സാരിയിൽ സുന്ദരനായി പുഷ്പക്
വസ്ത്രധാരണ രീതിയിൽ വലിയ മാറ്റങ്ങൾ ആണ് സംഭവിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ തരത്തിലുള്ള ഡ്രസ്സിങ്ങ് സ്റ്റൈൽ ഇപ്പോൾ ഉണ്ട്. എന്നാൽ ഇതിനെ എതിർക്കുന്നവരും ഉണ്ട്. വസ്ത്രത്തിന്റെ നിറത്തിൽ പോലും വിഭാഗീയത കണ്ടെത്തുന്നവർ ഉണ്ട്. എന്നാൽ ഇവിടെയിതാ ഒരു യുവാവ്, തന്റെ വസ്ത്ര ധാരണത്തിലൂടെ ഇതിനെല്ലാം മറുപടി കൊടുത്തിരിക്കുകയാണ്.
സ്ത്രീകൾ അണിയുന്ന സാരിയാണ് ഇയാൾ ഉടുത്തിരിക്കുന്നത്. മാത്രമല്ല, പൊട്ടും കുത്തി തിരക്കേറിയ നഗരത്തിലൂടെ നടക്കുന്ന പുഷ്പക് സെൻ എന്ന യുവാവാണ് ചിത്രങ്ങളിലുള്ളത്. ഫാഷന്റെ കേന്ദ്രമായ മിലാൻ നഗരത്തിൽ സാരിയുടുത്ത് പോസ് ചെയ്യുന്ന പുഷ്പക് ആണ് ചിത്രങ്ങളിലുള്ളത്. കൊൽക്കത്ത സ്വദേശിയായ പുഷ്പക് എൽ.ജി.ബി.ടി. കമ്മ്യൂണിറ്റിക്കു വേണ്ടി നിരന്തരം സംസാരിക്കുന്നയാളുമാണ്. ഇറ്റലിയിലെ ഫ്ളോറെൻസിൽ ഫാഷനിൽ മാസ്റ്റേഴ്സ് ചെയ്യുന്ന പുഷ്പക് അടുത്തിടെ പങ്കുവച്ച കുറച്ച് ചിത്രങ്ങളാണ് വൈറലാകുന്നത്. ലിംഗപരമായ സ്റ്റീരിയോടൈപ്പുകളെ തകർക്കുകയായിരുന്നു തന്റെ വേഷധാരണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് പുഷ്പക് പറയുന്നു.
ലോകത്തിന്റെ ഫാഷൻ തലസ്ഥാനമായ മിലാനിൽ സാരിയുടുത്ത് നടക്കുന്നത് ആരെന്നു നോക്കൂ എന്നു പറഞ്ഞാണ് പുഷ്പക് ചിത്രങ്ങൾ പങ്കുവെച്ചത്. കസവുള്ള സാരിയുടുത്ത് മുകളിൽ ബ്ലേസറും ധരിച്ച് നെറ്റിയിൽ ഒരു വലിയ വട്ടപ്പൊട്ടുമായി നിൽക്കുന്ന പുഷ്പക് ആണ് ചിത്രങ്ങളിലുളേളത്. നിരവധി പേരാണ് പുഷ്പകിനെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്. വസ്ത്രധാരണത്തിൽ ജെൻഡറിന് സ്ഥാനമില്ലെന്നും തികച്ചും വ്യക്തിപരമാണെന്നും പറഞ്ഞാണ് പലരും ചിത്രങ്ങൾ പങ്കുവെക്കുന്നത്.
പുഷ്പക് സാരിയുടുക്കുന്നതും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതും ആദ്യത്തെ സംഭവം അല്ല. ജന്മ ദിനത്തിലും സാരിയാണ് അണിഞ്ഞിരുന്നത്. തനിക്ക് സാരിയോടുള്ള പ്രണയത്തെക്കുറിച്ചും പുഷ്പക് പറഞ്ഞിരുന്നു. ഫോട്ടോഷൂട്ടിനായി മാത്രമല്ല, കോളേജിൽ പോകാനും സാരിയുടുക്കും എന്ന് പുഷ്പക് വ്യക്തമാക്കി.