ടെറസ് കൃഷിയിലെ താരം താമര; അറിയാം ഈ കാര്യങ്ങള്‍

താമര കൃഷി ഉദ്യാനത്തിൽ തരംഗമാവുകയാണ് വീണ്ടും.മുൻപ് പാടത്തും വലിയ കുളങ്ങളിലും വളർത്തിയിരുന്ന നാടൻ താമരയിനങ്ങൾക്ക് പകരം ചെറിയ ബേസിനിൽ പോലും പരിപാലിക്കാനാകുന്ന സങ്കരയിനങ്ങൾക്കാണ് ഇന്നു ഡിമാന്റ്. മൈക്രോ , മീഡിയം ഇനങ്ങൾ മുതൽ ആയിരം ഇതളുള്ള സഹസ്രദള കമലം വരെ ഇന്നുണ്ട്. ജലനിരപ്പിൽ നിന്ന് ഉയർന്നു വിടർന്നു നിൽക്കുന്ന താമര ആരുടെയും മനം കവരും. താമരയുടെ നൂറിനുമേൽ സങ്കരയിനങ്ങൾ ഇന്നു ലഭ്യമാണ്.നാടൻ ഇനങ്ങളിൽ നിന്ന് വ്യത്യസ്തമായി വർഷത്തിൽ പല തവണ പൂവിടുന്നു മിക്ക സങ്കരയിനങ്ങളും.

നടീൽ രീതി


താമരയുടെ തണ്ടാണ് നടീൽ വസ്തു. നാടൻ ഇനങ്ങൾ വിത്തുപയോഗിച്ച് വളർത്തിയെടുക്കാമെങ്കിലും സങ്കരയിനങ്ങളിൽ വളരെ അപൂർവമായേ വിത്ത് ഉണ്ടായിവരൂ. ഇവ നട്ടാൽ മുളയ്ക്കുകയുമില്ല. നല്ല വെയിൽ കിട്ടുന്നിടത്താണ് താമര പരിപാലിക്കേണ്ടത്. തണ്ടിൽ നിന്നും വേഗത്തിൽ തളിർപ്പുകൾ ഉണ്ടായി വരാനും വേഗത്തിൽ പൂവിടാനും വെയിൽ ആവശ്യമാണ്.വളർത്താനായി എടുത്ത സംഭരണിയുടെ അടിഭാഗത്ത് ഒരു അടുക്കല് ചാണകപ്പൊടി അല്ലെങ്കിൽ ആട്ടിൻകാഷ്ഠം നിരത്തണം. മുകളിലായി കട്ടയും കല്ലും നീക്കിയ ചുവന്ന മണ്ണ് അല്ലെങ്കിൽ പാടത്തെ ചെളി നിറയ്ക്കണം.തണ്ടുഭാഗം മിശ്രിതത്തിന് മുകളിൽ വെച്ച് ശേഷം മുകളിൽ അൽപം മണ്ണ് നിരത്തി മൂടണം. വലിയ അലങ്കാര പൊയ്കയിൽ മുഴുവനായി നടീൽ മിശ്രിതം നിറയ്ക്കാത്ത ബേസിനിൽ തണ്ട് നട്ട് ചെടി വളരാൻ തുടങ്ങിയാൽ പൊയ്കയിലേക്ക് ഇറക്കി വെയ്ക്കാം.

പരിപാലനം


തണ്ട് നട്ട ശേഷം സംഭരണിയിൽ 2-3 ഇഞ്ച് ഉയരത്തിൽ വെള്ളം നിർത്തിയാൽ മതി. ഇലകൾ വെള്ളത്തിന് മുകളിൽ വരുമ്പോൾ വെള്ളത്തിന്റെ ആഴം കൂട്ടിക്കൊടുക്കാം. ചെടിയുടെ പ്രാരംഭഘട്ടത്തിൽ വളർച്ചയ്ക്കായി നൈട്രജൻ അടങ്ങിയ ഡിഎപി രാസവളം വെള്ളത്തിൽ കലർത്തി നൽകാം. നന്നായി പൂവിടാൻ ഹ്യൂമിക് ആസിഡ് ചേർന്ന എൻപികെ രാസവളവും പ്രായോഗിക്കാം. ജൈവവളങ്ങൾ അധികമായാൽ വെള്ളത്തിൽ പായൽ വളർന്നുവരാനും ഇലതീനി ഒച്ചിനെ ആകർഷിക്കാനും കാരണമാകും. കാണുമ്പോൾ തന്നെ ശേഖരിച്ച് ഉപ്പുലായനിയിട്ട് ഇവയെ നശിപ്പിക്കണം.സംഭരണിയിലെ വെള്ളത്തിൽ പായൽ അധികമായി വളർന്നുവന്നാൽ നീക്കം ചെയ്യാൻ കുമ്മായം ചെറിയ കിഴിയായി നേർത്ത തുണിയിൽ കെട്ടി വെള്ളത്തിൽ ഇറക്കി വെച്ചാൽ മതി.

തയ്യാറാക്കിയത്: അഖില

Leave a Reply

Your email address will not be published. Required fields are marked *