പറഞ്ഞതും കേട്ടതുമല്ല കുഞ്ഞാലി; ഇത് മനസ് നിറയ്ക്കുന്ന മരക്കാർ
എസ്തെറ്റിക് വോയജർ
നെഗറ്റീവ് റിവ്യൂ കണ്ടു മനസ്സ് നിറഞ്ഞിട്ടും മരക്കാർ- അറബിക്കടലിന്റെ സിംഹം കണ്ടത് എല്ലാ ധൈര്യവും സംഭരിച്ചായിരുന്നു. എന്തും നേരിടാനുള്ള ധൈര്യം. ദുബായ് മാൾ ഓഫ് എമിറേറ്റ്സിലെ ഷോയ്ക്കു കയറുമ്പോൾ തീയേറ്റ൪ നിറഞ്ഞ് ആൾകൂട്ടം. രണ്ടാം ദിവസവും പടം ഹൗസ് ഫുൾ!
ബെട്ടിയിട്ട ബാഴ പോലെ ഒരു സിനിമയല്ല മരക്കാറെന്നു തുടക്കത്തിൽ തന്നെ മനസിലായി.
കുഞ്ഞാലിയുടെ ചെറുപ്പകാലവും വിവാഹവുമൊക്കെയായി പ്രണവ് മോഹൻലാലിന്റെ പകർന്നാട്ടം. ഒരു പക്ഷെ പ്രണവ് ഇത്രയേറെ നന്നായി അഭിനയിക്കുമെന്ന് പോലും പ്രേക്ഷകർ മനസിലാക്കുക ഈ സിനിമയിലൂടെയാവും. അവിടെ നിന്ന് കുഞ്ഞാലി മരയ്ക്കാർ ആയിട്ടുള്ള മോഹൻലാലിന്റെ ട്രാ൯സിഷൻ വളരെ നന്നായി പ്രിയദർശൻ ഫ്രെയിം ചെയ്തിരിക്കുന്നു. ആവേശവും വേഗത നിറഞ്ഞതുമായ ഒന്നാം പകുതി, ഇമോഷനും സ്ലോ ഫേസുമായി രണ്ടാം പകുതി. ചരിത്രത്തെ കൂട്ട് പിടിച്ചു ക്ലൈമാക്സ് രംഗം. അങ്ങനെ ഫിക്ഷനും ചരിത്രവും സമ്മിശ്രമാക്കി ഒരു സിനിമാറ്റിക് വേർഷൻ ആണ് പ്രിയദർശന്റെ മരക്കാർ- അറബിക്കടലിന്റെ സിംഹം.
പ്രണവ്- കല്യാണി സീക്വ൯സുകൾ വളരെ നന്നായിട്ടുണ്ട്. ഇവർ ഒരുമിച്ചുള്ള ഫ്രെയിമുകളിൽ നല്ല കെമിസ്ട്രി ഫീൽ ചെയ്യും. ക്യാരക്ട൪ വേഷങ്ങൾ ഏറ്റവും നന്നായി ചെയ്തിരിക്കുന്നത് ഹരീഷ് പേരാടിയും അർജുൻ സർജയും കീർത്തി സുരേഷും ചിന്നാലി എന്ന കഥാപാത്രമായി എത്തിയ ജയ് എന്ന തായ് നടനുമാണ്.
മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽ ടെക്നിക്കൽ ബ്രില്ലിയൻസ് എറ്റവും ഉയർന്ന നിലവാരത്തിൽ ഉപയോഗിച്ച സിനിമ ആണ് മരക്കാർ എന്ന് നിസ്സംശയം പറയാം. ആ അർത്ഥത്തിൽ ഇത് വി എഫ് എക്സ് സൂപ്പർവൈസർ സിദ്ധാർഥ് പ്രിയദർശന്റെ സിനിമയാണ്. സിജിയും വി എഫ് എക്സും ചിത്രത്തോട് മനോഹരമായി ചേർന്നിരിക്കുന്നു.
ചിത്രത്തിന്റെ വിമർശനമായി ഒരുപാട് പേ൪ പറഞ്ഞു കേട്ടത് മോഹൻലാലിന്റെ കോഴിക്കോടൻ സ്ലാങ് ശരിയല്ലായെന്നാണ്. കൊച്ചിയിൽ നിന്ന് അഭയം തേടി കോഴിക്കോട് എത്തുന്ന യുവാവായാണ് കുഞ്ഞാലിയെ അവതരിപ്പിച്ചിരിക്കുന്നത്. ആ കുഞ്ഞാലി തനി കോഴിക്കോടൻ ഭാഷ തന്നെ സംസാരിക്കണമെന്നൊക്കെ പറയുന്നത് ഇത്തിരി അതിക്രമം തന്നെ. കുഞ്ഞാലി മരക്കാർ എന്ന വ്യക്തിയുടെ ശാരീരിക ഘടനയെയോ വസ്ത്രധാരണത്തെ കുറിച്ചോ വ്യക്തമായ അറിവില്ലാത്തതിനാൽ തികച്ചും ഭാവനപരമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നു പടം തുടങ്ങുന്നതിനു മുൻപ് തന്നെ സംവിധായകൻ മുൻകൂർ ജാമ്യവും എടുത്തിട്ടുണ്ട്. ചിത്രത്തിന്റെ പോരായ്മയായി തോന്നിയത് ബാക് ഗ്രൗണ്ട് സ്കോർ ആണ്. പിന്നെ ആന്റണി പെരുമ്പാവൂർ എത്തുന്ന ഒരു സീനും, അത് ഒരു പക്ഷെ നിര്മാതാവിനോടുള്ള ഒരു സോഫ്റ്റ് കോർണർ എന്ന് പറയാമെങ്കിലും.
ഒരുവശത്ത് തെറിവിളികളും മറുവശത്ത് പൂമാലകളുമായി മരക്കാരെ വരവേൽക്കുമ്പോൾ ഓ൪മ വരുന്നത് ചിത്രത്തിലെ ഡയലോഗ് തന്നെ, “പറയുന്നതും കേൾക്കുന്നതുമൊന്നുമല്ല കുഞ്ഞാലി”. തികച്ചും തീയേറ്റ൪ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന സിനിമ തന്നെയാണ് മരക്കാർ- അറബിക്കടലിന്റെ സിംഹം.