പെണ്ണുകാണാൻ മൂന്നുപേരേയുംകൂട്ടി മൂന്നാറിന്പോയകഥ

സവിൻ കെ എസ്

പനിപിടിച്ചിരുന്ന ഞായറാഴ്ച ആദ്യ ട്രോളുമായി അമ്മ എത്തി ” എന്താ ഡാ നീ ഇന്നെങ്ങും കറങ്ങാൻ പോകുന്നില്ലേ, പെണ്ണ് കെട്ടണവരെയുള്ള ഈ നടപ്പ്. പനി കാരണം മരുന്നും കഴിച്ച് കട്ടിലിൽ തന്നെ കിടന്നു.വൈകുന്നേരം ഒന്നു തല പൊങ്ങിയതോടെ കളിസ്ഥലത്തേക്ക് നീങ്ങി. “ഡാ എന്താ നീ എങ്ങും പോയില്ലേ ഇന്ന് ” അവിടെയും കളിയാക്കലുകൾ മാത്രം. ഇങ്ങനെ നാടുചുറ്റി നടക്കാതെ പെണ്ണുകെട്ടടാ “


കൂട്ടുകാരൻ സനല്‍ സാനുവിനെ നെ വിളിച്ച് കാര്യം പറഞ്ഞു. ഒരു നല്ല കാര്യത്തിനല്ലേ അവന്‍റെ ഒരു കൂട്ടുകാരനേയും കൂടെക്കൂട്ടി. രാവിലെ 5 മണിയോടെ വീട്ടിൽ നിന്നിറങ്ങി. പറഞ്ഞിട്ടാണിറങ്ങിയത് “ഒരു പെണ്ണ് കാണാൻ പോകുവാണ് മൂന്നാറിന്.” ഉടൻ അച്ഛന്‍റെ മറുപടി എത്തി” നീ കറങ്ങാൻ പോകുന്നെങ്കിൽ പൊക്കോ പുതിയ കള്ളം പറയാൻ നില്‍ക്കണ്ട.” വാശിയോടെ ഞാൻ വീട്ടിൽ നിന്നിറങ്ങി. വൈക്കത്തപ്പനെ തൊഴുത് മൂവാറ്റുപുഴ ലക്ഷ്യമാക്കി വണ്ടി വിട്ടു.നല്ല തണുപ്പ് ഉള്ളതുപോലെ തോന്നി. പനിയുടെ ആയിരിക്കാം. പിറവത്തു നിന്നും കൂട്ടുകാരൻ സുമേഷും ചേർന്നു.അവനോടും കാര്യം പറഞ്ഞിട്ടാണ് വണ്ടിയിൽ കയറ്റിയത്. വല്യ പ്രശ്നങ്ങൾ ഒന്നും കൂടാതെ ഞങ്ങൾ മൂവാറ്റുപുഴയിൽ എത്തി.


ഉദയസൂര്യന്‍റെ തങ്ക രശ്മികൾ മൂവാറ്റുപുഴയാറിലെ കുഞ്ഞോങ്ങളെ തഴുകിക്കടന്നു പോകുന്ന കാഴ്ചയാണ് കണിയായി കിട്ടിയത്. ഓരോ ചായയും കുടിച്ച് കൂട്ടുകാരെയും കൂട്ടി നേരെ വിട്ടു.ഹർത്താൽ ആയതിനാൽ ആളും ആരവങ്ങളും ഇല്ലാത്ത കോതമംഗലം ടൗണും കഴിഞ്ഞ് കാടകങ്ങളിലേക്ക് കയറി. ഇതാദ്യമായിട്ടായിരുന്നു വാഹനങ്ങളുടെ ശല്യം ഇല്ലാതെ ചുരം കയറുന്നത്. ഉള്ളിലെ പനിക്കോൾ എന്നെ ഇടയ്ക്ക് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.നേര്യമംഗലം പാലവും വളഞ്ഞു പുളഞ്ഞു കിടക്കുന്ന കാട്ടുപാതയും പിന്നിടുമ്പോൾ പ്രളയത്തിന്‍റെ ബാക്കിപത്രമായി തകർന്നു കിടക്കുന്ന മലമ്പാതകൾ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു.


