ഇൻസ്റ്റാഗ്രാമിൽ 300 മില്യൻ ഫോളോവേഴ്സുള്ള ഏക വനിതയായി കെയ്ലി ജെന്നെർ
പ്രശസ്ത അമേരിക്കൻ റിയാലിറ്റി ഷോ ടെലിവിഷൻ താരം, മോഡൽ, സംരംഭക, സോഷ്യൽ മീഡിയ താരം എന്നീ നിലകളിൽ പ്രശസ്തയാണ് കെയ്ലി ജെന്നെർ. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ 300 മില്യൺ ഫോളോവേഴ്സുള്ള ഏക വനിതയായി മാറിയിരിക്കുകയാണ് ഇവർ. നിലവിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.388 മില്യൻ ഫോളോവേഴ്സ് ഇദ്ദേഹത്തിനുണ്ട്. റൊണാൾഡോയ്ക്ക് തൊട്ടുപിന്നാലെയാണ് കെയ്ലി എത്തിയിരിക്കുന്നത്.
കെയ്ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും ആരാധകർ എടുക്കാറുണ്ട്. രണ്ടാമത് ഗർഭിണിയായ സമയത്തും പങ്കാളിയായ ട്രാവിസ് സ്കോട്ടിന് അസ്ട്രോ വേൾഡ് ഫെസ്റ്റിവലിൽ ഉണ്ടായ സംഭവവികാസങ്ങൾക്കു പിന്നാലെയുമാണ് താരം കുറച്ചുനാൾ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്നത്. കഴിഞ്ഞ ക്രിസ്മസോടുകൂടിയാണ് അവർ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. അമ്മ ക്രിസ് ജെന്നറിന്റെ ചിത്രങ്ങളും തന്റെ ഗർഭകാല ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.
കീപ്പിംഗ് അപ് വിത്ത് ദ കർദാഷിയൻസ് എന്ന പരമ്പരയിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു. കൂടാതെ സൗന്ദര്യവർദ്ധക വസ്തുക്കളുടെ കമ്പനിയായ കെയ്ലി കോസ്മെറ്റിക്സിന്റെ സ്ഥാപക ഉടമ കൂടിയാണ് ഇവർ.