വാഴപ്പിണ്ടികൊണ്ടും കമ്പോസ്റ്റ് തയ്യാറാക്കാം

വാഴക്കുല വെട്ടിയാല്‍ ഭൂരിഭാഗം പേരും വാഴപ്പിണ്ടിയെ തൊടിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ചിലര്‍ വാഴപ്പിണ്ടി ഉപയോഗിച്ച് തോരനും മറ്റുമുണ്ടാക്കാറുണ്ട്. പൊട്ടാസ്യം അടങ്ങിയിട്ടുള്ള വാഴപ്പിണ്ടി മനുഷ്യര്‍ക്കെന്ന പോലെ ചെടികള്‍ക്കും വളരെ നല്ലതാണെന്ന് എത്രപേര്‍ക്കറിയാം. വാഴപ്പിണ്ടി തൊടിയില്‍ വെറുതെ ഉപേക്ഷിക്കാതെ കമ്പോസ്റ്റ് തയ്യാറാക്കി ഉദ്യാനത്തിലെ ചെടികള്‍ക്കും പച്ചക്കറികള്‍ക്കും ഒഴിക്കൂ.

വാഴപ്പിണ്ടി കൊണ്ട് കമ്പോസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.


തയാറാക്കുന്ന വിധം


അടിവശത്ത് മൂന്നോ നാലോ ദ്വാരമുള്ള പ്ലാസ്റ്റിക്ക് ബക്കറ്റോ ചട്ടിയോ, കുറച്ച് പച്ചച്ചാണകം എന്നിവയാണ് വാഴപ്പിണ്ടി കമ്പോസ്റ്റുണ്ടാക്കാന്‍ ആവശ്യമുള്ള വസ്തുക്കള്‍. വാഴപ്പിണ്ടി ചെറുതായി അരിയുക. നല്ല പോലെ ചെറുതായി അരിയുന്നതാണ് നല്ലത്. പച്ചച്ചാണകത്തില്‍ കുറച്ചു വെള്ളം ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കണം. ചെറുതായി അരിഞ്ഞ വാഴപ്പിണ്ടി പാത്രത്തിന്റെ കാല്‍ഭാഗം നിറയ്ക്കുക. തുടര്‍ന്ന് കുറച്ചു ചാണകം ഒഴിക്കുക. പിന്നീട് കുറച്ചു കൂടി വാഴപ്പിണ്ടിയിട്ട ശേഷം വീണ്ടും ചാണകം തളിക്കുക. പാത്രം നിറയുന്നതുവരെ ഈ രീതി തുടരുക, പിന്നീട് പാത്രം നന്നായി മൂടി തണലത്ത് വയ്ക്കുക. വെയിലും മഴയും കൊള്ളാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. വാഴപ്പിണ്ടിയില്‍ ധാരാളം വെള്ളമുള്ളതിനാല്‍ അവ പാത്രത്തിലെ ദ്വാരത്തിലൂടെ താഴേക്ക് പോകും. ഒരാഴ്ച കഴിഞ്ഞു പാത്രം തുറന്നു നന്നായി ഇളക്കി കൊടുക്കുക, വീണ്ടും അടച്ചു വയ്ക്കുക. ഒരു മാസം ഈ രീതി തുടരുക. പിന്നീട് എടുത്തു നോക്കിയാല്‍ വാഴപ്പിണ്ടി നല്ല കമ്പോസ്റ്റായി മാറിയിട്ടുണ്ടായിരിക്കും.


ഗുണങ്ങള്‍


ഗ്രോബാഗില്‍ നടീല്‍ മിശ്രിതമായി ഉപയോഗിക്കാന്‍ അനുയോജ്യമാണ്. നല്ല നീര്‍വാര്‍ച്ചയുണ്ടാകും, പൊട്ടാഷിന്റെ സാനിധ്യമുള്ളതിനാല്‍ പച്ചക്കറികള്‍ നന്നായി കായ്ക്കും. ചകിരിച്ചോറിന് പകരമുപയോഗിക്കാം. പൂന്തോട്ടത്തിലെ ചെടികള്‍ക്കും ഈ കമ്പോസ്റ്റ് ഏറെ നല്ലതാണ്.

(വിവരങ്ങള്‍ക്ക് കടപ്പാട്: ഫാമിംഗ് വേള്‍ഡ് ഫൈസല്‍)

Leave a Reply

Your email address will not be published. Required fields are marked *