അനുരാധയുടെജീവിതവഴികൾ 2
ഗീത പുഷ്കരന്‍
photo courtesy: google
“കുടുമ്മത്തു പിറന്ന ചെറുക്കനാ.. അദ്ദാ ഉദ്ദായൊന്നുമല്ല..എന്റെ കോവിലകത്തു ഭഗവതീ, അവനീ ഗതി വന്നല്ലോ..”
ക്ഷേത്രമുറ്റത്തു സുന്ദരേശന്റെ അപ്പച്ചി മൂക്കത്തു വിരൽവച്ചു നിന്ന് അയലോക്കത്തെ ശാരദേടത്തിയോടു പറഞ്ഞു.
ശാരദേടത്തി ഒരു നിമിഷം സ്തംഭിച്ചുപോയി.
“എന്തുപറ്റി ലക്ഷ്മിച്ചേച്ചീ സുന്ദരേശന്?
അവന് എന്തു ഗതി വന്നു?”
“എന്റെ പെണ്ണേ അവൾ ഉദ്യോഗം ഭരിക്കാൻ പോകുവല്ലേ.. നാഴിവെള്ളം സമയത്ത് അവനിനി കിട്ടുമോ? നേരം വെളുക്കുമ്പം പോയാൽ സന്ധ്യയാവും വരുമ്പോൾ. ഇതെന്ത് ഉദ്യോഗം?”
“ചേച്ചീ അവൾക്ക് ട്രഷറീലാ ജോലി. പത്തു മുപ്പതു കിലോമീറ്റർ അകലെ ജില്ലാ ട്രഷറീൽ. ബസ്സിന് പോയി വരണ്ടേ ,പിന്നെ ലക്ഷക്കണക്കിനു രൂപയുടെ പണമിടപാടാണ് അവിടെ നടക്കുന്നത്. അവളുടെ ജോലി അവൾ കൃത്യമായി ചെയ്യണ്ടേ? ചെയ്തില്ലെങ്കിൽ ജോലിയും പോകും , അവൾ ജയിലിലും പോകും. “
“അവളുടെ വയറിന്റെ വലിപ്പം കൊണ്ടല്ലേ പണിക്കു പോണത്? പെണ്ണുംപിള്ള പണിയെടുത്തു കൊണ്ടുവന്നിട്ടു വേണ്ട അവന്റെ വീട്ടിൽ ചെലവു കഴിയാൻ. “
“വെറുതെ വർത്തമാനം പറയാതെ ലക്ഷ്മി ചേച്ചീ. അവൻ എന്തു പണിയാ ചെയ്യുന്നത്?
അച്ചന്റെ കൂടെ നിന്ന് ചെറിയ ഒരു കച്ചോടം നടത്തുന്നതാണോ പണി? അവന്റെ താഴെള്ള പെൺപിള്ളേരെ കെട്ടിക്കാൻ എന്തു ചെയ്യും ആ തന്ത കിട്ടുന്ന പൈസ കൊണ്ട് മകന്റെ ഭാര്യയും മകനും ചെലവിനു കൊടുക്കണോ? നാലഞ്ചു പെൺപിള്ളേരാ കെട്ടുപ്രായമായി നിൽക്കുന്നത് എന്നോർക്കണം. “
“ഒന്നു പോ ശാരദേ ഞങ്ങടെ കുടുമ്മത്ത് ആരും പെണ്ണുങ്ങടെ ചെലവിൽ കഴിഞ്ഞിട്ടില്ല. “
“എന്നാ പിന്നെ ലക്ഷ്മിച്ചേച്ചി ഒരു കാര്യം ചെയ്യ് .അവനോട് വീട്ടിലേക്കു വേണ്ട എല്ലാ സാധനങ്ങളുംവാങ്ങി വീട്ടിക്കൊടുക്കാൻ പറയ്. അവളുടെ ശമ്പളം അവൾ സൂക്ഷിച്ചോട്ടെ. “
“അതു പറ്റുമോ.. അവൾ ജോലിക്കു പോകാതെയിരിക്കട്ടേ. ഒരു തയ്യൽ മിഷ്യൻ മേടിച്ചു കൊടുക്കാം. അവളു വീട്ടിരുന്നു തയ്ക്കട്ടേ. ചെറുക്കന്റെ കാര്യോം നോക്കാം പണീം ചെയ്യാം “.
“തയ്ക്കാനല്ല അവൾ എം.എ വരെ പഠിച്ചു് നല്ല അന്തസ്സായി നല്ല മാർക്കു മേടിച്ചു് ജയിച്ചത് “.
“നിങ്ങളല്ലെങ്കിലും ഒരു ഒരു കൂട്ടരല്ലേ. ശൂദ്രർക്കു ആണുങ്ങളെ ഒരു വെലയുമില്ലല്ലോ. ആണുങ്ങളല്ലേ സഞ്ചീം തൂക്കി മാർക്കറ്റിപ്പോകുന്നതും കഞ്ഞീം കൂട്ടാനും വക്കുന്നതും. സഞ്ചി നായമ്മാര് “.
“ലക്ഷ്മിച്ചേച്ചീ, നിങ്ങളെ ഞാൻ ചേച്ചീന്നു വിളിക്കുന്നത് സ്നേഹം കൊണ്ടാണ്. അതില്ലാതെയാക്കരുത് എന്റെ ഭർത്താവും ഞാനും നല്ല ഒരുമയിലാ കഴിയുന്നത്. എനിക്കും അങ്ങേർക്കും ജോലിയുണ്ട്. അങ്ങേര് എനിക്കു വേണ്ട സഹായം ചെയ്യുന്നുമുണ്ട്. അതിൽ അസൂയ വേണ്ട. ലക്ഷ്മിച്ചേച്ചിടെ കെട്ടിയവനെപ്പോലെ അങ്ങേര് എന്നെ ഇടിക്കാൻ വന്നാൽ ഞാൻ വെറുതെ നിന്ന് ഇടി കൊള്ളൂല്ല ചേച്ചി.
ചേച്ചി തല്ലുകൊണ്ടോ ,എനിക്കു മനസ്സില്ല. അതിപ്പം ഞാൻ ശൂദ്രച്ചിയായതു കൊണ്ടല്ല, കുറച്ചു ആത്മാഭിമാനം ഉള്ളതുകൊണ്ടാ. “
ശാരദച്ചേച്ചി വെട്ടിതിരിഞ്ഞു നടന്നു.
ലക്ഷ്മിച്ചേച്ചി വെറുതെ കിട്ടിയ തല്ലുമേടിച്ചു കൂട്ടത്തിലിട്ടിട്ട് തലയും കുമ്പിട്ട് നടന്നകന്നു.
തുടരും
ആദ്യം മുതല്‍ക്കേ വായിച്ചു തുടങ്ങാം