ഉഴവൂരിലെ പൊന്‍താരകം
പാര്‍വ്വതി
സ്വതന്ത്ര ഇന്ത്യയുടെ പത്താമത് രാഷട്രപതിയായിരുന്ന കെ.ആര്‍ നാരായണന്‍റെ ചരമദിനം ആണ് ഇന്ന്. ഈ പദവിയിൽ എത്തുന്ന ആദ്യത്തെ കേരളയൻ ആണ് കെ ആര്‍ ജി. പിന്നോക്ക വിഭാഗത്തിൽ നിന്നും ഇത്രയും വലിയ ബഹുമതികൾക്ക് അർഹനായ കെ ആർ നാരായണന്റെ ജീവിത യാത്ര വളരെ പ്രയാസ്സകരമായിരുന്നു.
കോട്ടയം ജില്ലയിലെ ഉഴവൂർ പെരുന്താനത്ത് 1920 ഒക്ടോബർ 27ന് ആണ് കെ ആർ നാരായണൻ ജനിച്ചത്. കോച്ചേരി രാമൻ വൈദ്യരുടെയും പാപ്പിയമ്മയുടെയും ഏഴു മക്കളിൽ നാലാമത്തെയാൾ. മുണ്ടുമുറുക്കി ഉടുത്തു കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാല ജീവിതം.
കോട്ടയം കുറിച്ചിത്താനം സ്കൂളിൽ നിന്ന് പ്രാഥമിക വ്യദ്യാഭ്യാസം നേടി. ഇപ്പോൾ കെ ആർ നാരായണൻ എൽപി സ്കൂൾ എന്ന പേരിൽ ആണ് ഇപ്പോൾ അത് അറിയപ്പെടുന്നു. പിന്നീട് ഉഴവൂർ ഔവർ ലേഡി ഓഫ് ലൂർദ് സ്കൂളിൽ ചേർന്നു. വിദ്യാഭ്യാസത്തിന്റെ ഒരുവർഷ കാലഘട്ടം വടകര സെന്റ് ജോൺസ് ഇംഗ്ലിഷ് സ്കൂളിൽ ആയിരുന്നു. വിദ്യാലയത്തിൽ പഠിച്ചിരുന്ന സമയം ഫീസ് നൽകാനില്ലാതെയും ആവശ്യത്തിന് വസ്ത്രങ്ങൾ ഇല്ലാതെയും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചതിനെ പറ്റിയും അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. വീട്ടിൽ നിന്നും സ്കൂളിലേക്ക് ഏറെ ദൂരം നടന്നാണ് പൊയ്ക്കോണ്ടിരുന്നത്. ഈ സമയം അദ്ദേഹം പത്ര വായനയ്ക്ക് ഉപയോഗപ്പെടുത്തി.
1940ൽ തിരുവനന്തപുരം ആർട്സ് കോളജിൽ ബിഎ ഓണേഴ്സിന് ചേർന്നു. 1943ൽ നാരായണൻ തിരുവിതാംകൂർ സർവകലാശാല യിൽനിന്ന് ഒന്നാം റാങ്കും സ്വർണമെഡലും നേടി ആണ് അദ്ദേഹം പാസ്സായത്. പിന്നാക്ക വിഭാഗത്തിൽ നിന്നും ഒരു വിദ്യാർഥി ഇത്രയും വലിയ വിജയം നേടുന്നത് തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു.
പിന്നീട് തുടർ പഠന സഹായ അഭ്യർത്ഥനക്കായ് തിരുവിതാംകൂർ മഹാരാജാവിനെ കാണണമെന്ന് അദ്ദേഹം അനുമതി ചോദിച്ചു. പക്ഷെ, അതിന് അവസരം ലഭിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് ബിരുദ സർട്ടിഫിക്കറ്റ് ദാന ചടങ്ങിൽ നിന്നും നാരായണൻ ഒഴിവായി. വർഷങ്ങൾക്കിപ്പുറം രാഷ്ട്രപതി പദവിയിൽ എത്തിയപ്പോൾ ഈ വിഷയം ഉയർന്നു വന്നു. തുടർന്ന് കേരള സർവകലാശാല വിസിയുടെ താൽക്കാലിക ചുമതലയുണ്ടായിരുന്ന ഡോ. ഡി ബാബുപോൾ മുൻകൈയെടുത്ത് സർട്ടിഫിക്കറ്റ് തയാറാക്കി അദ്ദേഹത്തിന് എത്തിച്ചുകൊടുത്തു.
ഇന്ത്യൻ ഓവർസീസ് വകുപ്പിൽ ആയിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ഇത് ഉപേക്ഷിക്കാൻ കാരണം പത്രപ്രവർത്തനം എന്ന മോഹമാണ്. ഇതിന്റെ ഭാഗമായി 1944 ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി അഭിമുഖം നടത്തി. തൊട്ടടുത്ത വർഷം പഠനത്തിന്റെ ഭാഗമായി ലണ്ടനിലേക്ക് പോയി. അവിടെ സ്കൂൾ ഓഫ് എക്ണോമിക്സിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ പൊളിറ്റിക്കൽ സയൻസിൽ ഫസ്റ്റ് ക്ലാസ്സോടെ ഓണേഴ്സ് ബിരുദം നേടി.
ലണ്ടനിലെ അദ്ധ്യാപകനായിരുന്നു ഹാരൾഡ് ജോസഫ് ലാസ്കി. പഠനം പൂർത്തിയാക്കി തിരികെ മടങ്ങിയപ്പോൾ ലാസ്കി കെ ആർ നാരായണന്റെ കൈയ്യിൽ ഒരു കത്ത് കൊടുത്തയച്ചു. ജവഹർലാൽ നെഹ്റുവിന് ആയിരുന്നു അത്. ഇന്ത്യയ്ക്ക് വിലപ്പെട്ട ഒരാൾ തന്നെ ആയിരിക്കും നാരായണൻ എന്നാണ് ലെറ്ററിൽ എഴുതിയിരുന്നത്. അങ്ങനെ 1949 ൽ വിദേശകാര്യ സർവ്വീസിൽ ജോലിയും ലഭിച്ചു.
ബർമ്മയിൽ സേവനം അനുഷ്ഠിക്കുന്നതിനിടെ ആണ് അദ്ദേഹം മാ ടിന്റ് ടിന്റിനെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹവും നടന്നു. പിന്നീട്, നെഹ്റുവിന്റെ ഉപദേശ പ്രകാരം നാരായണന്റെ പങ്കാളി ഉഷ എന്ന പേര് സ്വീകരിച്ച് ഇന്ത്യക്കാരിയായി മാറി.
രാഷ്ട്രീയ പശ്ചാത്തലത്തിൽ മുന്നോട്ട് പൊയ്ക്കോണ്ടിരിക്കുമ്പോൾ ചില പ്രതിസന്ധികൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. എതിർ കക്ഷികളിൽ നിന്നും ചില വിമർശനങ്ങൾ ഉയർന്ന സാഹചര്യം ഉണ്ടായി. അന്ന് കെ ആർ നാരായണൻ നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു. 1984 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ഒറ്റപ്പാലത്ത് മത്സരിക്കാൻ അദ്ദേഹം എത്തി. അന്ന് നാരായണന് മലയാളം അറിയില്ല മുണ്ടുടുക്കാൻ വശമില്ല തുടങ്ങിയ ചില പ്രചരണങ്ങൾ നടന്നു. എന്നാൽ, തനിക്ക് മുണ്ടു മുറുക്കിയുടുക്കാനും അറിയാമെന്ന് അദ്ദേഹം മറുപടി കൊടുത്തു. അന്ന് മന്ത്രി എ കെ ബാലനെ അര ലക്ഷത്തിൽ അധികം വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹത്തിന് ലഭിച്ച ഒരു വിജയ കിരീടമായിരുന്നു അത്.
1992ൽ ഉപരാഷ്ട്രപതിയായി. രാഷ്ട്രപതിയാക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ ഇടതുകക്ഷികൾ പിന്തുണച്ചു. ബിജെപിയും അവസാനനിമിഷം പിന്തുണച്ചു. 1997 ജൂലൈ 25ന് 10ാം രാഷ്ട്രപതിയായി ചുമതലയേറ്റു. 2005 നവംബർ 9ന് 85ാം വയസിൽ അന്തരിച്ചു.