ഭൂട്ടാൻ യാത്ര -1
സജീഷ് അറവങ്കര മാധ്യമപ്രവർത്തകൻ
2019 ഡിസംബര്‍ 9
പുലര്‍ച്ചെ നെടുമ്പാശേരി എയര്‍പോര്‍ട്ടിന്റെ ഗേറ്റ് കടക്കുമ്പോള്‍ ആദ്യമായി വിമാനയാത്ര നടത്തുന്നതിന്റെ പരിഭ്രാന്തിയും ആധിയുമുണ്ടായിരുന്നു. അങ്കമാലിയിലെ പഴയ താമസസ്ഥലത്ത് നിന്ന് എയര്‍പോര്‍ട്ടില്‍ ഇറക്കിവിട്ട Peterjamesനോട് യാത്ര പറഞ്ഞ് ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു. ഒരുപാട് പേരില്ല എയര്‍പോര്‍ട്ടില്‍. അവരിലൊരാളോട് സംശയം തീര്‍ത്ത് ചെക്കിംഗ് കൗണ്ടറിലേക്ക്. ടിക്കറ്റ്, ദേഹ പരിശോധനയും പൂര്‍ത്തിയാക്കി. ആദ്യ പറക്കലിന് ഇനിയും ചുരുങ്ങിയ സമയം കൂടി കാത്തിരിക്കണം. എന്നാല്‍ വെറുതെയിരിക്കുകയല്ലേ എന്നാ പിന്നെ ഇന്‍സ്റ്റയില്‍ ഒരു സ്‌റ്റോറി ഇട്ടേക്കാമെന്നായി. ആദ്യ ആകാശയാത്രയല്ലേ കിടക്കട്ടെ, നാലാള് ആറിയട്ടെ എന്റെ സോളോ ട്രിപ്പിന്റെ കഥ. ചിലരെങ്കിലും എന്നെയോര്‍ത്ത് അസൂയപ്പെട്ടെ. യാത്രടിക്കറ്റിനൊപ്പം ഇന്‍സ്റ്റ സ്റ്റോറിബോര്‍ഡില്‍ ഒരല്‍പ്പം അഹങ്കാരത്തോടെ കുറിച്ചിട്ടു. Bhutan diari starting from here…
കൊല്‍ക്കത്ത വരെയാണ് ഫ്‌ളൈറ്റ് യാത്ര. ബാംഗ്ലൂര്‍ കെംപഗൗഡ ഇന്റര്‍നാണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയിട്ട് മറ്റൊരു ഫ്‌ളൈറ്റില്‍ മാറി കയറണം. 5.30ന് കൊച്ചിയില്‍ നിന്ന് വിമാനം ചലിച്ചുതുടങ്ങി. തുടക്കത്തിലുണ്ടായിരുന്നു ആധിയും പരിഭ്രാന്തിയെല്ലാം മാറി. നേരത്തെ, വിന്‍ഡോ സീറ്റുതന്നെ ബുക്ക് ചെയ്തിരുന്നു. കാഴ്ച്ചകള്‍ കാണാനുള്ള തിടുക്കം തന്നെയായിരുന്നു അതിന് പിന്നില്‍. ബസ്സോ, ട്രെയ്‌നോ എന്തുമാവട്ടെ യാത്ര ചെയ്യുമ്പോള്‍ വിന്‍ഡോ സീറ്റിന് ഞാന്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. കാഴ്ച്ചകള്‍ക്ക്, കാറ്റിന് ചിന്തകളെ ഉദീപിപ്പിക്കാനുള്ള ശേഷിയുണ്ടെന്നാണ് എന്റെ വിശ്വാസം. ഒരു മുഖത്തടിക്കുന്ന കാറ്റിന്റെ ഒഴുക്കിനൊത്ത് ഒരു യുക്തിയുമില്ലാത്ത എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കണം. പലതില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണത്. ദിവാസ്വപ്‌നം കാണുന്നത് പോലെ…
