കാടറിഞ്ഞ ക്യാമറകണ്ണ് ലീലസന്തോഷ്

ലീല സന്തോഷ് ആദ്യത്തെ ട്രൈബല്‍ സംവിധായിക. കേരളത്തില്‍ ഡോക്യുമെന്‍റി സംവിധാനം ചെയ്ത ആദ്യ ആദിവാസി സ്ത്രീ എന്ന വിശേഷണത്തിന് ഉടമയാണ് ലീലസന്തോഷ്.വയനാട്ടിലെ പ്രമുഖ ആദിവാസി വിഭാഗമായ പണിയരുടെ ജീവിതവും പൈതൃക നഷ്ടവും പ്രമേയമാക്കി ലീല സംവിധാനം ചെയ്ത “നിഴലുകൾ നഷ്ടപ്പെട്ട ഗോത്രഭൂമി ” എന്ന ഡോക്കുമെന്ററിയിലൂടെയാണ് ലീല ഈ രംഗത്ത് ശ്രദ്ധിയ്ക്കപ്പെടുന്നത്.

1988 ഡിസംബർ 18 ന് വയനാട്ടിലെ മാനന്തവാടി പനമരത്ത് പാലുകുന്ന് ഗ്രാമത്തിൽ ശ്രീധരന്റെയും റാണിയുടെയും മകളായി ജനനം. പ്രശസ്ത സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ കെ.ജെ. ബേബി സ്ഥാപിച്ച നടവയലിലെ കനവ് എന്ന ബദൽസ്ക്കൂളിലൂടെ പഠിച്ചു വന്ന ലീല അവിടത്തെ ഗുരുകുല പഠന സംമ്പ്രദായങ്ങളിൽ നിന്നും കണ്ടെടുത്ത കളരിയും കൃഷിയും നൃത്തവും സാഹിത്യവും നാടകവും സിനിമയുമെല്ലാം തന്നെ സിനിമയെന്ന മാധ്യമത്തിലൂടെ സാർത്ഥകമാക്കുവാൻ ശ്രമിയ്ക്കുന്നു.

ഗുരുവായ കെ.ജെ. ബേബി നിർമ്മിച്ച ഗുഡ (2004) എന്ന ഗോത്രഭാഷയിലുള്ള സിനിമയിൽ സഹസംവിധാനം ചെയ്ത അനുഭവമാണ് ലീലയ്ക്ക് ഈ രംഗത്ത് ഉറച്ചുനിൽക്കാനുള്ള പ്രചോദനം നൽകിയത്. തുടർന്ന് തിരുവനന്തപുരത്തും രാജസ്ഥാനിലും നടന്ന സിനിമാ വർക്ക്ഷോപ്പുകളിൽ പങ്കെടുക്കാൻ കഴിഞ്ഞതും ലീലയ്ക്ക് സിനിമ ഫീല്‍ഡില്‍ ചുവടുറപ്പിക്കാന്‍ മുതല്‍കൂട്ടായി.


സുഹൃത്ത് സിജുവിനൊപ്പമാണ് സിനിമയിലേക്കുള്ള ലീലയുടെ ആദ്യ കാല്‍വയ്പ്പ്. നാളെ എന്ന സിനിമയുടെ സഹസംവിധായ ലീലയായിരുന്നു. പൊതു സമൂഹത്തിന് ആദിവാസികളെ കുറിച്ചുള്ള മിഥ്യാധാരണകള്‍ വേരോടെ പിഴുത് മാറ്റണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പഴശ്ശിരാജാവിലും എടച്ചെന കുങ്കനിലും ഒരു അഭിനേതാവായിട്ട് ഒറ്റ ആദിവാസികള്‍ പോലുമില്ല. സിനിമയുടെ ഇരട്ടത്താപ്പ് തന്‍റെ കരിന്തണ്ടന്‍ സിനിമയിലൂടെ പൊളിച്ചെഴുതാനുള്ള ശ്രമത്തിലാണ് അവര്‍.
കാടിന്റെ കാഴ്ചകൾ സത്യസന്ധമായി കാണാൻ കാടിന്നകത്തു തന്നെ ക്യാമറ വയ്ക്കണം എന്ന് ഉറച്ചു വിശ്വസിയ്ക്കുന്ന ലീല വിനായകനെ നായകനാക്കി വയനാടിന്റെ യഥാർത്ഥ ഹീറോ ആയ കരിന്തണ്ടന്റെ കഥയുമായി ഉടനെ വരുന്നുണ്ട് എന്നത് വളരെയധികം ആകാംക്ഷ തരുന്ന ഒന്നാണ്.

ഇന്ന് ലീലസന്തോഷിന്‍റെ ജന്മദിനം. ചരിത്രമുറങ്ങുന്ന വലിയൊരു മരത്തിന്‍റെ കീഴിൽ കാലം കുറെ കാലമായി ചങ്ങലയ്ക്കിട്ട കരിന്തണ്ടനെന്ന ചരിത്രപുരുഷനെ മുന്നിലേയ്ക്ക് കെട്ടഴിച്ചുവിടുമ്പോൾ അത് മലയാള ചലച്ചിത്രത്തിന് മുതല്‍കൂട്ടായി മാറുമെന്ന് നമ്മുക്ക് ആശംസിക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!