കുട്ടികവിതകളുടെ ആശാൻ
ജിബി ദീപക്
മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (1927-2006). ഹ്രസ്വവും, ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാര സമൃദ്ധമായ കാവ്യശൈലിയില്‍ നിന്ന് മാറി ഋജുവും, കാര്യമാത്ര പ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. ദാര്‍ശനികമായ ചായ് വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. അവയെല്ലാം തന്നെ കുട്ടികളെയും, മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിച്ചു.
ഈരടികള്‍ മുതല്‍ നാലുവരികള്‍ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളില്‍ ഏറെയും. ആദ്യകാല കവിതകള്‍ ഇവയെ അപേക്ഷിച്ച് ദൈര്‍ഘ്യമുള്ളവയാണ്. എന്നാല്‍ കാല്‌പനികമായ ഭാവചപലതയോട് പിണങ്ങി നില്‍ക്കുന്ന സ്വഭാവസവിശേഷതകള്‍ ആ ഘട്ടത്തില്‍ തന്നെ അവയില്‍ പ്രകടമായിരുന്നു. രൂപസാരമായ ഹ്രസ്വതയെ മുന്‍നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍ അദ്ദേഹം എഴുതിയിരുന്നു. ഇന്ന് മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളര്‍ത്തിക്കൊണ്ടു വന്നത് കുഞ്ഞുണ്ണിമാഷാണ്.
ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷിന്റെ പ്രധാനപ്പെട്ട വിശേഷതയായിരുന്നു. എങ്ങനെ ലളിതവും, വ്യക്തവുമായ ഭാഷയില്‍ എഴുതാം എന്ന് വ്യക്തമാക്കുന്ന മാഷിന്റെ കുറിപ്പുകള്‍ കുട്ടികൃഷ്ണമാരാരുടെ ശൈലിയോട് ചേര്‍ത്തുവെക്കാവുന്നതാണ്.
കുഞ്ഞുണ്ണിക്കവിതകളും, ബാലകവിതകളും വേര്‍തിരിയുന്ന അതിര്‍വരമ്പ് നേര്‍ത്തതാണ്. അതിനാല്‍ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെടുന്നത്.
കുഞ്ഞുണ്ണിമാഷ് ഏറ്റവുമധികം കാലം പംക്തിയെഴുത്ത് നടത്തിയത് മലര്‍വാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു. അതിലൂടെ കുട്ടികള്‍ക്ക് നല്ലനല്ല ഉപദേശങ്ങളും, സന്ദേശങ്ങളും നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.
‘സത്യമേ ചൊല്ലാവൂ
ധര്‍മ്മമേ ചെയ്യാവൂ
നല്ലതേ നല്‍കാവൂ
വേണ്ടതേ വാങ്ങാവൂ’
‘ശ്വാസം ഒന്ന് വിശ്വാസം പലത്’
‘ഉണ്ടാലുണ്ട പോലെയാകണം ഉണ്ടപോലെ ആകരുത്’
തുടങ്ങിയവ അദ്ദേഹം കുട്ടികള്‍ക്കായി ഉപദേശിച്ചവയില്‍ ചിലതാണ്.
ഞായപള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും, അതിയാരത്തു നാരായണി അമ്മയുടെയും മകനായ 1927 മെയ് 10നാണ് കുഞ്ഞുണ്ണിമാഷ് ജനിച്ചത്. ചേളാരി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി തുടങ്ങിയ ഔദ്യോഗിക ജീവിതം 1982 വരെ തുടര്‍ന്നു. ശേഷം സ്വദേശമായ വലപ്പാട്ടില്‍ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിച്ചുകൂട്ടുകയും ചെയ്തു. അദ്ദേഹം അവിവാഹിതനായിരുന്നു.
‘പൊക്കമില്ലായ്മയാണ് എന്റെ പൊക്കം’ എന്നു പറഞ്ഞുകൊണ്ട് മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നിഷ്‌ക്കളങ്കനായ കവി പിന്നീട് പറഞ്ഞതിങ്ങനെ.
‘കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍’
ഇന്നും മുതിര്‍ന്നവരുടെയും, കുട്ടികളുടെയും മനസ്സില്‍ നിഷ്‌കളങ്കഭാവം പരത്തി പൂര്‍ണ്ണ നിലാവുപോലെ നില്‍ക്കുന്ന കവിയായി ജീവിക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ തീര്‍ത്തും വ്യത്യസ്തമായ വ്യക്തിത്വപ്രഭാവശേഷിയൊന്നുകൊണ്ട് മാത്രമാണെന്ന് ഉറപ്പിച്ച് പറയാതെ വയ്യ….