മുറപ്പെണ്ണ്…

മിനിത സൈബു

അയാൾ എന്തൊക്കെയോ എന്നോടു പറയാൻ ശ്രമിക്കുന്നുവെന്ന് മനസ്സിലായപ്പോഴാണ്, ഞാനയാളുടെ വാക്കുകൾക്ക് ചെവി കൊടുക്കാൻ തീരുമാനിച്ചത്…

പരിചയക്കുറവ് ഉണ്ടെങ്കിലും, സ്വന്തം കഥ എന്നോടു പറയണമെന്ന് നേരത്തെ തന്നെ അയാൾ മനസ്സിലൊരു തീരുമാനം എടുത്തത് പോലെ തോന്നി എനിക്ക്…

അയാൾ ആദ്യമേ തന്നെ പറഞ്ഞു വച്ചു,” എനിക്ക് പെൺസൗഹൃദങ്ങളില്ല, ഞാനാരേയും പ്രണയിച്ചിട്ടുമില്ല” എന്ന്…

“പക്ഷേ ഇപ്പോഴെന്റെ മനസ്സു നീറുന്നു, എന്നെ മാത്രം സ്വപ്നം കണ്ടിരുന്ന ഒരു പെണ്ണുണ്ടായിരുന്നു, എന്റെ മുറപ്പെണ്ണ്, ഞാനറിയാതെ എന്നെ പ്രണയിച്ചവൾ”…

“ഓർമ്മവച്ചകാലം മുതൽ എന്റെ പുറകേ കിലുക്കാംപെട്ടി പോലെ ഓടി നടന്നവൾ, ഓരോ വാക്കിലും നോക്കിലും എന്നെ പ്രണയിച്ചവൾ, ഞാൻ മാത്രം അറിയാതെ പോയ എന്റെ പ്രണയം”…

“ഇക്കാര്യം എന്റെ കുടുംബത്തിൽ പലരുമറിഞ്ഞു ഞാനൊഴികെ, എന്നെക്കൂടാതെ വേറെയും മുറച്ചെറുക്കൻമാർ ഉണ്ടായിട്ടും അവളെന്നും മോഹിച്ചത് എന്റെ പെണ്ണാകുവാൻ മാത്രമായിരുന്നു”…

“എന്നെങ്കിലും ഞാനത് മനസ്സിലാക്കി ഒരിക്കൽ ആ ഇഷ്ടം പറയുമെന്ന് കരുതി അവൾ കാത്തിരുന്നു”…

“രക്തബന്ധത്തിൽ നിന്നുമൊരു വിവാഹം വേണ്ടെന്ന് ഒരിക്കൽ അമ്മാമ്മ എന്നോടു പറഞ്ഞപ്പോഴും അതിന്റെ പൊരുൾ ഞാനറിഞ്ഞില്ല”…

“എന്റെ ജന്മദിനം ഞാൻ മറന്നാലും അവൾ മറക്കില്ലായിരുന്നു, എന്നെ ആശംസകൾ അറിയിക്കാൻ അവൾ ഏറെ സന്തോഷത്തോടെ ഓടിയെത്തുമായിരുന്നു”…

“ഒരുപക്ഷേ അവളുടെ ഇഷ്ടം ഞാനറിഞ്ഞിട്ടും, വേണ്ട പരിഗണന അന്നതിനു കൊടുക്കാതെ പോയതുമാവാം”…

” ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ്, ഒരു കുഞ്ഞിന്റെ അമ്മയാണ്, എങ്കിലും ആ മനസ്സിൽ എനിക്കിന്നും സ്ഥാനമുണ്ടെന്ന് അവൾ പറയാതെ പറയുമ്പോൾ ഞാനറിയുന്നു, ഈ ലോകത്തിലെ ഏറ്റവും വലിയ തോല്‍വി ഞാനാണെന്നും എന്റെ
ജീവിതമാണെന്നും”…

ഒടുവിൽ ഒന്നു കൂടി അയാൾ പറഞ്ഞു നിര്‍ത്തി, “നാളെ എന്റെ ജന്മദിനമാണ്, ഇപ്പോൾ ആശംസകൾ പറയാൻ അവൾ വരാറില്ല, പക്ഷേ ഇന്നു ഞാനത് വെറുതെയെങ്കിലും മോഹിക്കുന്നു എന്നതാണു സത്യം”…

അത്രയും പറഞ്ഞു നിർത്തിയപ്പോൾ അയാളുടെ ഉൾത്തടത്തിലൂടെ ഒരു ആശ്വാസക്കാറ്റ് കടന്നു പോയിരിക്കാമെന്ന് എനിക്ക് ആ നിമിഷം തോന്നി…

Leave a Reply

Your email address will not be published. Required fields are marked *