മനസില്‍നിന്ന് ഫോണ്‍കോളിലേക്കുള്ള ദൂരം

ചെറുകഥ : രമ്യമേനോന്‍

ഉണങ്ങിയ പുല്ലുകളും തലപൊട്ടിത്തെറിച്ചുപോകുന്ന വെയിലുമടിക്കുന്ന ഈ റോഡിലൂടെ പോകുമ്പോഴെല്ലാം കൈ ഒന്ന് ചെറുതായി അയച്ച് അവള്‍ ചാടി എത്തിനോക്കും. കുഞ്ഞിന്റെ കൗതുകമാണെന്നാണ് അന്നൊക്കെ കരുതിയിരുന്നത്. പിന്നീടാണ് മനസിലായത് ആ വീട്ടില്‍ ഒന്ന് എത്തിനോക്കിയാലോ എന്ന് തോന്നാന്‍ പാകത്തില്‍ എന്തെല്ലാമോ ഉണ്ടെന്ന്… ക്ഷേത്രത്തില്‍ പ്രതിമകളെ നിര്‍മ്മിക്കുന്ന ശില്പിയുടെ വീടാണത്. തികച്ചും പോസിറ്റീവായി തോന്നേണ്ട വഴി എന്ന് മനസിനെ പറഞ്ഞുപഠിപ്പിച്ചാണ് എപ്പോഴും ഈ വഴിയിലൂടെ അവളുടെയും കൈപിടിച്ച് പോകാറ്. മറ്റൊന്നുംകൊണ്ടല്ല, അവള്‍ എത്തിനോക്കാന്‍ ശ്രമിക്കുന്നതിനുമപ്പുറം ആ വീട്ടില്‍ നിന്ന് വരുന്ന രൂക്ഷഗന്ധം എന്തോ ദുഷ്ചിന്തകളെ ഉണര്‍ത്താന്‍ പാകത്തിനുള്ളതാണ്. ഗവേഷണം നടത്തുന്ന കാലമായിരുന്നെങ്കില്‍ ഒരുപക്ഷെ ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോയെനെ എന്നു തോന്നിപ്പോയി..

വഴികളില്‍ കല്ലുവിന്റെ കൈപിടിച്ച് നടക്കുമ്പോഴെല്ലാം എപ്പോഴും അവളോട് സ്കൂളിലെ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുമായിരുന്നു. ഇന്നെന്തോ പതിവില്ലാതെ എല്ലാം യാന്ത്രികമായി പോകുന്നു. എന്നും ചെയ്യുന്നതുകൊണ്ടുമാത്രം അണുവിട തെറ്റാതെ കാര്യങ്ങള്‍ നടക്കുന്നുവെന്ന് ഓര്‍ത്തപ്പോള്‍ ഒരാശ്വാസം. അല്ലായിരുന്നെങ്കില്‍… അല്ലെങ്കിലും പാകപ്പിഴ സംഭവിക്കുമ്പോള്‍, എന്തോ വശപ്പിശകുണ്ടല്ലോ എന്ന് മറ്റുള്ളവര്‍ക്ക് തോന്നുമ്പോള്‍ മാത്രമാണ് ഏതൊരാളും തന്റെ കാര്യങ്ങള്‍ പുറത്തുപറയാന്‍ നിര്‍ബന്ധിതനാകുക. അല്ലെങ്കില്‍ ഒരുപക്ഷെ ഈ ലോകത്ത് കഥകള്‍പോലും ഉണ്ടാവുകയില്ലെന്നും അവളോര്‍ത്തു. പലരും തന്റെ അനുഭവങ്ങളാണല്ലോ കഥകളായും കവിതകളായും കുറിച്ചുവയ്ക്കുന്നത്. അതില്‍ ചിലത് മാത്രം, ഒട്ടും ആരെയും വേദനിപ്പിക്കില്ലെന്ന് തോന്നുന്നതിനുമാത്രം വെളിച്ചം കാണാനുള്ള ഭാഗ്യവും അങ്ങനെ സംഭവിക്കുന്നതാണ്.

ചിന്തിച്ച് നടന്നാല്‍ കുറേ ആശ്വാസം അവള്‍ക്ക് കിട്ടാറുണ്ട്. അതുകൊണ്ടാണ് പലപ്പോഴും സമയവും സാഹചര്യവും ഒത്താല്‍ പലയിടങ്ങളിലും നടന്നുതന്നെ അവള്‍ പോകുന്നത്. വിഷമം വരുമ്പോള്‍ മാത്രം നടക്കുന്ന പതിവ് അങ്ങനെ അവളെ പിശുക്കി എന്ന് മുദ്രകുത്താന്‍ പാകത്തിലാക്കി. കാര്യമാക്കിയില്ല. ഇനി ഒന്നും അങ്ങോട്ട് കാര്യമാക്കാന്‍ പോകുന്നുമില്ല. കാല്‍വെയ്പ്പുകള്‍ മനസുപോലെ ദൃഢമായി. കല്ലുവിന്റെ കൈക്കുമേലുള്ള പിടിത്തം വീണ്ടും മുറുക്കി. അവള്‍ക്ക് വേദനിച്ചുകാണുമോ?