പഴയ പ്രതാപത്തിലേക്ക് മടങ്ങുന്നതിന്‍റെ സൂചന നല്‍കികൊണ്ട് താഴ്വാരങ്ങളിൽ ഗുൽമോഹർ പൂക്കൾ വിരിഞ്ഞു തുടങ്ങിയിട്ടുണ്ട്. ചീയപ്പാറയിൽ ഒന്നു വണ്ടി ചവിട്ടി. ഇതു വഴി പോയാൽ ഓളെ ഒരു നോക്ക് കാണാതെ മടങ്ങാറില്ല.വെള്ളം വളരെ കുറഞ്ഞ അവസ്ഥയിലാണിപ്പോൾ. വഴിയിൽ കലപില വെക്കുന്ന വാനരക്കൂട്ടങ്ങളും എങ്ങോ പോയി മറഞ്ഞിരുന്നു. മസാലയുടെ നറുമണം വീശുന്ന ഈസ്റ്റേൺ കമ്പനിയും പിന്നിട്ട് അടിമാലിയോടടുക്കുന്തോറും ഒരു ടെൻഷൻ തോന്നിത്തുടങ്ങി.സനലും ‘ലോകതോൽവി ‘ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രവീണ്‍ പ്രവിയും എന്‍റെ പ്രദർശന കാഴ്ച്ചക്ക് നില്‍ക്കാതെ മൂന്നാറിന് പോയി.


ഞങ്ങൾ രണ്ടു പേരും ആനച്ചാൽ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി.റോഡുകളെല്ലാം ഏറെക്കുറെ വിജനമായിരുന്നു. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും പിന്നിട്ട് ഇടവഴിയും താണ്ടി ഞങ്ങൾ ആ വീട്ടിലെത്തി. പത്നിയോടൊപ്പം കുടുംബനാഥനും ആർക്കോ വേണ്ടി കാത്തു നില്ക്കുന്ന പോലെ തോന്നി. ഞാൻ ചുറ്റുപാടും പരിസരവും ഒന്നു വീക്ഷിച്ചു.കാപ്പിച്ചെടികളും കുരുമുളക് കൊടികളും കൊണ്ട് സമ്പന്നമായ തൊടി.പഴമയുടെ തനിമ ചോരാതെ വെച്ച കോൺക്രീറ്റ് സൗധം.കിഴക്കിന്‍റെ തനതു പുഷ്പങ്ങളായ ഡാലിലയും റോസും വസന്തം തീർത്ത പൂന്തോട്ടം. കല്യാണം കഴിഞ്ഞ ഒരു പെൺകുട്ടിയും അവരുടെ ഭർത്താവെന്നു തോന്നുന്ന ഒരാളും മുറ്റത്ത് തന്നെയുണ്ട്.മൊത്തത്തിൽ കൊള്ളാം. ഞാൻ ഗൃഹനാഥനോട് കാര്യം അവതരിപ്പിച്ചു. ഒന്നും മിണ്ടാതെ ചങ്ങായി സുമേഷും മൂകസാക്ഷിയായി നിന്നു.


അദ്ദേഹം അകത്തേക്ക് നടന്നു നീങ്ങി. “നീ ചേച്ചിയെ അല്ലേ കണ്ടേ അനിയത്തിയെ കണ്ടിട്ടില്ലല്ലോ ,ഇപ്പോൾ വരും കണ്ടോ “. ”ചേച്ചി ഇങ്ങനെയാണെങ്കിൽ അനിയത്തിയും കിടുവായിരിക്കും ” ഓന്റെയും പ്രതികരണം എത്തിയിരുന്നു ഒരു തളികയാണ് ആദ്യം കണ്ണിലുടക്കിയത്, ”ഈ മരുന്ന് തേച്ചാൽ നല്ലപോലെ മുടി വന്നോളും ” അതും പറഞ്ഞ് അദ്ദേഹം തളികയിൽ നിന്നും ആ മരുന്ന് തലയിൽ തേച്ചു പിടിപ്പിച്ചു.കുറച്ചു സമയം അവിടെ ചിലവഴിച്ചെങ്കിലും ഓളു മാത്രം വന്നില്ല. മരുന്നും വാങ്ങി തെല്ല് നിരാശയോടെ തിരിച്ചു.


