ചര്‍മ്മ സംരക്ഷണത്തിനായ് വീട്ടില്‍തന്നെ തയ്യാറാക്കാം കറ്റാര്‍വാഴജെല്‍

കറ്റാർ വാഴയുടെ ഗുണത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചർമ്മ സംരക്ഷണത്തിന് എന്ന പോലെ തലമുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ്.

കറ്റാർ വാഴ ജെൽ ഏതു തരം ചർമ്മക്കാർക്കും അത്യുത്തമം. താരൻ, ചൊറിച്ചിൽ എന്നീ പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്. ഇത് നമുക്ക് വീട്ടിൽ തന്നെ നട്ടു വളർത്തി ഉപയോഗിക്കാം. നൂറ് ശതമാനം പ്രകൃതിദത്തം എന്ന ലേബലിൽ കറ്റാർ വാഴ ജെല്ലുകൾ ഇന്ന് വിപണിയിൽ സജീവമാണ്. എന്നാൽ അത് 100 ശതമാനം ശുദ്ധമാണോ എന്ന സംശയം പലർക്കുമുണ്ട്. വാസ്തവത്തിൽ നിങ്ങളുടെ വീട്ടുമുറ്റത്ത് സ്വന്തമായി ഒരു കറ്റാർവാഴ ചെടി നട്ടു പിടിപ്പിച്ചാൽ ഇടയ്ക്കിടെ നിങ്ങൾ വില കൊടുത്ത് വാങ്ങുന്ന ബ്രാൻഡഡ് കറ്റാർവാഴ ജെല്ലിൻ്റെ പണം ലാഭിക്കാം. നിങ്ങളുടെ വീട്ടിൽ തന്നെ 100% പ്രകൃതിദത്തമായ കറ്റാർ വാഴ ജെൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കാം

കറ്റാർ വാഴ ഇല
മൂർച്ചയുള്ള ഒരു കത്തി
ജെൽ സംഭരിച്ച് വയ്ക്കുന്നതിനായി ഒരു എയർ-ടൈറ്റഡ് കണ്ടെയ്നർ


ഗ്രേപ്പ് സീഡ് ഓയിൽ / വിറ്റാമിൻ ഇ ഓയിൽ അല്ലെങ്കിൽ ഏതെങ്കിലും അവശ്യ എണ്ണ (എസ്സെൻഷ്യൽ ഓയിൽ)


കറ്റാർ വാഴ ഇലകളുട ഉള്ളിൽ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള മാംസളമായ ഭാഗമാണ് ജെൽ. കറ്റാർ വാഴ ഇല ചെറിയ കഷണങ്ങളാക്കുക. അതിന് ശേഷം രണ്ട് വശത്തേയും അരികിലുള്ള കൂർത്ത ഭാഗം നീക്കം ചെയ്യുക. ഇലയുടെ മുകൾഭാഗത്തെ തൊലി നീക്കം ചെയ്യാനായി ഇലയുടെ നടുവിൽ നീളത്തിൽ രണ്ടായി മുറിക്കുക.അടുത്തതായി കത്തി ഇലയുടെ തൊലിക്ക് തൊട്ടുമുകളിലായി വെച്ച് നീളത്തിൽ ഓടിക്കാം. സ്‌പൂൺ ഉപയോഗിച്ചും വളരെ എളുപ്പം ജെൽ എടുക്കാൻ കഴിയുന്നതാണ്. കഴിയുന്നത്ര ജെൽ ലഭിക്കുന്നതിനായി തൊലിയുടെ തൊട്ടു താഴെ വെച്ച് തന്നെയാണ് ഇത് ചെയ്യുന്നതെന്ന് ഉറപ്പാക്കുക. രണ്ടായി മുറിച്ച കറ്റാർവാഴ ഇലയുടെ മറ്റേ പകുതിയിലും ഇത് ആവർത്തിക്കുക. ജെൽ ശ്രദ്ധാപൂർവ്വം നീക്കം ചെയ്തെടുത്ത് ഒരു പാത്രത്തിൽ ശേഖരിക്കുക. കറ്റാർവാഴ ഇലകളുടെ പൾപ്പിന് മഞ്ഞ നിറം കണ്ടാൽ അത് എടുക്കാതിരിക്കുക. കാരണം അതിൽ വിഷാംശം അടങ്ങിയിട്ടുണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത് ഒരു ബ്ലെൻഡറിലേയ്ക്ക് ചേർത്ത് അതിൽ കുറച്ച് എസ്സെൻഷ്യൽ ഓയിൽ അല്ലെങ്കിൽ വിറ്റാമിൻ സി പൊടി എന്നിവയിൽ ഏതെങ്കിലും ചേർക്കുക. ഈ മിശ്രിതം നല്ല വേഗതയിൽ 30 സെക്കൻഡ് നേരം ബ്ലെൻഡറിലിട്ട് നന്നായി അടിച്ചെടുക്കുക. എയർ-ടൈറ്റഡ് ആയിട്ടുള്ള ശുദ്ധമായ ഒരു പാത്രത്തിലേക്ക് ഈ മിശ്രിതം ഒഴിച്ച് ഫ്രിഡ്ജിൽ വെച്ച് ശീതീകരിക്കുക. കുറഞ്ഞത് ഒരാഴ്ചയോളം ഇത് ഫ്രിഡ്ജിൽ കേടുപാടൊന്നും കൂടാതെയിരിക്കും. ഇത് ചർമത്തിലും മുടിയിലുമൊക്കെ പ്രയോഗിക്കാം. ഇതിൽ അടങ്ങിയിരിക്കുന്നത് പ്രകൃതിദത്ത ചേരുവകൾ ആയതിനാൽ മറ്റ് ദൂഷ്യങ്ങൾ ഒന്നും ഉണ്ടാവില്ല. ചുരുക്കി പറഞ്ഞാൽ നിങ്ങൾക്ക് നല്ലതല്ലാതെ പാർശ്വഫലങ്ങളൊന്നും ഉണ്ടാകില്ലന്നെർത്ഥം.

Leave a Reply

Your email address will not be published. Required fields are marked *