“ചെന്താരച്ചന്തമെഴും…” വിനീത് ശ്രീനിവാസന്റെ അടുത്ത ഹിറ്റ് ഗാനം
വിനീത് പാടിയ “ബെല്ലും ബ്രേക്കിലെ” ഗാനം റിലീസാകുന്നു
റാസ് മൂവീസിന്‍റെ ബാനറില്‍ പി സി സുധീര്‍ സംവിധാനം ചെയ്ത “ബെല്ലും ബ്രേക്കിലും” പ്രശസ്ത ഗായകന്‍ വിനീത് ശ്രീനിവാസന്‍ പാടിയ ആദ്യഗാനം റിലീസാകുന്നു. വിനീത് ശ്രീനിവാസനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് വിനീത് പാടിയ ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നത്.
അഡ്വ. ശ്രീരഞ്ജിനി രചന നിര്‍വ്വഹിച്ച “ചെന്താരച്ചന്തമെഴും…” എന്ന രാജേഷ് ബാബു കെ സംഗീതം നല്‍കിയ ഗാനമാണ് വിനീത് പാടുന്നത്. വിനീതിന് ഫുള്‍ സപ്പോര്‍ട്ടുമായി ബെല്ലും ബ്രേക്കും ടീം കൂടെയുണ്ട്. പുതിയ തലമുറയിലെ ഗായകരില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് വിനീതെന്ന് സംഗീത സംവിധായകന്‍ രാജേഷ്ബാബു കെ പറഞ്ഞു. പഴയ തലമുറയില്‍പ്പെട്ട ഗായകരെപ്പോലെ അര്‍പ്പണ മനോഭാവം വിനീതിനുണ്ട്.
ഗാനം നന്നായി പഠിച്ച് സമയമെടുത്ത് തന്നെയാണ് പാടുന്നത്.മാസങ്ങള്‍ക്ക് മുമ്പാണ് ബെല്ലും ബ്രേക്കിലെ ഗാനത്തിന്‍റെറെക്കോര്‍ഡിംഗിനുവേണ്ടി വിനീതിനെ സമീപിച്ചത്. അന്ന് അദ്ദേഹം തിരക്കായിരുന്നു. പിന്നീട് അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കിയ സമയത്ത് തന്നെ എത്തി ഗാനം ആലപിക്കുകയായിരുന്നു.
പൂർണ സമര്‍പ്പണത്തോടെയാണ് ആ ഗാനം മനോഹരമായി ആലപിച്ചത്. ഒട്ടേറെ ഗായകരെക്കൊണ്ട് ഞാന്‍ പാട്ടുകള്‍ പാടിച്ചിട്ടുണ്ടെങ്കിലും വിനീതുമായിട്ടുള്ള കോമ്പിനേഷന്‍ വളരെ സന്തോഷകരമായിരുന്നു. പുതിയ തലമുറയിലെ ഗായകര്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന ഒട്ടേറെ സവിശേഷകതകള്‍ സംഗീത രംഗത്ത് വിനീത് ശ്രീനിവാസനുണ്ടെന്നും രാജേഷ് ബാബു ചൂണ്ടിക്കാട്ടി.
വിനീത് ശ്രീനിവാസന്‍റെ പാട്ടുകള്‍ അപമാനകരമാണെന്നും നല്ല ഗായകരുടെ അവസരം വിനീത് തകര്‍ക്കുകയാണെന്നും ആരോപിച്ച് റെജി ലൂക്കോസ് അടുത്തിടെ ഫെയ്സ് ബുക്കിലെഴുതിയ കുറിപ്പ് ഏറെ വിവാദമായിരുന്നു. അതിനുശേഷം ഇറങ്ങുന്ന വിനീതിന്‍റെ ആദ്യഗാനം കൂടിയാണ് ബെല്ലും ബ്രേക്കിലേതും.
ഏറെ പ്രേക്ഷകശ്രദ്ധ നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ സിബി തോമസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ബെല്ലും ബ്രേക്കും. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.