വയനാടന്‍ ചുരം നടന്നു കയറിയ കഥ

സവിന്‍.കെ.എസ്

താമരശ്ശേരിച്ചുരത്തിലൂടെ ബൈക്കിലും ആനവണ്ടിയിലും നിരവധി തവണ ചുരം കയറിട്ടുണ്ടെങ്കിലും 15 കിലോമീറ്റർ ഉള്ള ഈ ചുരം നടന്നു കയറണമെന്ന ആഗ്രഹം കുറേ നാളായി തുടങ്ങിയിട്ട്. എന്റെ ഈ വട്ട് കേട്ടവരെല്ലാം കളിയാക്കിയെങ്കിലും ഞാൻ പിന്നോട്ട് പോയില്ല. അങ്ങനെ തിരുവനന്തപുരംകാരി രാധുവിനേയും കോഴിക്കോടുകാരൻ സെബാനേയും പരിചയപ്പെടുന്നത്.അവർ പോകുന്ന കൂടെ എന്നെയും കൂട്ടി.സെബാൻ ഇതിനു മുന്നേ രണ്ട് തവണ ചുരം നടന്നു കയറി ആളാണ്.


അങ്ങനെ ഒരു ഞായാറാഴ്ച വെളുപ്പാൻ കാലത്ത് കോഴിക്കോടിന്റെ മണ്ണിൽ കാലുകുത്തി.രാധു എന്ന രാധികയെ പരിചയപ്പെട്ട് 4 മണിയോടെ ഞങ്ങൾ ആനവണ്ടിയിൽ അടിവാരത്തേക്ക് യാത്ര തുടങ്ങി.നഗരം ഉണർന്നു തുടങ്ങിയിരുന്നു. തണുപ്പിന്റെ കണിക പോലും ഇല്ല. കണ്ടക്ടർ പറഞ്ഞതനുസരിച്ചാണെങ്കിൽ അടിവാരം മുതൽ തണുപ്പ് ഉണ്ടാകും.ഏറെക്കുറെ വിജനമായ വഴിയിൽ ആനവണ്ടി കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു. ഇടക്ക് ചുരമിറങ്ങിയ അഹങ്കാരത്തോടെ പാഞ്ഞു പോകുന്ന ആനവണ്ടിയും പാണ്ടി ലോറികളും ആരേയും കൂസാതെ കടന്നു പോയി.
കൊടുവള്ളിയും താമരശ്ശേരിയും ഇങ്ങാപ്പുഴയും പിന്നിട്ട് അടിവാരത്ത് എത്തിയപ്പോഴേക്കും 5 മണി കഴിഞ്ഞിരുന്നു. കുറച്ചു സമയത്തിനുള്ളിൽ സെബാനും എത്തി. കൊതിച്ച സ്വപ്ന യാത്ര ഇവിടെ തുടങ്ങുകയാണ്.