ആനച്ചാലിൽ നിന്നും തേയിലത്തോട്ടങ്ങൾ അതിർത്തി പാകുന്ന വഴിത്താരയിലൂടെ വെള്ളിമേഘങ്ങളേയും കണ്ട് പള്ളിവാസലിൽ എത്തിച്ചേർന്നു.അവിടെ കാത്തിരുന്ന ചങ്കുകളെയും കൂടി അടുത്ത പെണ്ണിനെ കാണാൻ വണ്ടി വിട്ടു.
മൂന്നാറിലെ റോഡു മുഴുവൻ മണ്ണിടിഞ്ഞു ചെളിയും കല്ലും അടിഞ്ഞുകിടക്കുന്നതുമൂലം യാത്ര ക്ലേശം തെല്ല് കൂടുതലായിരുന്നു. ഹർത്താലായതിനാൽ വാഹനങ്ങൾ ഇല്ലാത്തത് വളരെ ആശ്വാസമായി.


വിശപ്പിന്‍റെ വിളി കൂടിയതുമൂലം അടുത്തു കണ്ട തമിഴണ്ണന്‍റെ വഴിയോരക്കടയിൽ നിന്നും ചായയും വടയും കഴിച്ച് കാന്തല്ലൂർക്ക് വെച്ച് പിടിച്ചു.രാജമലയിലേക്ക് യാത്ര മധ്യേയുള്ള പാലം തകർന്നതുമൂലം താല്ക്കാലികമായ പാലത്തിലൂടെയാണ് സഞ്ചാരം.രാജമലയിലെ വരയാടുകളെയും കുറിഞ്ഞിപ്പൂവിനേയും കാണാൻ വളരെക്കുറച്ച് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നവിടേക്ക് എത്തി നോക്കി യാത്ര തുടർന്നു.

പ്രളയത്തിനു ശേഷം കാടും മൗനം പാലിക്കുന്നതുപോലെ തോന്നി. പുതിയ പല നീർച്ചോലകളും ജലപാതങ്ങളും മിഴി തുറന്നിരുന്നു. ഉൾക്കാടുകളിലെ കാട്ടരുവികളെ അനുസ്മരിപ്പിക്കുന്ന വെള്ളാരംകല്ലുകളാൽ സമ്പന്നമായ അരുവിയും പ്രളയാനന്തരം രൂപം കൊണ്ടിരുന്നുഎന്‍റെ പെണ്ണിനെ പറ്റി ഇടയ്ക്ക് ഞാൻ കൂട്ടുകാരോട് പറഞ്ഞിരുന്നു. വെറുപ്പിക്കൽ കൂടിയപ്പോൾ നല്ല കലിപ്പിൽ അവർ എന്നെ നോക്കി. കൂടുതലൊന്നും മൊഴിയാൻ നില്ക്കാതെ ഞങ്ങൾ മുന്നോട്ട് നീങ്ങി.കണ്ണെത്താ ദൂരത്തിൽ തേയിലത്തോട്ടം പരന്നു കിടക്കുന്നകയാണ്.അംബരചുംബികളായ ഗിരിനിരകളും അവയെ തൊട്ടുരുമിപ്പോകുന്ന മേഘശകലങ്ങളും ഈ ഹരിത ശോഭയ്ക്ക് മാറ്റ് കൂട്ടുന്നുണ്ട്. മറയൂർ ചെക്ക് പോസ്റ്റ് പിന്നിടുമ്പോഴേക്കും മേമ്പൊടിയായി തണുപ്പും എത്തിയിരുന്നു. പെണ്ണിനെക്കാണാനുള്ള എന്റെ വ്യഗ്രത കൂട്ടുകാരിൽ ചിരി ഉണർത്തി. കാഴ്ച്ചയുടെ ദൂരം കൂടിയതോടെ മറയൂർ ചന്ദനക്കാടുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ചന്ദനം മണക്കുന്ന കാറ്റും കൊണ്ടും കാന്തല്ലൂരിലേക്ക് യാത്രയായി.


പച്ചക്കറിയും പഴവർഗ്ഗങ്ങളും വിളയുന്ന നമ്മുടെ സ്വന്തം നാട്.കേരളത്തിന്‍റെ ‘പഴക്കൂട’. അഞ്ചുനാടിന്‍റെ ഭംഗി കാണാൻ യാത്ര തുടങ്ങി. പെണ്ണിനെ കാണാൻ വന്നതാണെങ്കിലും ഇതൊക്കെ കാണാതെ എങ്ങനാണ് പോകാനൊക്കുന്നത്. മുന്നോട്ട് പോകവേ ക്യാരറ്റും ക്യാബേജും വിളഞ്ഞു നില്‍ക്കുന്ന കുന്നിൻ ചരിവുകളും വീടുകളിൽ കായ്ച്ചു നില്‍ക്കുന്ന ഓറഞ്ചു മരങ്ങളും ഇനിയും കാണാൻ കാഴ്ച്ചകൾ ഒരുപാടുണ്ടെന്ന് വിളിച്ചു പറയുന്ന പോലെ തോന്നി.കാർഷിക പാരമ്പര്യത്തിന്‍റെ പഴമയും പേറി നില്‍ക്കുന്ന കരിമ്പിൻ തോട്ടങ്ങളും പ്രസിദ്ധമായ മറയൂർ ശർക്കര നിർമ്മാണ കേന്ദ്രങ്ങളും പിന്നിട്ട് മുന്നോട്ട് നീങ്ങി. നെല്‍പ്പാടം കണക്കെ നില്‍ക്കുന്ന വെളുത്തുള്ളി കാഴ്ച്ചയുടെ കണി ഒരുക്കി കാത്തു നില്‍ക്കുകയാണ്.


മഴ നിഴൽ പ്രദേശമാണ് മറയൂർ,കാന്തല്ലൂർ മേഖലകൾ. സൂര്യഭഗവാൻ തന്‍റെ വെള്ളിവെളിച്ചം അധികം ഏല്‍പ്പിക്കാത്ത അപൂർവ്വ ഭൂമി.അതിനാൽ ഇവിടെയുള്ളവർക്ക് ജലത്തിന്‍റെ വില നന്നായിട്ടറിയാം. അപ്രതീക്ഷിതമായി പെയ്ത മഴ എല്ലാ പ്രതീക്ഷകളും കുറച്ചു നേരത്തേക്ക് അസ്ഥാനത്താക്കി.മഴ മാറിയതോടെ പ്രകൃതി തന്‍റെ കാഴ്ച്ചയുടെ ലോകം ഞങ്ങൾക്ക് മുന്നിലേക്ക് വീണ്ടും തുറന്ന് തന്നു. കോട മൂടിയ മലനിരകളും സംസാരിക്കുമ്പോൾ തന്നെ വായിൽ നിന്നും പുക കണക്കെ വരുന്നതും തണുപ്പിന്റെ ആധിക്യം മനസ്സിലാക്കി തന്നു. സമയം ഉച്ചയോടടുക്കുകയാണ് വിശപ്പിന്‍റെ വിളി എത്തിത്തുടങ്ങി.അടുത്ത കണ്ട കടയിൽ നിന്നും ചൂടു ചോറും കറികളും കിട്ടി.


എന്‍റെ പെണ്ണിനെ കാണാൻ കൂട്ടുകാർ പിന്നേയും സമയം നീട്ടി. അങ്ങനെ നല്ല നാടൻ ഊണും കഴിച്ച് ആപ്പിൾ വിളഞ്ഞു നില്ക്കുന്ന ഫാമിലേക്ക് യാത്ര തിരിച്ചു. ആപ്പിളും ഓറഞ്ചും മുസമ്പിയും നാരങ്ങയും സബർജില്ലിയും വിളഞ്ഞു നില്ക്കുന്ന പഴത്തോട്ടത്തിലേക്ക് ഞങ്ങൾ കൊച്ചുകുട്ടികളെപ്പോലെ ഞങ്ങൾ ഓടിക്കയറി. മഴത്തുള്ളികൾ ചുടുചുംബനം നല്കിയ ആപ്പിളുകൾ കൂടെയുള്ളവരിൽ ചിലർക്ക് ആദ്യ കാഴ്ച്ച തന്നെയായിരുന്നു.മണാലി വരെ പോകാൻ ഉടൻ പ്ലാനില്ലാത്തതിനാൽ ഇവിടത്തെ ആപ്പിൾത്തോട്ടം കണ്ട് ഞാനും സംതൃപ്തിയടഞ്ഞു.ഇനി എന്റെ പെണ്ണിനെ കാണാൻ പോകുവാനുള്ള സമയമാണ്. ഫാമിൽ നിന്നും വന്നതിലും വേഗത്തിൽ തിരിച്ചു. എന്നാൽ വഴിയരിൽ കണ്ട മലമടക്കിലെ കാഴ്ച്ച ഞങ്ങളെ അവിടെ പിടിച്ചു നിർത്താൻ പോന്നതായിരുന്നു. മലമടക്കിനോടു ചേർന്ന് നൂറിലധികം തേനീച്ചക്കൂടുകൾ.അതിനോടടുക്കും തോറും അതിശയത്തോടൊപ്പം തെല്ല് ഭയവും കൂടിക്കൊണ്ടിരുന്നു.


തിരികെ കാന്തല്ലൂരിലെത്തി.ഹർത്താൽ ആയതിനാൽ റോഡിൽ അധികം ആളുകളുമില്ല. വഴി കണ്ട ചേട്ടനോട് വണ്ടി നിർത്തി കാര്യം പറഞ്ഞു.ചേട്ടാ, ഈ നാട്ടിലെ താരത്തെ എവിടെ ചെന്നാൽ കാണാം. ഞാൻ ഒന്നു കാണാൻ വന്നതാണ്. കൂട്ടത്തിൽ ഇവരും പോന്നൂ.അത്രയ്ക്കും ഞാൻ പറഞ്ഞു കൊതിപ്പിച്ചിട്ടുണ്ട്.പുളി ഒരു അങ്ങു ദൂരെയുള്ള യൂക്കാലി തോട്ടം കാട്ടിത്തന്നു.” അതിന്‍റെ മുകളിൽ ചെന്നാൽ ഓളെ കാണാം “. അതേന്നേ എന്റെ പെണ്ണ്,കുറിഞ്ഞി പെണ്ണ്.ടാറിട്ട റോഡ് പിന്നിട് കുണ്ടും കുഴിയും നിറഞ്ഞ റോഡിലേക്ക് പ്രവേശിച്ചു. അല്ലേലും സ്വർഗ്ഗത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണല്ലോ.ചെളിയും വെള്ളക്കെട്ടും നിറഞ്ഞ പാതയിലൂടെയുള്ള പ്രയാണത്തിനിടയിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന ചെക്ക്ഡാമും പിന്നിട്ടിരുന്നു. കയറ്റും വളവുകളും കൂടിക്കൊണ്ടിരിന്നു. കാട്ടുചീവിടുകളുടെ കരച്ചിലും പനിയും എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു. ദുർഘടകരമായ പാതയിലൂടെയുള്ള സഞ്ചാരത്തിനിടെ മലമുകളിൽ കുറിഞ്ഞി വസന്തം എത്തിയെന്നറിയിച്ചു കൊണ്ട് മലയാകെ നീല പട്ടാട ചാർത്തി നില്ക്കുന്ന കാഴ്ച്ച മുന്നോട്ടുള്ള യാത്രക്ക് ഊർജ്ജം നല്‍കി.


മുന്നോട്ട് പോകും തോറും കുറിഞ്ഞി മല മാറി യൂക്കാലിക്കാട് പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. കാട്ടുപാതയുടെ ഒരു വശം ചെങ്കുത്തായ യൂക്കാലിക്കാടും മറുവശം അഗാതമായ ഗർത്തവും ആയിരുന്നു. കാട്ടരുവിയും വെള്ളച്ചാലും കടന്ന് മുന്നോട്ട് നീങ്ങവേ കണ്ട ശിവക്ഷേത്രം ഞങ്ങളെ തെല്ല് സമയം അവിടെ പിടിച്ചു നിർത്തി.വേട്ടക്കാരൻ കോവിൽ, വെള്ളരിമലയിലെ മൂന്ന് നാല് ആദിവാസി കുടികളിലേയും നാട്ടുകാരുടേയും ദൈവം.ശിവ ചൈതന്യം കുടികൊള്ളുന്ന ഈ സന്നിധിയിൽ നവീന നിർമ്മാണങ്ങളൊന്നും തന്നെയില്ല.

ഒരു പടുകൂറ്റൻ ആൽമരത്തിന് കീഴിലാണ് ഭഗവാൻ കുടികൊള്ളുന്നത്. ചെമ്പട്ടുചുറ്റിയ ആൽമരത്തിന് സമീപത്തായി നിരവധി ശൂലകളും നിലകൊള്ളുന്നുണ്ട്.മറയൂർ, കാന്തല്ലൂർ ഭാഗങ്ങളിലുള്ളവർ ഭഗവാനെ CID എന്നും വിളിച്ചു പോരുന്നു. കാരണം കാണിക്കയിട്ട് പ്രാർത്ഥിച്ചാൽ കാണാതായ വസ്തു തിരികെ കിട്ടിയിരിക്കും.ഇതു അവിടെത്തെ നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. കാടിനുള്ളിലെ ഈ മായിക കാഴ്ച്ചയും കണ്ടു വണങ്ങി ഞങ്ങൾ മുന്നോട്ട് നീങ്ങി.പാതയുടെ വശത്തായി ഒറ്റക്കും പെട്ടയ്ക്കുമായി കുറിഞ്ഞി പൂവ് നില്‍ക്കുന്നത്. ഞങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചു.റോഡ് രണ്ടായിപ്പിരിയുന്നിടത്തു നിന്നും കാൽനടയായി യാത്ര തുടങ്ങി.കുത്തനെയുള്ള കയറ്റത്തിൽ ആദ്യം കണ്ട കാഴ്ച വിളവെടുത്തു കൊണ്ടിരിക്കുന്ന ഉരുളക്കിഴങ്ങ് തോട്ടമായിരുന്നു.

തുടക്കം നന്നായതിന്‍റെ ആവേശത്തോടെ മല കയറി.മഴത്തുള്ളിയെ സ്ഫടിക ഗോളങ്ങളാക്കി നിർത്തി കിന്നാരം പറഞ്ഞു കൊണ്ടിരുന്ന തെരുവപ്പുല്ലിനെ വകഞ്ഞു മാറ്റി പുതിയ വഴിത്താരകൾ സൃഷ്ടിച്ച് സനൽ മുന്നേ നടന്നു. ഞങ്ങൾ പിന്നാലെയും.മല കയറുന്നതിനനുസരിച്ച് പുല്ലിന്‍റെ ഉയരം കൂടി വന്നിരുന്നു. വളരെ ആയാസപ്പെട്ടാണ് മല കയറ്റം.മലഞ്ചരിവിലൂടെ ശ്രദ്ധയോടെ ഞങ്ങൾ നടന്നു. താഴെയായി കാട്ടരുവിയുടെ ശബ്ദം കാതുകളിൽ അലയടിക്കുന്നുണ്ട്.ഇതിനിടയിൽ ഒന്നുരണ്ട് മല കയറിയിറങ്ങിയിരുന്നു. ക്ഷീണം എല്ലാവരേയും തളർത്തിയിരുന്നു. വിശ്രമിക്കാനുള്ള അവസ്ഥയിലായിരുന്നില്ല ഞങ്ങൾ. സമയം നാലു മണിയോടടുക്കുന്നു. ഇനിയും ലക്ഷ്യസ്ഥാനത്തെത്തിയിട്ടില്ല.

കുറച്ചു കൂടി സമയം പിന്നിടുമ്പോൾ കോടമഞ്ഞും ഇരുട്ടും തിരിച്ചിറക്കം ദുഷ്കരമാക്കും, ചിലപ്പോൾ ദിക്കറിയാതെ പെട്ടു പോകാനും സാധ്യത കൂടുതലായതിനാൽ വിശ്രമത്തിന് അവധി നല്കി ഞങ്ങൾ മുന്നോട്ട് തന്നെ നീങ്ങി. പാറക്കൂട്ടങ്ങളും ചതുപ്പുനിലങ്ങളും താണ്ടി വള്ളിപ്പടർപ്പുകൾക്കിടയിലൂടെ കുതിച്ചു പായുന്ന കാട്ടരുവിയും മറികടന്ന് കുറിഞ്ഞി വസന്തത്തിന്റെ അരികിലെത്തിച്ചേർന്നു. ദിക്കും വഴിയും അറിയാതെ കുറഞ്ഞി വസന്തം അടുത്തു കാണാൻ ഇറങ്ങിയ ഞങ്ങളുടെ ആവേശത്തിൽ ഗിരിശൃഖങ്ങളും അല്പനേരത്തേക്ക് തല കുനിച്ചു എന്നു വേണേൽ പറയാം. അപ്പോഴേക്കും എല്ലാവരുടേയും കൈയ്യും കാലും ഇരുതല വാളുപോലെ മൂർച്ചയുള്ള തെരുവപ്പുല്ലു കൊണ്ട് മുറിവേറ്റിരുന്നു. എന്നോളും ഉയരത്തിൽ നില്ക്കുന്ന കുറിഞ്ഞി ചെടിയുടെ ഒരു വലിയ കൂട്ടം.കോട്ടയംകാരുടെ രീതിയിൽ പറഞ്ഞാൽ കുറിഞ്ഞിപ്പാടം. രണ്ട് മലഞ്ചരിവ് നിറയെ പൂവിട്ടു നില്ക്കുന്ന കൺകുളിപ്പിക്കുന്ന ദൃശ്യവിരുന്ന്. കാറ്റിലാടിക്കളിക്കുന്ന കുറിഞ്ഞിപ്പൂവിനോട് കിന്നാരം പറയാൻ വരുന്ന വണ്ടും എല്ലാം ചേർന്ന് ഞങ്ങൾക്ക് കാഴ്ച്ചയുടെ പൂരം സമ്മാനിച്ചു.

കോട വീണു തുടങ്ങിയിരിക്കുന്നു, ഇനി മടക്കമാണ്.വന്ന വഴിയിലൂടെ തിരിച്ചിറക്കം ബുദ്ധിമുട്ടായതിനാൽ യൂക്കാലിത്തോട്ടത്തിലൂടെ യാത്ര. സന്തോഷം കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ് എല്ലാവരും. ലോകതോൽവി എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രവീണും എന്നെ തോല്പ്പിക്കാനാവില്ല മക്കളെ എന്ന് തെളിയിച്ചു.മലമ്പാതകളും വെളളച്ചാലുകളും പിന്നിട്ട് കാന്തല്ലൂരിലെത്തിയപ്പോൾ പൂർത്തികരിച്ചത് സ്വപ്നതുല്യമായ യാത്രയായിരുന്നു.ഒരു വ്യാഴവട്ടക്കാലമത്രയും ഓർമിക്കാൻ കാഴ്ച്ചകൾതന്ന കുറിഞ്ഞിപ്പൂവിനോട് വിട പറയുമ്പോൾ ഒരിക്കൽക്കൂടി ഈ വസന്തഭൂമിയിൽ വരണമെന്ന് ആഗ്രഹം ഈ കുഞ്ഞു മനസ്സിൽ മുള പൊട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *