ഓഷോ; ജീവിതവും വിവാദങ്ങളും

അനുശ്രീ (1st Year Integrated MA)

രജനീഷ് ചന്ദ്രമോഹൻ ജെയിൻ(रजनीश चन्द्र मोहन जैन) (ഡിസംബർ 11, 1931 – ജനുവരി 19, 1990) ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഭഗവാൻ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന ഭാരതീയനായ ആത്മീയ ഗുരുവാണ്. വിവാദമായി മാറിയ ഓഷോ-രജനീഷ് മതാശ്രമങ്ങളുടെ ആത്മീയാചാര്യൻ എന്ന നിലയിൽ പ്രസിദ്ധനായ രജനീഷ് ഇന്ത്യയിലും അമേരിക്കയിലുമായി ജീവിച്ചിരുന്നു. അല്‍പകാലം ഫിലോസഫി പ്രൊഫസ്സറായിരുന്നു. ലൈംഗികതയിലൂടെ ആത്‌മീയതയുടെ പരമപദപ്രാപ്തിയിലേക്ക് (മോക്ഷം ) എത്തിച്ചേരാം എന്നുള്ള ഭാരതീയ താന്ത്രിക സങ്കൽപ്പത്തിന്‍റെ ആധുനിക വക്താവ് കൂടി ആയിരുന്നു അദ്ദേഹം.


“മനുഷ്യൻ അവനവനിലേക്ക് നോക്കിത്തുടങ്ങുന്നിടത്താണ് ആത്മീയതയുടെ ആരംഭം. യഥാർഥ ആത്മീയത എന്നാൽ, മതാതീതമായ വിശ്രാന്തിയാണ്. അതിൽ വാക്കുകളും സംഗീതവും ഫലിതവും മൗനവുമെല്ലാം ഉൾച്ചേരുന്നു”ആത്മീയതയ്ക്ക്‌ ഓഷോ നൽകിയ നിർവചനമാണിത്.

സ്നേഹം

ജ്ഞാനി ദൈവത്തെത്തേടി ഒരു വിശുദ്ധന്‍റെ അടുക്കലെത്തി. തലയിൽ പേറിനടന്നിരുന്ന മഹത് ഗ്രന്ഥങ്ങളുടെ ഭാരം സഹിക്കവയ്യാതെ അയാൾ ഏതാണ്ട് ചത്തിരുന്നു.
‘ദൈവത്തെ കാണാൻ ഞാനിനി എന്തുചെയ്യണം?’
അയാളുടെ തലയിൽ ഗ്രന്ഥങ്ങളുടെ മാറാപ്പ് അപ്പോഴുമുണ്ടായിരുന്നു. ‘അതിനാദ്യം തലയിലെ ആ ഭാണ്ഡമൊന്ന് ഒഴിവാക്കൂ’ വിശുദ്ധൻ പറഞ്ഞു.
വിജ്ഞാനഭാണ്ഡം പേറിനടന്നിരുന്ന ആ യുവാവിന് അത് ഇറക്കിവെക്കാൻ മടിതോന്നി. പാതിമനസ്സോടെ അത് ഇറക്കിെവച്ചു. എന്നിട്ടും അയാളുടെ ഒരു കൈപ്പത്തി അതിൻമേൽത്തന്നെ വിശ്രമിച്ചു.
‘സുഹൃത്തേ, ആ കൈപ്പത്തികൂടി എടുത്തുമാറ്റിയേക്കൂ.’
സകലധൈര്യവും സംഭരിച്ച് അയാൾ കൈപ്പത്തി എടുത്തു.
‘നിനക്ക് സ്നേഹത്തിന്റെ വഴിയറിയാമോ?’ വിശുദ്ധൻ യുവാവിനോട് ചോദിച്ചു. ‘ഇല്ലെങ്കിൽ സ്നേഹത്തിന്റെ ആരാധനാലയത്തിലേക്ക് വേഗം ചെല്ലൂ. സ്നേഹത്തിൽ ജീവിക്കൂ, അതിനെ അറിയൂ, എന്നിട്ടിങ്ങുവാ! ദൈവത്തെ കാണിച്ചുതരുന്നകാര്യം അപ്പോൾ ആലോചിക്കാം.’

ജ്ഞാനിയായ യുവാവ് തിരിച്ചുപോയി; അതുവരെ ജീവിതത്തിൽ ആർജിച്ച സകലമാന അറിവുകളെയും അവിടെ ഉപേക്ഷിച്ചുകൊണ്ട്.
വർഷങ്ങൾ ഒരുപാടു കഴിഞ്ഞു. യുവാവിന്റെ തിരിച്ചുവരവും കാത്തിരുന്ന വിശുദ്ധന് ക്ഷമനശിച്ചു. അയാൾ തിരിച്ചുവന്നതേയില്ല. ഒടുവിൽ വിശുദ്ധൻ അയാളെ തേടിയിറങ്ങി. ഒരു ഗ്രാമത്തിൽ, ഉന്മാദിയെപ്പോലെ നൃത്തംചെയ്യുന്ന അവനെ കണ്ടു. അലൗകികമായൊരു ആനന്ദം അവനെ അടിമുടി മാറ്റിക്കളഞ്ഞിരുന്നു.