എന്തിനാണ്. ഒരു തീരുമാനമെടുത്താല്‍ പിന്നെ അതിലങ്ങ് ഉറച്ചുനിന്നൂടെ. സ്വന്തം മനസും മറ്റുള്ളവരുടെ വാക്കുകളും തലയില്‍ ആഞ്ഞാഞ്ഞ് അടിക്കാറുണ്ട്. ശല്യം ചെയ്യുന്ന പൊടിക്കാറ്റ് പോലെയൊക്കെ, പരസ്പര ബന്ധമില്ലാത്ത ഏതോ വിശേഷണങ്ങളോടൊക്കെ സാമ്യം തോന്നിക്കുന്നു. ജയിച്ചൂവെന്ന് തോന്നിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രായമായിട്ടില്ലെന്ന തോന്നലുണ്ടാക്കാന്‍ പാകത്തില്‍ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിലൊക്കെ പങ്കിട്ട്, സ്വയംതന്നെ… ആഹാ എന്ത് ചന്തം എന്ന് നോക്കി ചിരിച്ചിട്ടുണ്ട്. അവിടെ നിന്നാണ് പിന്നെ ഓരോരൊ പുതിയ മുഖങ്ങളും വിശേഷങ്ങള്‍ തിരക്കി എത്തുന്നത്. ചിലരോട് സത്യത്തില്‍ പ്രണയം തോന്നാറുണ്ട്. സ്വയം ശരിയാണെന്ന് കരുതാന്‍, ഇതൊക്കെ മാനുഷിക സഹജമല്ലെ എന്ന് പറഞ്ഞ് സ്വന്തം അജ്ഞാത കരങ്ങള്‍ കൊണ്ട് തോളില്‍ തട്ടും. സ്വയം കെട്ടിപ്പിടിക്കും. ഏതൊ ഒരു തോളില്‍ ചാഞ്ഞിട്ട് വിഷമങ്ങള്‍ കരഞ്ഞുതീര്‍ക്കുന്നതായി ഭാവനയില്‍ കാണും. അതുമല്ലെങ്കില്‍ ഒറ്റയ്ക്ക് ബാത്ത്റൂമില്‍ ചെന്ന് തല തണുക്കുംവരെ കരച്ചിലടക്കി കുളിക്കും. എന്തെല്ലാം ചെയ്തികളാണ്… മനസാണ് മടുക്കും. ഒന്നിലും ഉറച്ചുനില്‍ക്കില്ല. മടക്കവുമില്ല. പിണങ്ങിയെന്ന് സ്വയം പ്രഖ്യാപിച്ച് തിരിഞ്ഞ് നടക്കാന്‍ ശ്രമിച്ച് വഴികളില്‍ എവിടെയോ ദിക്കറിയാതെ നില്‍ക്കുന്നപോലെ ഒരോ ദിനവും കടന്നുപോകും.

സാധനങ്ങളെല്ലാം പതിയെ ഒരു മൂലയ്ക്ക് മാറ്റിവച്ച് പതിവുപോലെ കട്ടിലില്‍ ചെന്നിരുന്നു. കല്ലുവിന് കഴിക്കാനുള്ളത് മേശപ്പുറത്ത് എടുത്തുവെച്ചിട്ട് പതിയെ ലാന്‍ഡ്ഫോണിന്റെ അടുത്ത് വന്ന് ചാരുകസേരയില്‍ വെറുതേ കാല്‍ കയറ്റിവച്ച്, മുട്ടില്‍ മുഖംപൂഴ്ത്തിവച്ചിരിപ്പായി അവള്‍.. സമയം അ‍ഞ്ചരയടുത്തു. വിളിക്കാന്‍ സമയമായി.. വരുന്നില്ലെ എന്ന് ചോദിച്ച് ഇന്ന് പതിവ് വിളി വന്നില്ല… വിഷമിക്കാനാണ് യോഗം.. ആ വിളിയും കൂടി കഴിഞ്ഞാല്‍ അടുത്ത പതിവിലേക്ക് കടക്കാം അവള്‍ അതേ ഇരിപ്പില്‍ ആലോചന തുടര്‍ന്നു… പെട്ടെന്ന് ഞെട്ടി, ഫോണിന്റെ പതിവ് ചിലയ്ക്കലില്‍ ഇന്നെന്തിന് ഇത്ര ഞെട്ടല്‍. മറുതലയ്ക്കല്‍ എന്തായിരിക്കാം എന്ന് അറിയാമെങ്കിലും അവള്‍ ഫോണെടുക്കും. അത് അയാള്‍ക്കുമറിയാം.. റിസീവറെടുത്തു… എന്നാ തിരിച്ച് വരിക? ഇത്രത്തോളം മാറി നിക്കാന്‍ ഞാനെന്ത് തെറ്റാണ് ചെയ്തത്? റിസീവര്‍ ഒന്നുകൂടി ചെവിയോട് ചേര്‍ത്ത്, ഒട്ടിച്ചുവയ്ക്കുംപോലെ വെച്ച് ആ ചോദ്യങ്ങള്‍ ഉള്ളിലേക്ക് ആവാഹിച്ച് അവളിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *