ആട്ടുകല്ലും നിലവിളക്കും. 4

ഗീത പുഷ്കരന്‍

“എടാ പ്രേമാ… എടാ.. എണീക്കെടാ..”
ഭാസ്കരൻ മുതലാളി തോളത്തു തട്ടി ഉണർത്തി പ്രേമനെ.

പ്രേമൻ കണ്ണു തുറക്കാനൊന്നും മൊതലാളി കാത്തുനിന്നില്ല. ഇന്നലെ രാത്രീ നീയവരെ എവിടാടാ കൊണ്ടെയാക്കിയത് എന്നു ചോദിച്ചത് സാമാന്യം രോഷത്തിൽത്തന്നെയായിരുന്നു.

ബസ് സ്റ്റോപ്പിലെന്നു പ്രേമൻ മറുപടി പറഞ്ഞു വീണ്ടും തിരിഞ്ഞു കിടന്നു. മൊതലാളീടെ കൈ മുതുകത്തു വീണപ്പോളാണ് പ്രേമൻ ചാടിയെഴുന്നേറ്റത്.
“എന്നാ പറ്റി അച്ചാ.. എന്നാ ഉണ്ടായിട്ടാ എന്നെ തല്ലണത്?”

“എടാ ഒരു പെണ്ണ് ചന്തേലെ റാവുത്തരുടെ കടേ തൂങ്ങിച്ചത്ത്, റാവുത്തരും ചത്തു കെടക്കണെന്ന് . ഷാപ്പിന്നു തൊറക്കേലാന്ന്
നമ്മടെ ചന്ദ്രപ്പൻ വന്നു പറയണു.
അവരെങ്ങാനും ചന്ദ്രപ്പൻ കണ്ടാരുന്നാടാ ?”

“ഇല്ലച്ചാ. ഞങ്ങളു നടന്നു ചന്തസ്റ്റോപ്പിൽ എത്തി , ഞാൻ തിരിച്ചു പോന്നു കഴിഞ്ഞാ അച്ഛനും ചന്ദ്രപ്പൻ ചേട്ടനും വണ്ടിയെ വന്നത്.. “

“എടാ അവര് എങ്ങിനെ , എങ്ങാട്ടുപോയെന്നു നിനക്കറിയാമാ?”

“തിരിച്ചുവീട്ടീപോണന്നാരുന്നു പറഞ്ഞത്. “

” എന്റെ ദൈവമേ..നീയാ പെണ്ണിനെ കണ്ടാലറിയുവോടാ ?, “

“ഇല്ല അച്ചാ.. ഇരുട്ടല്ലേ അവളു ഷാളുകൊണ്ടു തലയും മുഖവും മറച്ചാ നിന്നിരുന്നത് ബസ് സ്റ്റോപ്പിൽ ചെന്നപ്പോഴും. പിന്നെ ഞാൻ അവളുടെ മുഖത്തോട്ടു നോക്കീമില്ല.”

” ചേലായി. ഇനിയിപ്പ നീ ആരേം വിളിച്ചു
തെരക്കണ്ടാ. മുണ്ടാതെ പൊരക്കാത്തിരുന്നോ. എന്നാങ്കിലും ഒണ്ടെങ്കി ഞാം വിളിക്കാം. “

” ഉം..”
ഉള്ളിലെ വിറയൽ പുറത്തു കാണാക്കാതെ
അച്ചനും മകനും പൊരക്കകത്തു തന്നെ ഇരുന്നു.

പ്രേമനാകെ ഭ്രാന്തായി.
കോളേജി കൂടെ പഠിച്ച ഒരുത്തനാണ്. സ്നേഹിച്ച പെണ്ണിനേം കടത്തിക്കൊണ്ടു പോന്നതാണ്. പിന്നാലെ അവൾടെ കൂട്ടരുണ്ട്, കണ്ടുകിട്ടിയാൽ കുഴപ്പമാണ് എന്നു പറഞ്ഞു സന്ധ്യ മയക്കത്തിനു വീടിനടുത്തെത്തി ഫോൺ വിളിച്ചതാണ്,
ഒളിച്ചു താമസിക്കാനൊരിടം തേടി.
അച്ചൻ സമ്മതിച്ചില്ല. അവരെ ബസ് സ്റ്റോപിൽ കൊണ്ടാക്കുകേം ചെയ്തു. പിന്നീടെന്താ സംഭവിച്ചതെന്ന്
ആരോടാ ചോദിക്കുന്നത്. വിളിക്കണ്ടാ എന്ന്
അച്ചന്റെ ഓർഡറും. അതും ശരിയാണ്.
പ്രേമൻ തളർന്നു കിടന്നു. അച്ചന്റെ കൈയ്യീന്നു ചീത്ത കിട്ടി. ഇനി തല്ലു കിട്ടാതിരുന്നാ ഭാഗ്യം.ചെറുപ്പത്തിന്റേം കാശിന്റേം തെളപ്പാണോന്ന് അച്ചൻ ചോദിച്ചത് തന്നെയും കൂടെ കൂട്ടിയാണല്ലോ. പ്രേമമൊന്നും അച്ചനു പിടിക്കൂല്ല..

ഭാസ്കരൻ മൊതലാളിയും ആകെ ബേജാറായി. പെണ്ണ് അതു തന്നെയായിരിക്കും. പക്ഷേ ആ ചെറുക്കൻ
ഇങ്ങോട്ടു പോയി. രാവുത്തരുടെ കടേ അവളെങ്ങിനെ എത്തി. പിശാശ് ഇതിനെടേ എങ്ങനെ വന്നുപെട്ടു. പിശാശിനെ അങ്ങിനെയാർക്കും കീഴടക്കാനൊക്കുകേല.
മൂക്കറ്റം കുടിച്ചാലും തളരണവനുമല്ല.
.ഇനീപ്പ വരണെടത്തു വച്ചു കാണുകേല്ലാതെ വേറെ വഴിയില്ലല്ലാ.

ചന്തേലപ്പം പോലീസെത്തി നടപടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു.
റാവുത്തരുടെ കെട്ടിയവൾ ആർത്തലച്ചു വന്നു കടവാതിൽക്കൽ വീണ് ബഹളമുണ്ടാക്കുന്നുണ്ട്. ഒരിക്കലും രാത്രി കടേക്കിടക്കാത്തവൻ മരിക്കാൻ വേണ്ടി
അവിടെ കിടന്നതാണല്ലോ എന്ന് അവൾ
പതം പറഞ്ഞു നിലവിളിച്ചു.

ഇതിനെടേൽ വക്രബുദ്ധി കണ്ടുപിടിച്ച കീടനാശിനിസ്കന്ദനെ പോലീസുകാരൻ
വിളിച്ചു ചത്ത പെണ്ണിനെ അറിയുമോന്നു നോക്കാൻ പറഞ്ഞു.
സ്കന്ദനാണേൽ അങ്ങു പ്രമുഖനായി. ഓടിച്ചെന്നു പെണ്ണിന്റെ മുഖം നോക്കിനിന്നു..
പെട്ടന്ന് വെളിപാടു കിട്ടിയപോലെ അലറി
ഒന്നു നോക്കെന്റെ സാറേ.. ഈ പെണ്ണിനു
ആ കെടന്നു കാറണ പെണ്ണുമ്പിള്ളേടെ
നെറോം രൂപോമില്ലേന്നു നോക്കേ…
ജനം ഒന്നുലഞ്ഞു ഉണർന്നു…

ശരിയാണു കേട്ടാ
ലൈലാത്താടെ ഛായേണ്ടേ..
കൊട്ടയും ചട്ടിയുമായി ചന്തേലിരിക്കണ
കൊറ്റേത്തെ അല്ലി അത്ഭുതം കൂറി.

പ്രേമിച്ച പെണ്ണിനെ കെട്ടാൻ അമ്മ സമ്മതിക്കാത്ത ദുഃഖത്തിന് കാവീംചുറ്റി നാടു തെണ്ടുന്ന ലവൻ, അവന്റെ ഇരട്ട സഹോദരൻ കുശനോടു കയർത്തു. അല്ലേലും മനുഷമ്മാര് ജീവിക്കാൻ സമ്മതിക്കുകേലല്ലാന്ന്.

ജനം കൂടുന്നതു കണ്ട് റാവുത്തരുടെ അവിഹിതം കണ്ടുപിടിച്ചു വിളമ്പാൻ കീടനാശിനിക്കു ഒരു നിമിഷം മതിയായിരുന്നു

ലൈലാത്ത മാത്രം അവളെന്റെ മാമന്റെ മകളാണേ… എന്ന്‌ കരഞ്ഞു വിളിച്ചു പറഞ്ഞു.

കീടനാശിനിക്കു വീറു കൂടി…
“കേട്ടാ… കേട്ടാ… പെണ്ണിന്റെ കെട്ടിയോനെ നെങ്ങാനും ഇവക്കടെ ചെയ്ത്തുദോഷം കണ്ടാരിക്കുവേ.. അവളിന്നലെ രാത്രീ
ഇവടെ വന്നു കേറിയതറിഞ്ഞ ആയാളു പൊറകേ വന്നാരിക്കും. തട്ടിക്കളഞ്ഞുകളയാന്ന് വിചാരിച്ചാരിക്കുവേ.
അല്ല ആണല്ലേ അയാക്കു സഹിക്കുകേലേ..”

“എടാ എടാ… മിണ്ടാതിരിയെടാ..”
അല്പം മനുഷ്യത്വമുള്ള പോലീസുകാരൻ
ലൈലാത്തയെ ചൂണ്ടിക്കാട്ടി മിണ്ടരുത് എന്ന ആംഗ്യത്തോടെ കീടനാശിനിയെ താക്കീതു ചെയ്തു.