കൊച്ചിക്കും ബാംഗ്ലൂരിനുമിടയിലുള്ള ആകാശമാണ് കാണാനിരിക്കുന്നത്. ഭൂമിയിലേക്ക് അയക്കപ്പെടുന്ന വെളിച്ചത്തിന്റെ ഓരോ കണങ്ങളും മേഘപാളികള്‍ക്ക് മറ്റൊരു ഭാവം നല്‍ക്കുന്നത് കണ്‍മുന്നില്‍ കാണാം. ലക്ഷ്യമില്ലാതെ എങ്ങോട്ടൊക്കെയോ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മേഘകുടുംബങ്ങള്‍ക്ക് മനുഷ്യന്‍ ഇന്നുവരെ പേരിട്ടുവിളിക്കാത്ത നിറങ്ങളായിരുന്നു. എന്തായാലും ഒരു മണിക്കൂര്‍ തികച്ചില്ലായിരുന്നു കാഴ്ച്ചകളുടെ വിസ്മയം. ബാംഗ്ലൂര്‍ എര്‍പോര്‍ട്ടിന്റെ ചിത്രം ഗൂഗിള്‍ മാപ്പില്‍ തെളിയുന്നത് പോലെ കാണാം. പലയിടങ്ങളിലായി വിമാനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ബാംഗ്ലൂരിലേത് സൈലന്റ് എര്‍പോര്‍ട്ടാണ് എന്നുള്ള കാര്യം Keerthana പറഞ്ഞത് അപ്പോഴാണ് ഓര്‍ക്കുന്നത്. അനൗണ്‍സ്‌മെന്റ് ഉണ്ടാവില്ല. ബോര്‍ഡുകള്‍ നോക്കീട്ട് വേണം ഫ്‌ളൈറ്റ് കണ്ടെത്താന്‍. ഞാനിനി ഫ്‌ളൈറ്റ് മാറിക്കേറി മറ്റേതെങ്കിലും സ്ഥലങ്ങളില്‍ പോയി ഇറങ്ങുമൊയെന്ന മണ്ടന്‍ ചിന്തകളായിരുന്നു മനസില്‍.
എന്തായാലും അതുണ്ടായില്ല. ചോദിച്ച് ചോദിച്ച് പോയി. 8.35നാണ് ഫ്‌ളൈറ്റ്. ബോര്‍ഡിംഗ് സമയത്തിന് മുമ്പ് തന്നെ എന്റെ ഫ്‌ളൈറ്റ് കണ്ടെത്താനായി. ഏതാണ്ട് മൂന്നര മണിക്കൂര്‍ യാത്രയ്‌ക്കൊടുവിലാണ് കൊല്‍ക്കത്ത, നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നത്. അര്‍ബണ്‍ കൊല്‍ക്കത്തയിലെ ഡം ഡം എന്ന പ്രദേശത്താണ് എയര്‍പോര്‍ട്ട്. കുറച്ച് ഭാഗം കൊല്‍ക്കത്ത മെട്രൊപോളിറ്റന്‍ ഡെവലെപ്‌മെന്റ് അതോറിറ്റിയുടെ ഭാഗമാണ്. എന്തായാലും കൊല്‍ക്കത്തയുെട ഹൃദയമായ ഹൗറയില്‍ പോകാമെന്നായി. ലോക്കല്‍ ബസിന് പോയാല്‍ 16 കിലോ മീറ്ററോളം ദൂരം വരും. എര്‍പോര്‍ട്ടിന് പുറത്തേക്ക് കടന്നാല്‍ ബസ് കിട്ടും. ആദ്യമായിട്ടല്ല കൊല്‍ക്കത്തയില്‍ വരുന്നത് മുമ്പ് രണ്ട് തവണ കൊല്‍ക്കത്തിയില്‍ വന്നിട്ടുണ്ട്. 2017ല്‍ മെട്രൊ വാര്‍ത്ത പത്രത്തില്‍ ജോലി ചെയ്യുന്ന സമയത്ത് ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഭുബനേശ്വറില്‍ വന്നിരുന്നു. ഗെയിംസിന്റെ അവസാനദിനം കൊല്‍ക്കത്ത കാണാന്‍ വണ്ടി കയറി. അതേവര്‍ഷം അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു രണ്ടാം തവണ കൊല്‍ക്കത്തയിലെത്തിയത്.