ഞങ്ങൾ മൂവരും പെട്ടെന്ന് ചങ്ങായിമാരായി. അല്ലെങ്കിലും യാത്ര പ്രാന്തുള്ളവർ ഇങ്ങനെയാണ്. തലക്കനമോ ജാഡയോ ഇല്ലാത്ത കൂട്ടർ.ഫോണിലെ ടോർച്ച് വെളിച്ചത്തിൽ ഞങ്ങൾ വരിയായി പതുക്കെ ചുരം കയറിത്തുടങ്ങി. പിന്നാലെ വരുന്ന വണ്ടികൾ ഞങ്ങളെ തൊട്ടിയുരുമി കടന്നു പോയി.വെളുപ്പാങ്കാലത്തും ചുരത്തിൽ നല്ല തിരക്കാണ്. നടന്നു കയറുന്നതിനാൽ തണുപ്പു ഉള്ളതായിട്ടു പോലും തോന്നിയില്ല.ലോഡുമായി മലയിറങ്ങുന്ന വണ്ടികളിൽ നിന്നും ടയർ തേഞ്ഞ മണം വരുന്നുണ്ടായിരുന്നു. വെളിച്ചം വീശിത്തുടങ്ങിയപ്പോൾ ആദ്യകാഴ്ച തന്നെ വിസ്മയിപ്പിച്ചു കളഞ്ഞു. വഴിയോരത്ത് ഇലപൊഴിച്ചു നിന്ന പഞ്ഞി മരത്തിൽ നിറയെ തേനിച്ചകൂടുകൾ.” ഹണി ട്രീ ” എന്ന വിശേഷണം ഇനി മരത്തെ തേടിയെത്തും. ഒരു പക്ഷേ ആനവണ്ടിയിലെ യാത്രയിൽ പലരും ഈ യാത്ര കാണാതെ പോയിട്ടുണ്ട്. ദൂരെ മലനിരങ്ങൾ എല്ലാം മഞ്ഞിൽ പൊതിഞ്ഞ് കിടക്കുകയാണ്.


കിളിയൊച്ചകൾ കാടിനുള്ളിൽ മുഴങ്ങിത്തുടങ്ങിയിരുന്നു. അങ്ങനെ ഞങ്ങൾ 1 -മത്തെ വളവിലേക്ക് നടന്നു കയറി. പച്ചപ്പ് നിറഞ്ഞ കാട്ടിലെ കിളിക്കൊഞ്ചലുകൾക്കൊപ്പം മലയണ്ണാനും കലപില ശബ്ദം കേൾപ്പിക്കാൻ തുടങ്ങി. വളരെ അടുത്തു നിന്നായിട്ടും അവനെ ഒരു നോക്ക് കാണാൻ സാധിച്ചില്ല. നല്ല റോഡും ദൂരെയുള്ള മഞ്ഞണിഞ്ഞ മലനിരകളും പുലരിയിലെ പൊൻകിരണങ്ങൾ ഏറ്റുവാങ്ങിയ കാടും കണ്ട് ഞങ്ങൾ വയനാടൻ ചുരത്തിലെ രണ്ടാം വളവിലെ വ്യൂ പോയിന്റിൽ എത്തി.


അങ്ങു ദൂരെ മലമുകളിൽ ഒരു പൊട്ടു പോലെ വണ്ടികൾ കടന്നു പോകുന്ന മനോഹര ദൃശ്യം.ഇന്റർലോക്ക് പാകിയ കൊടുംവളവിൽ ഡ്രൈവർമാർ അവരുടെ പരിചയസമ്പത്ത് കാട്ടി നിഷ്പ്രയാസം ചുരം കയറുകയാണ്. ആനവണ്ടിയുടെ ഡ്രൈവർ ചേട്ടന്മാരാണ് ഇതിൽ കൂടുതലും മികച്ച രീതിയിൽ വണ്ടി ഓടിക്കുന്നതെന്ന് കുറച്ചു നേരത്തിനുള്ളിൽ തന്നെ മനസ്സിലായി.അട്ടിവളവും പിന്നിട്ട് 3 വളവിൽ ഞങ്ങൾ താമരശ്ശേരി ചുരം സ്പഷ്യൽ കടമുട്ട പുഴുങ്ങിയതും കട്ടനും അങ്ങു തട്ടി. ഫോട്ടോയിൽ മാത്രം കണ്ട കാഴ്ച നടന്നു കാണുമ്പോൾ കിട്ടുന്ന ഫീൽ അതു പറഞ്ഞറിയിക്കാൻ പറ്റത്തില്ല. സമയം 6 മണിയോടടുക്കുകയാണ്. മൂവരും യാത്ര തുടർന്നു. ബൈക്കിലും ബസ്സിലും പോകുന്നവർ ഞങ്ങളെത്തന്നെ തുറിച്ചു നോക്കുന്നുണ്ട്. ഞങ്ങളെ നോക്കിയ ആന വണ്ടിയിലെ ഡ്രൈവർ ചേട്ടന്മാരുടെ മുഖത്ത് അമ്പരപ്പ് കാണാമായിരുന്നു. അധികമാർക്കും തോന്നാത്ത വട്ട് അല്ലെ ഇത്.


ചെറുതും വലുതുമായ 19 വളവുകളോടുകൂടിയതാണ് താമരശ്ശേരിച്ചുരം. കാഴ്ചയുടെ പറുദീസ ഒരുക്കി വെച്ചിരിക്കുന്ന ഈ ചുരത്തിലൂടെ ഒരിക്കലെങ്കിലും നടന്നു കയറണം.വ്യൂ പോയിന്റ് കഴിഞ്ഞതോടെ കാട് കൂടുതൽ വന്യമായി. പച്ചപ്പ് നിറഞ്ഞ കാട്ടിൽ ശബ്ദകോലാഹങ്ങൾ ഇല്ലാത്ത അവസ്ഥ. ആനവണ്ടിയും ബൈക്കുകളും ഇടയ്ക്ക് കടന്നുപോകുന്ന തൊഴിച്ചാൽ ശാന്തമായ കാട്


മരക്കൊമ്പിൽ ചാടിക്കളിക്കുന്ന വാനരക്കൂട്ടം ഇവിടെ സ്വര്യവിഹാരം നടത്തുകയാണ്. പ്രളയത്തിൽ തകർന്ന മലമ്പാതയിലെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. യാത്രകളെക്കുറിച്ചുള്ള സംസാരത്തിൽ മൂന്നു പേർക്കും പറയുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. ഏകാന്ത സഞ്ചാരികളായ മൂന്നു പേർ കാഴ്ചകൾ തേടി ഒരുമിച്ചിറങ്ങിയപ്പോൾ അതൊരു പുതിയ അനുഭവം സമ്മാനിച്ചു എന്നു പറയാതെ വയ്യ. അവരുടെ വീട്ടിൽ അവർക്ക് തോന്നുന്നതു പോലെ ചെയ്യും എന്ന മട്ടിൽ കുരങ്ങന്മാർ റോഡിലൂടെ ഓടി നടക്കുന്നുണ്ടായിരുന്നു.


കോഴിക്കോട് – മൈസൂർ അന്തർ സംസ്ഥാന പാത 212 കടന്നു പോകുന്നത് താമരശ്ശേരിച്ചുരത്തിലൂടെയാണ്.അതിനാൽ വളരെ മനോഹരമായ മലമ്പാതക്കിരുവശവും മഞ്ഞ നിറത്തിലുള്ള വരകൾ കാണാമായിരുന്നു. താഴ്വാരങ്ങളിൽ നല്ലതു പോലെ വെളിച്ചം വീണു തുടങ്ങിയിട്ടുണ്ട്. കാടിനുള്ളിൽ സൂര്യകിരണങ്ങളെ പ്രവേശിപ്പിക്കില്ല എന്ന വാശിയോടെ മരങ്ങൾ ഇലച്ചാർത്തുകൾ വിരിച്ചു നിർത്തിയതുകൊണ്ട് ചൂടു എന്താണ് എന്നറിയാതെ ഞങ്ങൾ കാട്ടിലൂടെ നടന്നു. ഇടയ്ക്ക് വിശ്രമവേളകൾ ആനന്ദകരമാക്കിക്കൊണ്ട് രാധു ഓറഞ്ചുമായി എത്തി.


മുന്നോട്ടു പോകവേ ഒരു വളവിൽ കുട്ടിക്കാലത്തെ അനുസ്മരപ്പിക്കുന്ന വിധത്തിൽ ഒരു ഐസ്കാരൻ ചേട്ടൻ നിന്നിരുന്നു.പുള്ളിയോട് ഐസ് വാങ്ങി കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു.കിളിയൊച്ചകളും തണുത്ത കാറ്റും സമ്മാനിക്കുന്ന കാടിനുള്ളിൽ എത്ര നേരം വേണമെങ്കിലും ഇരിക്കാം. എന്നാൽ ഒരുപാട് ദൂരം ബാക്കിയുള്ളതിനാൽ ഞങ്ങൾ നടത്തം തുടർന്നു.എന്നും ആടുകളെയും മേച്ച് ഈ 15 Km ദൂരം സഞ്ചരിച്ച കരിന്തണ്ടൻ എന്ന ആദിവാസിമൂപ്പനെ ഈ വേളയിൽ അസൂയയോടു കൂടിയെ ഓർമ്മിക്കാൻ സാധിക്കൂ.

കാടുപിന്നിടുമ്പോൾ നമ്മുടെ കാല്പാദത്തിന്റെ അടയാളം മാത്രം ബാക്കിയാക്കി പോകണമെന്ന കാടിന്റെ നിയമം കാറ്റിൽ പറത്തി മനുഷ്യർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിച്ചതു കണ്ടപ്പോൾ സങ്കടം തോന്നി. അപ്പോഴും വള്ളിപ്പടർപ്പുകൾക്കിടയിൽ നിന്നും മലയണ്ണാൻ ചിലക്കുന്നുണ്ടായിരുന്നു.


ചിലയിടങ്ങളിൽ കൊടുംവളവുകൾ കുന്നിടിച്ച് വീതി കൂട്ടിയത് ചുരത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്തി എന്നു പറയാതെ വയ്യ. കാല്ച്ചുവടുകൾ മുന്നോട്ടുവെക്കുമ്പോൾ കണിയായി കാഴ്ചകളും എത്തിക്കൊണ്ടിരുന്നു. താഴ്‌വാരത്ത് വെയിൽ അതിന്റെ വിശ്വരൂപം കാട്ടിത്തുടങ്ങിയിട്ടുണ്ട്. ഇടക്ക് വീശിപ്പോകുന്ന കാറ്റ് തരുന്ന സുഖം അതു പറഞ്ഞറിയിക്കാൻ വയ്യ. ഈ വേനലിൽ ഇങ്ങനെ എങ്കിൽ മഴക്കാലം എങ്ങനെ ആയിരിക്കുമെന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ.


അങ്ങനെ 9.30 ഓടു കൂടി നാല് മണിക്കൂറോളം സമയം ചിലവഴിച്ച് കാടും കിളിയൊച്ചകളും കേട്ട് വാനരക്കൂട്ടത്തിന്റെ കുസൃതികളും കണ്ട് വയനാടൻ ചുരം എന്ന വിസ്മയത്തെ ഞങ്ങൾ നടന്നു കണ്ടാസ്വദിച്ച് ലക്കിടിയിലെ വ്യൂ പോയിന്റിലേക്ക് നീങ്ങി. സഞ്ചാരികൾക്ക് വിസ്മയം തീർത്ത് അങ്ങു ദൂരെ ചുരത്തിന്റെ രണ്ടും മൂന്നും വളവിൽ വാഹനങ്ങൾ കഷ്ടപ്പെട്ട് ചുരം കയറുന്ന മനോഹര കാഴ്ചക്ക് ഞങ്ങളും സാക്ഷികളായി.ഈ വ്യൂ പോയിന്റ് കാക്കുന്നത് വാനരക്കൂട്ടമാണ്. നല്ല ഭംഗിയിൽ നിർമ്മിച്ച സംരക്ഷണ വേലിയിൽ ചാരി നിന്ന് ഒന്നു രണ്ടു ഫോട്ടോയും എടുത്ത നടന്ന ഞങ്ങളെ വയനാടിന്റെ പ്രവേശന കവാടത്തിലേക്ക് വട്ടമിട്ട് താഴ്ന്നു പറന്ന ചക്കിപ്പരുന്ത് സ്വാഗതമരുളി.


1700- 1750 കാലഘട്ടത്തിൽ ചിപ്പിലിത്തോടിനു സമീപമുള്ള കാട്ടിൽ ജീവിച്ചിരുന്ന കരിന്തണ്ടൻ എന്ന ആദിവാസിമൂപ്പന്റെ ആത്മാവ് കുടികൊള്ളുന്ന ചങ്ങല മരത്തിൽ എത്തിയപ്പോൾ പൂർത്തീകരിച്ചത് മറ്റൊരു സ്വപ്ന യാത്രകൂടിയായിരുന്നു.
ഇനി കുറുവ ദ്വീപ് ആണു ലക്ഷൃം. ബസ്സിലാണ് ഇനിയുള്ള യാത്ര.ആദ്യം പനമരത്തേക്കും അവിടെന്നും പുല്പ്പള്ളി വഴി ഞങ്ങൾ കുറുവയിൽ എത്തിച്ചേർന്നു. കുറുവ എന്നോക്കുമായി അടച്ചു പൂട്ടുകയാണെന്ന് അവിടെ നിന്നും അറിയാൻ സാധിച്ചു.അവസാന സഞ്ചാരികളായി ഞങ്ങൾ കുറുവയിൽ പ്രവേശിച്ചു. മുളഞ്ചെങ്ങാടത്തിൽ കബനി നദീയെ തഴുകിത്തലോടി കുറുവ എന്ന ജൈവസമ്പത്തിന്റെ ഈറ്റില്ലത്തിൽ എത്തി. ഒരു പക്ഷേ പ്ലാസ്റ്റിക്ക് മുക്തമായ ഏകസ്ഥലം ഇതായിരിക്കാം.


950 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കുറവ ദ്വീപിനെ കബനി നദി കിഴക്കോട്ടൊഴുകി സമ്പന്നമാക്കുകയാണ്. രണ്ടു വല്യ വിശാലമായ കുളങ്ങളും കുറുവയിൽ ഉണ്ട്.കുറുവയുടെ പ്രൗഢി നിലനിർത്തിയിരുന്ന മുളങ്കൂട്ടങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. കാട്ടാറിനോട് ചേർന്ന് നടക്കുന്നതിന് വനം വകുപ്പ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.മുതലകൾ കൂടുതൽ ആയതിനാൽ ആണ് ഇങ്ങനെ ഒരു വിലക്ക്. കരിവേലകവും ഈട്ടിയും ഉങ്ങും വേങ്ങും മരുതും എല്ലാം ഇല പൊഴിച്ച് നില്ക്കുകയാണ്.


ചൂടും കൊണ്ടു നടന്നതിനാൽ ഞങ്ങൾ രണ്ടാളും കുളിച്ചുല്ലസിക്കുവാൻ സഞ്ചാരികൾക്ക് പ്രവേശനം ഉള്ള കാട്ടാറിലേക്ക് ചാടിയിറങ്ങി.രാധു കുറുവയുടെ സ്വന്തം വലിയ വാൽമാക്രിയുടെ പിറകേ ആ വഴി പോയി.പാറക്കൂട്ടങ്ങളിൽ തട്ടിത്തലോടി വരുന്ന വെള്ളത്തിന് വല്ലാത്ത തണുപ്പും ഉണ്ടായിരുന്നു. എത്ര നേരം അവിടെ ചിലവഴിച്ചതെന്നറിയില്ല. മടങ്ങും വഴി കാട്ടാറിൽ നീന്തിക്കളിക്കുന്ന മുതലയേയും കാണാൻ സാധിച്ചു.ഇനി ഒരിക്കലും ഈ മനോഹര ഭൂമിയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന സങ്കടത്തോടെ ഞങ്ങൾ കുറുവ ദ്വീപിനോട് വിട പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *