായ ബോഡിമെഡ് , അവളുടെ തമിഴനായ ഭർത്താവ് ബോഡിനായകന്നൂർ, അങ്ങോട്ടുള്ള ബോഡിഹിൽസിലൂടെ ഉള്ള രസകരമായ 20 km റൈഡ്!

ദേവികുളവും ഗ്യാപ് റോഡ് വഴി സൂര്യനെല്ലിക്കും കൊളുക്കുമലക്കും പോയിട്ടുണ്ടോ?
ഇനിയും ഒരുപാടുണ്ട്….ഇതൊക്കെ ഒരിക്കൽ എങ്കിലും കാണണം, അനുഭവിക്കണം.

 ഇടുക്കി യാത്ര ഒരിക്കലും നിരാശ തരില്ലെന് ഉറപ്പായിരുന്നു. ഒരു സ്ഥലം ഇല്ലെങ്കിൽ വേറെ ഒന്ന്. സഞ്ചാരിക്കു ഒരിക്കലും വെറും കൈയോടെ മടങ്ങേണ്ടി വരില്ല. ഇടുക്കി കാഴ്ചകളുടെ ഒരു പാക്കേജ് തന്നെ ആണ് നൽകുക. മലയാളി കാഴ്ചകൾ തേടി മറുനാട്ടിൽ പോകുമ്പോൾ ദേ നമ്മുടെ മൂക്കിന് താഴെ  ഇടുക്കിയുടെ മാസ്മരികത അനുഭവിക്കാൻ മറക്കുന്നു..

വേനൽ ചൂടിൽ പൊള്ളി പണ്ടാരമടങ്ങി ഇരിക്കുമ്പോൾ ഇടുക്കി എന്ന ഉൾവിളി വന്നു. ഇടുക്കിയിലെ കാലാവസ്ഥ നോക്കിയപ്പോൾ രാത്രി 17 deg കാണിക്കുന്നുണ്ട്. ഒന്നും ആലോചിക്കേണ്ടി വന്നില്ല, വള്ളവും വലയും എടുത്ത് ( ബുള്ളറ്റും ജാക്കറ്റും) നട്ടുച്ചയ്ക്ക് ഇടുക്കിക്ക് വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

സൂര്യൻ കത്തിയെരിയുന്നുണ്ടായിരു ന്നെങ്കിലും ബുള്ളറ്റ് ‘ജയ് ഹോ’ വിളിച്ചു പാഞ്ഞു. ദാഹം തീർക്കാൻ വഴിയിൽ ഒരു കടയിൽ കയറി. പതഞ്ഞു പൊങ്ങിയ ഉപ്പ് സോഡക്കൊപ്പം നാട്ടുവിശേഷങ്ങളും കത്തിക്കയറി. ചർച്ചക്ക് കൊഴുപ്പ് കൂട്ടാൻ പ്രളയ വിഷയം തോണ്ടിയിട്ടു. അതവസാനം സ്വരുമയോടെ കട നടത്തിവന്ന ആ രണ്ട് ചേച്ചിമാരെ സ്വരച്ചേർച്ചയില്ലായ്മയിൽ കൊണ്ടെത്തിച്ചു. സീൻ കോൺട്രയാവുന്നതിനു മുൻപ് സ്ഥലം വിടുന്നതാണ് നല്ലതെന്ന് തോന്നി.

നേര്യമംഗലം എത്തിയതോടെ ചൂടിന് ഒരു ആശ്വാസം തോന്നി. കാറ്റിന്റെ കുളിർമ കൂടെ ആയപ്പോൾ ട്രിപ്പ്‌ രസകരമായി തുടങ്ങി. അടിമാലി എത്തിയപ്പോഴേക്കും വിശപ്പിന്റെ വിളി വന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. അടുത്തു കണ്ട വെജിറ്റേറിയൻ ഹോട്ടലിൽ കയറി വിഭവ സമൃദ്ധമായ ഒരു ഊണ് കഴിച്ചു. മെയ്യും മനസ്സും നിറഞ്ഞു മൂന്നാറിലേക്ക് വച്ചു പിടിച്ചു. മലയും മരങ്ങളും കണ്ടു മൂന്നാറിലെത്തി. പ്രതീക്ഷിച്ചതിലും നല്ല തണുപ്പുണ്ടായിരുന്നു. ഹൈഡൽ പാർക്കിനു സമീപമുള്ള ലെയ്‌ക്കിൽ കുറച്ചു നേരം വിശ്രമിച്ചു.