ആദ്യതവണ കൊല്‍ക്കത്തിലെത്തുമ്പോള്‍ അവിടെ ജോലി ചെയ്യുകയായിരുന്ന Jayaraj Dileep എന്നിവരുമുണ്ടായിരുന്നു. അന്ന് നഗരത്തിന്റെ ഒരംശം പരിചപ്പെടുത്തിയത് ജയേട്ടനായിന്നു. താമസം പേട്ടന്റെ വീട്ടിലും. ഒരുനിമിഷം പോലും ബോറടിക്കാത്ത നഗരമാണ് കൊല്‍ക്കത്ത. കാഴ്ച്ചകള്‍ക്ക് പഞ്ഞമില്ല, അനുഭവങ്ങല്‍ മറക്കാനുമിടയില്ല. ക്യാമറ എവിടേക്ക് തിരിക്കുന്നോ അവിടെങ്ങളിലെല്ലാം ഒരു ഫോട്ടോഗ്രാഫറുടെ മനം നിറയ്ക്കുന്ന ചിത്രം ലഭിക്കും. ഹുഗ്ലി നദിക്ക് കുറുകെ കെട്ടിയ ഹൗറ പാലത്തിലൂടെ അരിച്ചുപോകുന്ന മഞ്ഞ അംബാസിഡര്‍ കാറുകള്‍. ഇളം നീല, മഞ്ഞ നിറങ്ങള്‍ ചാര്‍ത്തിയ ബസ്സുകള്‍ തുരുമ്പെടുത്ത് പൊട്ടിപ്പൊളിഞ്ഞതെങ്കിലും നിരത്തുകളില്‍ സജീവമാണ്. ഡ്രൈവര്‍മാരാവട്ടെ മുട്ടറ്റം വരെയുള്ള നിക്കര്‍ മാത്രം ധരിക്കുക. ചുരുക്കം ചിലര്‍ ഷര്‍ട്ട് പോലും ധരിക്കില്ല. പാന്‍മസാലയോ ഗുട്കയോ ചവച്ച് ഒരു ഇരിപ്പാണ്. ഇതിനിടയിലും റിക്ഷ ചവിട്ടുന്ന വൃദ്ധരെ കാണാം. ഒരുപക്ഷേ ഇവര്‍ക്ക് ശേഷം റിക്ഷയോടിക്കുന്ന ഒരു തലമുറ ഉണ്ടായേക്കില്ല. തീര്‍ത്തും അവശരാണ് റിക്ഷ തൊഴിലാളികള്‍. ഒരു നേരത്തെ അന്നത്തിനോ അല്ലെങ്കില്‍ ഇത്രയും കാലം ചെയ്തുവന്ന തൊഴിലിനോടുള്ള ആത്മാര്‍ത്ഥയോ ആയിരിക്കും അവരെ ഈ ജോലി ഇപ്പോഴും ചെയ്യിപ്പിക്കുന്നത്. വലിയ ഇരുമ്പലോടെ വല്ലപ്പോഴുമോടുന്ന ട്രാമുകളാണ് കൊല്‍ക്കത്ത നഗരത്തിലെ രസകരമായ മറ്റൊരു കാഴ്ച്ച. കൊല്‍ക്കത്തയുടെ പ്രൗഡിയും പൗരാണികതയും സൂക്ഷിക്കുന്നതില്‍ ട്രാമുകള്‍ക്ക് വലിയ പങ്കുണ്ട്. സാമ്പത്തിക നഷ്ടമെങ്കിലും ഇപ്പോഴും ട്രാമുകള്‍ നിര്‍ത്താലാക്കത്തതിന്റെ കാരണം നഗരഗരിമ നിലനിര്‍ത്താന്‍ തന്നെ.
ഇതെല്ലാം കണ്ടും ആസ്വദിച്ചും ഹൂഗ്ലി നദിയിലേക്ക് നോക്കി നില്‍ക്കുമ്പോഴാണ് സിയാല്‍ഡയിലേക്കുള്ള ബസ് വരുന്നത്. ഇനിയുള്ള യാത്ര ട്രെയ്‌നിലാണ്. രാത്രി 8.30ന് സിയാല്‍ഡയില്‍ നിന്നെടുക്കുന്ന കാഞ്ചന്‍കന്യ എക്‌സ്പ്രസിനാണ് പോവേണ്ടത്. 701 കിലോമീറ്റര്‍ ദൂരം കവര്‍ ചെയ്യാന്‍ 14 മണിക്കൂറും 35 മിനിറ്റുമെടുക്കും. തേര്‍ഡ് എസി ടിക്കറ്റാണ് നല്ലതുപോലെ ഉറങ്ങാനുള്ള സമയമുണ്ട്. അടുത്തടുത്ത സീറ്റുകളില്‍ ഗോഹട്ടിക്ക് യാത്ര ചെയ്യുന്ന യുവാക്കളുണ്ട്. അവര്‍ എന്നോട് സംസാരിക്കുന്നുണ്ട്. എനിക്കറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ മറുപടിയും പറയുന്നുണ്ട്. എന്തായാലും ആ സംസാരം ദീര്‍ഘനേരം നീണ്ടുപോയില്ല. ക്യാമറ ബാഗ് രണ്ട് കൈകള്‍കൊണ്ടും ഞെരിച്ച് പിടിച്ച് ഒരുറക്കം. ഒരുപക്ഷേ പകല്‍ സമയത്താണ് ഈ യാത്രയെങ്കില്‍ കാണാന്‍ ഒരുപാട് കാഴ്ച്ചകളുണ്ടായിരുന്നു. രാവിലെ 9 മണിക്ക് കണ്ണുതുറന്ന് നോക്കുമ്പോള്‍ സിലിഗുരിയിലാണ്. ട്രെയ്ന്‍ താമസിച്ചെക്കും പലയിടങ്ങളിലും നിര്‍ത്തിയിട്ടതായിട്ടാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. ഇറങ്ങേണ്ട സ്ഥലത്തേക്ക് ഇനിയും മൂന്ന്, മൂന്നര മണിക്കൂര്‍ സമയത്തെ യാത്രയുണ്ട്. കണ്ണുകള്‍ പശ്ചിമ ബംഗാളിന്റെ ഗ്രാമങ്ങളിലേക്ക് പാഞ്ഞൂ.
ഡിസംബര്‍ 10. സമയം ഒരു മണിയോടെ ഹസിമാരയിലെത്തി. ഇവിടെയാണ് ഇറങ്ങേണ്ടത്. ഭൂട്ടാന്‍ ബോര്‍ഡറിലേക്ക് അല്ലെങ്കില്‍ ഭൂട്ടാന്‍ ഗേറ്റിലേക്ക് 15 കിലോമീറ്ററോളം ദൂരമുണ്ട്. ജെയ്‌ഗോണ്‍ എന്നാണ് ബോര്‍ഡറിലേക്ക് പറയുന്ന പേര്. റെയില്‍വെ സ്‌റ്റേഷന് പുറത്ത് ഷെയര്‍ ടാക്‌സികള്‍ കാത്തിരിക്കുന്നുണ്ട്. ഡ്രൈവര്‍മാര്‍ അവരുടെ ശൈലിയില്‍ വിളിച്ചുപറയുന്നു. ഭൂട്ടാന്‍ ഗേറ്റ്.. ജെയ്‌ഗോണ്‍… എന്നിങ്ങനെ. മൂന്ന് കാശ്മീരികള്‍ക്കൊപ്പം ഞാനും ഷെയര്‍ ടാക്‌സിയില്‍ സീറ്റ് കണ്ടെത്തി. അവരും ഭൂട്ടാന്‍ സന്ദര്‍ശകരാണ്. 25 മിനിറ്റ് വാഹനത്തിലിക്കണം. അധികം തിരക്കില്ലാത്ത എന്നാല്‍ വൃത്തിയുള്ള റോഡ്. വാഹനം ജെയ്‌ഗോണിലേക്ക് അടുക്കുന്നു. തിരക്കേറിയ ചെറിയൊരു മാര്‍ക്കറ്റ് കഴിഞ്ഞ് ദൂരെ ഗേറ്റ് കാണാം. പരമ്പരാഗത ഭൂട്ടാന്‍ വാസ്തുശൈലിയില്‍ ഒരു കവാടം. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹങ്ങള്‍ പരിശോധിച്ച് കടത്തിവിടുന്നു. ലക്ഷ്യസ്ഥാനമെത്തിയപ്പോല്‍ ഒരു ദീര്‍ഘനിശ്വാസമെടുത്തു, വലിയതെന്തോ കീഴടക്കിയ പോലെ. ഇനി ഭൂട്ടാനിലെ ദിനങ്ങളാണ്…
തുടരും…😌
Pingback: ഭൂട്ടാന്‍ യാത്ര-2 – Koottukari