സുലഭയും സരോജയും പത്മിനിയും കൂടി കിടനാശിനിയെ തെറിവിളിച്ചു. ലൈലാത്ത യെ തട്ടുകടക്കാരൻ മത്തകുത്തിത്തങ്കപ്പനോട് ഒരു സോഡവാങ്ങി കുടിപ്പിച്ചു.
ഇതിനെടേലും മീനാക്ഷിടെ കാര്യം പോലീസുകാരനോട് പറയാൻ സുലഭ
ധൈര്യം കാണിച്ചു.
പരാതി കിട്ടീട്ടൊണ്ട്. അന്വേഷിക്കുന്നുണ്ട്
എന്ന് എ. എസ്.ഐ മാധവൻ മറുപടിയും പറഞ്ഞു.

റിട്ടയേഡ് പോലീസുകാരൻ കാലൻ പരമേശ്വരൻ ,റാവുത്തർ സംഭവത്തിന് സാമാന്യം സാധൂകരണമുള്ളൊരു കഥ മെനഞ്ഞ് റിട്ടയേഡ് വാധ്യാർ വിശ്വംഭരനോട് ചർച്ച ചെയ്തു. പെണ്ണിനെ ആരെങ്കിലും തട്ടി കൊണ്ടുവന്ന് റാവുത്തരുടെ കടേൽ കേറ്റിയതാവാമെന്നും ഒരിക്കലും റാവുത്തർ കടയിൽ രാത്രി കിടക്കാറില്ലെന്നുള്ള വിവരം അറിയാവുന്ന ആരെങ്കിലും ആവാം അതെന്നും കാലൻ സ്ഥാപിച്ചു കൊടുത്തു. റാവുത്തർ പെണ്ണിനെ രക്ഷിക്കാൻ ശ്രമിച്ചതിനിടയിൽ കൊല്ലപ്പെട്ടതാകാമെന്നും കൂടി കാലൻ കണ്ടുപിടിച്ചു. പെണ്ണ് കൊലപാതകവും റേപ്പും പുറത്തു പറയാതിരിക്കാൻ അവളെ കൊന്നു കെട്ടിത്തൂക്കിയതാവുമെന്നും കാലന്റെ പോലീസ് ബുദ്ധി കൂട്ടിച്ചേർത്തു.

ഇത്രയുമൊക്കെയായപ്പോൾ ജഢങ്ങൾ പോസ്റ്റുമോർട്ടത്തിനു മാറ്റി. പെട്ട വിലയ്ക്ക്
കൊണ്ടുവന്ന മീനും പച്ചക്കറീമൊക്കെ വിറ്റ് പുറം കച്ചവടക്കാരും കിട്ടിയതും വാങ്ങി ജനങ്ങളും അടച്ച കടയ്ക്കുമുന്നിൽ കറുപ്പു കൊടിയും തൂക്കി കടക്കാരും ചന്ത കാലിയാക്കി.

പക്ഷേ ഒരു കൂട്ടം ഗവ.ആശുപത്രി മുറ്റത്ത് കാര്യസ്ഥത അഭിനയിച്ചു ന്യൂസ് പിടിക്കാൻ കാത്തുനിന്നു.

അപ്പോഴും പിശാശിനെ വെട്ടി വീഴ്ത്തിയതാരാണെന്ന് മാത്രം ആർക്കും ഊഹിക്കാൻ പറ്റിയില്ല.
ബാധയൊഴിഞ്ഞ ആഹ്ളാദം മറ്റു വികാരങ്ങൾക്കു മേലെ പതഞ്ഞുപൊങ്ങി.

പ്രേമനും ഭാസ്കരൻ മൊതലാളീം ചന്ദ്രപ്പനും വല്ലാത്തൊരു അങ്കലാപ്പിൽ പെട്ട്
നിൽക്കാനും കിടക്കാനും ഇരിക്കാനും വയ്യാതെ എരിപൊരി കൊണ്ടു .
ചായക്കടക്കൂട്ടം മീനാക്ഷിയെ ഓർത്ത്
മനസ്സു പൊരിച്ചു.

അടുത്ത ദിവസത്തെ പുലരിയിൽ സൂര്യരശ്മിയല്ല പാലൊളിച്ചന്ദ്രികയാണ് ഭൂമിയെ പുണർന്നത്.

വെളുപ്പാങ്കാലത്ത് അഞ്ചു കിലോമീറ്റർ ഓടുന്ന പട്ടാളക്കാരനാണ് ആ കാഴ്ച കണ്ടത്..

തുടരും

ആദ്യ ഭാഗം വായിച്ചിട്ടില്ലാത്തവര്‍ക്കായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!