      മൂന്നാറിലേ സ്ഥിരം കാണുന്ന കാഴ്ചകൾക്ക്‌ എന്തോ ഒരു പുതുമായുള്ളത് പോലെ.  പ്രളയത്തിനു ശേഷം പ്രകൃതി പഴയ രൂപത്തിലേക്ക് തിരിച്ചു വന്ന പോലെ. മൂന്നാറിനും ഒരു പ്രത്യേക ഭംഗി. വലിയ തിരക്കുകലില്ലാത്ത സ്ലോ മോഷനിൽ ആണ് എല്ലാം. ആസ്വാദനത്തിനു പറ്റിയ സമയം. ചൂടുപിടിച്ച അന്തരീക്ഷം വേഗത്തിൽ തണുത്തുതുടങ്ങി.

അവിടെ നിന്നു നേരേ ഗ്യാപ് റോഡ് വഴി പൂപ്പാറക്ക് ആനയിറങ്കൽ വഴി പോകാൻ പ്ലാൻ ചെയ്തു.പണി നടക്കുന്നതിനാൽ പലയിടത്തും റോഡ് മോശമായിരുന്നു. ആടിയും കുലുങ്ങിയും വണ്ടി നീങ്ങി. പച്ച പുതച്ച തേയില തോട്ടങ്ങൾ…നീലയും വെള്ളയും കലർന്ന മേഘങ്ങൾ…കമ്പ്യൂട്ടർ സ്ക്രീനിലെ hd ഇമേജ് പോലും തോറ്റു പോവും. എത്ര കണ്ടാലും മതി വരാത്ത കാഴ്ച. വഴിയിൽ ആനയിറങ്കൽ ഡാം ഉണ്ട്. അതാണ് ലക്ഷ്യം. 5 മണി കഴിഞ്ഞതിനാൽ കാണാൻ കഴിയോ എന്ന പേടിയുണ്ടായിരുന്നു. ഡാമിനടുത്തായി ബോട്ടിംഗ് ഏരിയ ഉണ്ടായിരുന്നു. അവിടെ കൂടി നിന്ന ആളുകളോട് അന്വേഷിച്ചപ്പോൾ സമയം കഴിഞ്ഞതിനാൽ കയറ്റി വിടില്ല എന്നു പറഞ്ഞു. ഒത്തിരി ദൂരത്തു നിന്നു വന്നതാണെന്ന് പറഞ്ഞു നോക്കിയെങ്കിലും നടന്നില്ല. അപ്പോൾ അവരിലൊരാൾ ഞങ്ങളോട് പറഞ്ഞു. നേരേ കാണുന്ന വഴി ഡാമിലേക്കുള്ളതാണെന്നും അതിലൂടെ പോയാൽ ബോട്ടിംഗ് ഏരിയയുടെ ഭാഗവും മറ്റു കാഴ്ചകളും കാണാം എന്നു പറഞ്ഞു. ഏതായാലും നിരാശരാവേണ്ടി വന്നില്ല. ഡാമിന്റെ കാഴ്ചകൾ മൊത്തമായി ആസ്വദിക്കാൻ പറ്റി. ഡാമിന്റെ മുകളിൽ നിന്നു താഴേക്കു നോക്കിയപ്പോൾ ഒരു കൂട്ടം ആൾക്കാർ മീൻ പിടിക്കുന്നത് കണ്ടത്. താഴേക്ക് ഇറങ്ങാനുള്ള വഴിയും അവർ കാണിച്ചു തന്നു. കുപ്പിച്ചില്ല് നിറഞ്ഞ ആ ഊടുവഴിയിലൂടെ ഞങ്ങൾ നദിക്കരയിലെത്തി. സംസാരിച്ചപ്പോൾ 30-35 കെഎം അപ്പുറത്തുള്ള തോപ്രാംകുടിയിൽ നിന്നു വന്നവരാണെന്ന് മനസ്സിലായി. അതു വരെ പിടിച്ച മീനുകളും കണ്ടു. നദിയുടെ ഇരുഭാഗത്തേക്കും സൂക്ഷിച്ചു നോക്കിയാൽ ഒന്നു കാണാം. ഹാരപ്പൻ അല്ലെങ്കിൽ മെസപ്പൊട്ടാമിയൻ നാഗരികതയുടെ പടങ്ങളിൽ കാണുന്ന പോലുള്ള തട്ടുകൾ.. ഇവിടെയും ഒരു ചരിത്രമുറങ്ങുന്നുണ്ടോ എന്നു സംശയിച്ചു. 6 മണിയോടടുത്തപ്പോൾ ഇരുട്ടും പരന്നു തുടങ്ങി. അവരോടു യാത്ര പറഞ്ഞു. ഡാമിന്റെ സൈഡിലൂടെയുള്ള മറ്റൊരു വഴി കാണിച്ചു തന്നിട്ട് അതിലൂടെ പോകുന്നതാവും നല്ലതെന്ന് അവർ പറഞ്ഞു. ആ വഴിയിലൂടെ നടന്നപ്പോൾ ഡാമിന്റെ മൊത്തത്തിലുള്ള ഒരു വ്യൂ കിട്ടി. ഡാമിന്റെ മുകളിലേക്കാണ് ചെന്നു കേറിയത്. മനസ്സ് കൊണ്ട് ഉച്ചത്തിൽ ഒരു “ബൈ” പറഞ്ഞിട്ട് വണ്ടിയെടുത്തു മുൻപോട്ടു നീങ്ങി. വൈദ്യുതി വേലികളുടെ സാനിദ്ധ്യം ആനകളുടെ സാമ്രാജ്യം തന്നെ വിളിച്ചോതുന്നു.

    ഏഴു മണിയായി..സുര്യനെല്ലി യിൽ എത്തി. നല്ല രീതിയിൽ കോടയും തണുപ്പും. ആന ഇറങ്ങുന്ന പ്രദേശമായതിനാൽ രാത്രി യാത്ര നല്ലതല്ല എന്ന് ഒരു നാട്ടുകാരൻ പറഞ്ഞു. നെറ്റിൽ നോക്കി ഒരു റൂം ബുക്ക്‌ ചെയ്യാൻ തീരുമാനിച്ചു. മിന്നി മാഞ്ഞ മൊബൈൽ റേഞ്ചിൽ ഒരു വിധം ഒപ്പിച്ചു ഒരു ഓയോ റൂം ബുക്ക്‌ ചെയ്തു.രാത്രി അവിടെ തങ്ങി. ആനയിരങ്ങൽ ഡാമിന്റെ കാഴ്ചകൾ റൂമിൽ നിന്ന് കാണാമായിരുന്നു. രാവിലെ ഫ്രഷ് ആയി നേരേ ബോഡി ഹിൽസിലേക്ക്... 

സൂര്യനെല്ലിയിൽ നിന്ന് അധികമാരും യാത്ര ചെയ്യാത്ത വനത്താൽ ചുറ്റപ്പെട്ട ഒരു പാതയിലൂടെയാണ് ഞങ്ങൾ ബോഡിയിലേക്ക് പോയത്. രാത്രി ഉറപ്പായും ആന ഇറങ്ങുന്ന വഴി. അധികമാരും കൈ കടത്താത്ത ഇതു പോലുള്ള ഒത്തിരി സ്ഥലങ്ങൾ ഇപ്പോഴുമുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. കേരള -തമിഴ്നാട് ബോർഡറിൽ കൂടെയാണ് യാത്ര.ബോർഡുകൾ മിക്കതും തമിഴിൽ ആണ്.ഇലക്ഷൻ ദിവസം ആയതിനാൽ അതിന്റെ എല്ലാ ചൂടും ആ തണുപ്പിനെ മറി കടന്നു നിന്നു. അങ്ങനെ ബോഡി ഹിൽസിലെത്തി. അവിടെ നിന്നുള്ള ആ കാഴ്‌ച നേരിട്ട് അനുഭവിച്ചു തന്നെ അറിയേണ്ട ഒന്നാണ്. നേരം പുലർന്നു വരുന്നതേ ഉള്ളൂ. ചുറ്റും ഭക്തരെ പോലെ കൈ കൂപ്പി നിൽക്കുന്ന കോട പുതച്ച മലനിരകൾ. മുകളിലായി ഉദിച്ചു വരുന്ന സൂര്യൻ. ഇവിടുത്തെ അത്ഭുതപെടുത്തുന്ന കാഴ്ച എന്താണെന്നു വച്ചാൽ സൂര്യന്റെ കിരണങ്ങൾ വട്ടത്തിൽ ഓരോ വരകളായ് താഴെ മലനിരകളിലേക്ക് ചെന്നിറങ്ങുന്നത് കാണാം. ചിത്രങ്ങളിൽ ദൈവങ്ങളുടെ തലയ്ക്കു ചുറ്റുമുള്ള ‘aura'(പ്രകാശ വലയങ്ങൾ) പോലെ. വളഞ്ഞു പുളഞ്ഞൊഴുകുന്ന ആറു പോലെ കിടക്കുന്ന റോഡുകൾ. ആ റോഡിലൂടെ ഓരോ വ്യൂ പോയിന്റും ആസ്വദിച്ചു ഫോട്ടോകളും എടുത്തു യാത്ര തുടർന്നു. ബോഡിയിൽ എത്തി ബ്രേക്ഫാസ്റ്റും കഴിച്ചു തിരിച്ചു പോന്നു.

ഇനിയുള്ളത് സേനാപതിയിലെ സ്വർഗ്ഗമേടാണ്. സഞ്ചാരിയിൽ വായിച്ചറിഞ്ഞപ്പോൾ മുതൽ പോകാൻ ആഗ്രഹിച്ചതാണ്. അങ്ങനെ രാജകുമാരി -പൂപ്പാറ വഴി നേരേ സ്വർഗ്ഗമേട്ടിലേക്ക്. ആ മലയുടെ പകുതി വരെ മാത്രമേ വണ്ടി പോവുകയുള്ളു. ബാക്കി ദൂരം നടന്നു മാത്രമേ കയറാൻ കഴിയൂ. മലയുടെ അടിവാരത്തു കണ്ട ഒരു വീട്ടിൽ ഹെൽമെറ്റ്‌ വച്ചിട്ട് മല കയറാൻ തുടങ്ങി. കുത്തനെയുള്ള കുന്നായതിനാൽ കയറാൻ നന്നേ പാടു പെട്ടു. ഇടക്ക് നിന്നും, വിശ്രമിച്ചുമൊക്കെയായി നടപ്പ് തുടർന്നു. വഴിയുടെ ഇരുവശങ്ങളിലും ചെമ്പരത്തി ചെടികൾ പൂത്തു നിന്നു. പല തരം കൃഷികൾ അവിടെ കാണാമായിരുന്നു. കൈയിൽ കിട്ടിയ വടിയും കുത്തിപ്പിടിച്ചു സ്വർഗമേട്ടിലെത്തി. പ്രതീക്ഷിച്ചൊരു സ്വർഗ്ഗമൊന്നും അവിടെ കണ്ടില്ല. നല്ല ചൂടിൽ കുത്തനെയുള്ള ആ കുന്നു കയറി ചെല്ലുമ്പോൾ നമ്മൾ ഒരു സ്വർഗം കാണും അതു തന്നെ. നല്ല നിരാശ തോന്നി. ഇടയ്ക്കിടെ വീശുന്നൊരു കാറ്റ്. അതായിരുന്നു ആകെ ഒരു ആശ്വാസം. ക്യാമ്പ് ഫയർ ചെയ്‌തതിന്റെ അവശിഷ്ടങ്ങൾ കാണാമായിരുന്നു. കുറച്ചു കൂടെ നടന്നപ്പോൾ തീയിട്ട് നശിപ്പിച്ച പുല്ലുകൾ മാത്രമാണ് കണ്ടത്. കുറച്ചകലെയായി ഒരു ചെറിയ റിസോർട്ട് പോലൊരു വീടും കണ്ടു.

ഉച്ചയോടു കൂടെ സ്വർഗ്ഗമേടിനോടും യാത്ര പറഞ്ഞു .പോകുന്ന വഴിയിൽ പൊന്മുടി ഡാമിലും പിന്നെ തൂക്കുപാലത്തിലും ഒരിക്കൽ കൂടി കേറി. ഇടുക്കി കണ്ട സംതൃപ്തിയിൽ വീട്ടിലേക്കുള്ള യാത്ര ആരഭിച്ചു...

Leave a Reply

Your email address will not be published. Required fields are marked *