‘നീ എന്തേ പിന്നെ മടങ്ങിവന്നില്ല?’ വിശുദ്ധൻ ചോദിച്ചു. ‘നിന്നെ കാത്തിരുന്നുമടുത്ത ഞാൻ ഒടുവിൽ നിന്നെ തേടിയിറങ്ങി. എന്തേ നിനക്ക് ദൈവത്തെ കാണണ്ടേ?’
‘ഓ, വേണമെന്നില്ല’ യുവാവുപറഞ്ഞു, ‘സ്നേഹമെന്തെന്ന് അറിഞ്ഞനിമിഷം ഞാൻ ദൈവത്തെയും കണ്ടെത്തിക്കഴിഞ്ഞിരുന്നു.’

മഹത്ത്വം

പൂണെ യിലെ ഓഷോ അന്താരാഷ്ട്ര ധ്യാനകേന്ദ്രം പ്രതിവർഷം 200000 ആളുകൾ സന്ദർശിക്കുന്നു.

ഓഷോയുടെ കൃതികൾ ഇതു വരെ 55 ഭാഷകളിലേക്ക്‌ മൊഴിമാറ്റം ചെയ്തിട്ടുണ്ട്‌.

ഓഷോയുടെ വാചകങ്ങൾ സ്ഥിരമായി ടൈംസ്‌ ഒഫ്‌ ഇൻഡ്യയിൽ വരുന്നുണ്ട്‌. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മൻമോഹൻ സിംഗ്‌, കഥാകൃത്ത്‌ ഖുശ്‌വന്ത് സിങ്, അഭിനേതാക്കളായ വിനോദ് ഖന്ന,മോഹൻ ലാൽ തുടങ്ങിയ പ്രശസ്തർ ഓഷോ തങ്ങളെ സ്വാധീനിച്ചിട്ടുണ്ടന്ന് പറഞ്ഞിട്ടുണ്ട്.

വിവാദങ്ങൾ

വിവാദങ്ങൾ ഓഷോയെ വിടാതെ പിന്തുടർന്നു. ലൈംഗികതയെയും വികാരപ്രകടനങ്ങളെയും പറ്റി ഓഷോയ്ക്കുണ്ടായിരുന്ന വിശാല മനഃസ്ഥിതി അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുടെ അതിരുവിട്ട പെരുമാറ്റരീതികൾക്ക്‌ കാരണമായി, ഇത്‌ ഇൻഡ്യയിലെയും അമേരിക്കയിലേയും ജനങ്ങളിൽ ഞെട്ടലും വെറുപ്പും ഉളവാക്കി. പാശ്ചാത്യ അച്ചടി മാധ്യമങ്ങൾ ഓഷോയ്ക്ക്‌ “യോനികളുടെ അധിപൻ” എന്ന ഒരു പദവി നൽകുകയും, അദ്ദേഹത്തിന്റെ ലൈംഗിക വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾക്കു മാത്രം പ്രാധാന്യം കൊടുത്തിരുന്നു.

ആഢംബര പ്രിയനായിരുന്ന ഓഷോ,ഭൗതിക ദാരിദ്ര്യം ആത്മീയതയെ ഒരു തരത്തിലും ബാധിക്കില്ല എന്ന് വിശ്വസിച്ചിരുന്നു. താൻ പണക്കാരന്‍റെ ഗുരുവാണന്ന് പലപ്പോഴും ഓഷോ പറഞ്ഞിരുന്നു”,

തന്‍റെ പ്രഭാഷണങ്ങളിൽ ഓഷോ, കുടുംബം, രാഷ്ട്രം, മതം തുടങ്ങിയ സമൂഹാധിഷ്ഠിത നിലപാടുകളെ ശക്തമായി വിമർശിക്കുകയും, രാഷ്ട്രീയക്കാരേയും പുരോഹിതന്മാരേയും ,തുല്യമായി അവഹേളിക്കുകയും ചെയ്തിരുന്നു – അവർ തിരിച്ചും.


ഓഷോയുടെ അനുയായികൾ വാസ്കോ കൗണ്ടിയിൽ(ഒറിഗോൺ), ഏകദേശം 60 കോടി ഡോളർ മുടക്കി വാങ്ങിയ 64000 ഏക്കർ വിസ്തൃതിയുള്ള മേച്ചിൽ പ്രദേശം നിയമപരമായി രജനീഷ്‌പുരം എന്ന നഗരമായി സംഘടിപ്പിച്ചു. 1981 മധ്യത്തോടെ ഓഷോ അവിടെ എത്തുകയും അടുത്ത നാലു വർഷങ്ങൾ അവിടെ കഴിയുകയും ചെയ്തു. ആത്മീയ ഗുരുവിനു ചേരാത്തരീതിയിൽ ആഡംബര സമൃദ്ധിയിൽ രജനീഷ്‌പുരത്ത്‌ കഴിഞ്ഞ ഓഷോയ്ക്‌ 90 റോൾസ്‌ റോയ്സ്‌ വാഹനങ്ങളും വീടിനുള്ളിൽത്തന്നെ നീന്തൽക്കുളവും ഉണ്ടായിരുന്നു.

