ചാക്കോച്ചന്‍റെ 25 വര്‍ഷത്തെ അഭിനയ ജീവിതം


കുഞ്ചാക്കോ ബോബനെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനാക്കി മാറ്റിയ ‘അനിയത്തിപ്രാവ്’ എന്ന ഫാസിൽ ചിത്രം റിലീസായിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാവുന്നു. കുഞ്ചാക്കോ ബോബൻ നായകനാവുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സെറ്റിൽ കേക്ക് മുറിച്ച് ഭാര്യ പ്രിയയ്ക്ക് നൽകി താരം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.


ഗുരുനാഥനായ സംവിധായകൻ ഫാസിലിനെ രാവിലെ തന്നെ ഫോൺ വിളിച്ച് സ്നേഹ സ്മരണ പുതുക്കിയതായി കുഞ്ചാക്കോ ബോബൻ പറഞ്ഞു. അനിയത്തി പ്രാവിന്റെ നിർമ്മാതാവായ സ്വർഗ്ഗചിത്ര അപ്പച്ചനേയും ആ ചിത്രത്തിലെ സാങ്കേതിക വിദഗ്ധരേയും അദ്ദേഹം സ്മരിച്ചു. ചെറിയ ഒരു ഇടവേളയെടുത്ത് കരിയറിലേയ്ക്ക് തിരിച്ചു വരാൻ കാരണമായത് തന്റെ ഭാര്യയായ പ്രിയയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.


ചടങ്ങിൽ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ നടീ നടൻമാരും അണിയറ പ്രവർത്തകരും പങ്കെടുത്തു .
1997 ൽ റിലീസായ ഈ ഫാസിൽ ചിത്രത്തിലൂടെയാണ് മലയാള സിനിമയുടെ നിറുകയിലേക്ക് നിത്യഹരിതനായകനായ കുഞ്ചാക്കോ ബോബൻ ഒരു ചുവന്ന ഹീറോ ഹോണ്ട സ്പ്ലെണ്ടർ ബൈക്കിൽ വന്നിറങ്ങിയത് .


തുടർന്ന് ബോക്സോഫീസ് ഹിറ്റുകളുടെ ഒരു നിര തന്നെ മലയാള സിനിമാ വ്യവസായത്തിന് നൽകി അദ്ദേഹം തന്റെ സ്ഥാനമുറപ്പിച്ചു.മലയാള സിനിമാ നാൾവഴികളിലെ നാഴികക്കല്ലുകളായ ഉദയാ, നവോദയ സ്റ്റുഡിയോകളുടെ സ്ഥാപകരുടെ കുടുംബത്തിലാണ് കുഞ്ചാക്കോ ബോബന്റെ ജനനം. പിതാവായ ബോബൻ കുഞ്ചാക്കോയും മുത്തശ്ശനായ കുഞ്ചാക്കോയും മലയാള സിനിമാ വ്യവസായ ചരിത്രത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളാണ്.


അടുത്ത കാലത്ത് റിലീസായ നായാട്ട്, പട എന്നീ ചിത്രങ്ങൾ സാധാരണ പ്രേക്ഷകരുടേയും സിനിമാ നിരൂപകരുടേയും വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.


രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോഴുള്ളത്. കാസർഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാവ് സന്തോഷ് ടി. കുരുവിളയാണ്. ജൂലൈ ഒന്നിന് ചിത്രം തിയെറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!