1984 ഒക്ടോബറിൽ ഓഷോ തന്റെ മൗന വ്രതം അവസാനിപ്പിച്ചു. 1985 ജൂലൈ മുതൽ പ്രഭാഷണ പരമ്പരകൾ വീണ്ടും തുടങ്ങി.

ഓറിഗൺ സംസ്ഥാനമായും രജനീഷ്പുരത്തിന്റെ അയൽക്കാരുമായും നിലനിന്നിരുന്ന നിയമ പ്രശ്നങ്ങളും ,(സർക്കാർ അധികാരികൾക്കു നേരെയുള്ള വധ ശ്രമം, സംഭാഷണം ചോർത്തുന്ന നടപടികൾ, ഓഷോയുടെ ഡോക്ടർക്കു നേരെയുണ്ടായ വധ ശ്രമം, സാൽമണല്ല ജീവാണുവിനെ ഉപയോഗിച്ച്‌ സാധാരണക്കാർക്കു നേരെ നടത്തിയ ജൈവ തീവ്രവാദം) രജനീഷ്പുരത്തിന്റെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചു. കുറ്റക്കാരായിരുന്ന സന്ന്യാസികൾ യൂറോപ്പിലേക്ക്‌ രക്ഷപെട്ടു.

ഓഷോ ഈ പ്രശ്നങ്ങളിലൊന്നും കുറ്റാരോപിതനായില്ലയെങ്കിലും, അദ്ദേഹത്തിന്റെ ഖ്യാതിയെ, വിശേഷിച്ച്‌ പാശ്ചാത്യ രാജ്യങ്ങളിൽ, പരിഹരിക്കാവുന്നതിനപ്പുറം ബാധിച്ചു. 1985 ഒക്ടോബറിൽ, ഓഷോയെ നോർത്ത്‌ കരോളീനയിൽ ‌ അമേരിക്കയിൽ നിന്ന് രക്ഷപെടുന്നതിനിടെ അറസ്റ്റ്‌ ചെയ്തു. ലഘുവായ കുടിയേറ്റ നിയമ ലംഘനങ്ങൾ ആരോപിക്കപ്പെട്ട ഓഷോ, രാജ്യം വിട്ടുപോകാമെന്ന ഉറപ്പിന്മേൽ പന്ത്രണ്ട്‌ ദിവസത്തെ തടവിനു ശേഷം മോചിതനായി.. ഓഷോ പിന്നീട്‌ ലോകമാകെ സഞ്ചരിച്ച്‌ തന്റെ പ്രഭാഷണ പരമ്പരകൾ തുടർന്നു. ഇരുപതിലേറെ രാജ്യങ്ങൾ ഓഷോയ്ക്ക്‌ സന്ദർശനാനുമതി നിഷേധിച്ചിരുന്നു.

1986 ജൂലൈയിൽ ഇന്ത്യയിലെത്തിയ ഓഷോ, 1987 ജനുവരിയിൽ പൂണെയിലെ ആശ്രമത്തിലേക്കു മടങ്ങി. 1988 ഡിസംബറിൽ ഓഷോ എന്ന പേര്‌ സ്വീകരിച്ചു.1990 ജനുവരി 19 ന്‌ ഓഷോ അന്തരിച്ചു.

ഹൃദയാഘാതമാണ്‌ മരണകാരണമെന്ന് പറയുന്നതെങ്കിലും, അമേരിക്കയിൽ തടവിൽ കഴിഞ്ഞ സമയത്ത്‌ അമേരിക്കൻ സർക്കാർ അദ്ദേഹത്തിന്‌ അണുപ്രസരണ ശേഷിയുള്ള ഏതോ വിഷവസ്തു നൽകിയെന്നും അത്‌ താല്ലിയം എന്ന രാസവസ്തുവാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.ഓഷോയുടെ ചിതാഭസ്മം പൂണെയിലെ ആശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌. സ്മാരക ലേഘനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, “ഓഷോ. ജനിച്ചിട്ടില്ല, മരിച്ചിട്ടില്ല. ഡിസംബർ 11 ,1931നും, ജനുവരി 19 ,1990നും ഇടയ്ക്ക്‌ ഈ ലോകം സന്ദർശിക്കുക മാത്രം ചെയ്തു.”

Leave a Reply

Your email address will not be published. Required fields are marked *