ഗൗരിയുടെ ലോകം 1
ഗീത പുഷ്കരന്‍
രാവിലെതന്നെ ഗൗരി പറമ്പിലേക്ക് ഇറങ്ങി, രണ്ടു വർത്തമാനക്കടലാസ് കോട്ടി
ഒരു കുമ്പിളുണ്ടാക്കി അതും കൈയ്യിൽ പിടിച്ചായിരുന്നു നടത്തം..
ആരെയും കൂസാത്ത നെടുങ്കൻ ശരീരം
ആടിയുലഞ്ഞു് പ്രത്യേക താളത്തിലങ്ങിനെ
ചലിക്കുന്നതു കാണാൻ നല്ല ചേലാണ്.
അതു ഗൗരിക്കും അറിയാം.. അതിന്റെയൊരു
ചിരി ചുണ്ടിലുണ്ട് എപ്പോഴും.
റൗക്കയിൽ ഒതുങ്ങാത്ത മാറിടം തുള്ളിച്ച്
ഗൗരി നടന്നുപോകുന്നത് അമ്പലക്കുളത്തിൽ
കുളിക്കാൻ പാഞ്ഞുപോകുന്ന റാവു കണ്ടിരുന്നു. ഒന്നുമിണ്ടിപ്പറയാൻ ഒത്തു കിട്ടുന്ന നേരമാണ്. പറഞ്ഞുറപ്പിച്ച സംഗമങ്ങൾ.
ഒറ്റത്തടിപ്പാലമുള്ള ആഴമുള്ള തോടിനു
മുന്നിലെത്തിയതേ ഗൗരി ഒന്നു നിന്നു..ദിക്കും
പക്കും നോക്കി… ആരുമില്ല..
ഗൗരി മുണ്ടു പതുക്കെ ഉയർത്തി മുട്ടുവരെ
യാക്കി മുറുക്കിയുടുത്തു. കടലാസു കൂട്
ഇടുപ്പിൽ തിരുകി …
പുറകോട്ടാഞ്ഞ് ,കുതിച്ചു ,ഒറ്റച്ചാട്ടം..
തോടിനു മറുകരെ ഒന്നാടി ബാലൻസ് പിടിച്ച്
നിവർന്നു നിന്നു അവൾ..
തൊട്ടടുത്തു പൂത്തുനിന്ന ഇലഞ്ഞി,
പൂക്കൾ വർഷിച്ച് അവളെ സ്വാഗതം ചെയ്തു..
മദിപ്പിക്കുന്ന മണം, അഞ്ചാറു പൂക്കളെടുത്ത് ഗൗരി റൗക്കക്കുള്ളിലിട്ടു.
പുന്നച്ചോട്ടിലേക്കു നടന്നു. വാവൽ ചപ്പിയിട്ട
പുന്നക്കായകൾ കടലാസു കോട്ടിയതിൽ
പെറുക്കിയിട്ടു.
വീണു കിടക്കുന്ന താളികേരം രണ്ടെണ്ണം
എടുത്ത് തോട്ടിനക്കരയിലേക്ക് എറിഞ്ഞു.
പൂത്തുലഞ്ഞ ഇലഞ്ഞിച്ചോട്ടിൽ എന്തോ
ശബ്ദം..ഗൗരിക്കു മനസ്സിലായി..
ഇഴജന്തുവാണ്. ഒട്ടും മടിച്ചില്ല ഓടിയെത്തി
വാലിൽപ്പിടിച്ച് ചുഴറ്റി ഒറ്റയടി തെങ്ങിലിട്ട്.
പിന്നെ വലിച്ചെറിഞ്ഞു ഒഴുക്കുള്ള തോട്ടിലേക്ക്.
ഇലഞ്ഞിക്കപ്പുറം തെളിനീരു നിറഞ്ഞ കുളമാണ് .. ഇറങ്ങി ,കൈകൾ ശുദ്ധമാക്കി.
തിരിച്ചു കയറിയപ്പോൾ മാനത്തൂന്ന് പൊട്ടിവീണതുപോൽ റാവു മുന്നിൽ.
നീരാട്ടു കഴിഞ്ഞുള്ള വരവാണ് ..
കാച്ചെണ്ണയുടെ സുഗന്ധം പരക്കുന്ന
ചുരുണ്ടിടതൂർന്ന മുടി മുന്നിലേക്ക് എടുത്തിട്ട്
ഗാരി മാറുമറച്ചു. പക്ഷേ ഇലഞ്ഞിപ്പൂമണവും
കാച്ചെണ്ണയുടെ സുഗന്ധവും ചൂഴ്ന്നു നിന്ന
പെണ്ണുടൽ ഗന്ധം മദഭരിതമായി ചുറ്റിയടിച്ചു.
ആദിപാപം ആ ഇലഞ്ഞിപ്ലൂ മെത്തയിൽ
വീണ്ടും അരങ്ങേറി, കനിയുമായി വന്ന
സർപ്പം നീരിൽ ജഢമായി ഒഴുകി അകന്നപ്പോൾ അവിടെയൊരു ജീവൻ
ഉരുത്തിരിയുകയായിരുന്നു ..
ചടുലതാളങ്ങൾ ക്രമാനുഗതമായി
നിലച്ചപ്പോൾ സമനില വീണ്ടെടുത്തവൾ
തോടു ചാടിത്തന്നെ മറുകരയെത്തി.
തോടിനപ്പുറം കായ്ച്ചുനിന്ന പേരമരം
എത്താക്കൊമ്പിലേറ്റിയ മധുരക്കനി
കയറിപ്പറിച്ചു മടിക്കുത്തിലിട്ട്
വീട്ടിലേക്കു കയറുമ്പോൾ നിറവയറുമായി
നാത്തൂൻ യാത്രക്ക് ഒരുങ്ങിയിറങ്ങുകയായിരുന്നു.
പ്രസവത്തിന്.
നന്നായിയെന്നവൾ മനസ്സിലോർത്തു.
തന്റെ പുടവകൊടക്കിനി നാലുനാൾ..
നന്നായി എന്തുകൊണ്ടും .. ഇനിയുള്ള കുറച്ചു നാൾ സ്ത്രീ സാന്നിദ്ധ്യം വീട്ടിൽ ഇല്ലാതിരിക്കുന്നതാണ് ഭംഗി.
കാര്യങ്ങൾ തീരുമാനിച്ചുറപ്പിച്ച പോലെ
നടക്കാൻ അതാണു യോജിച്ച അന്തരീക്ഷം ..
ഗൗരിയുടെ മനം പാറപോലെ ഉറച്ചതായിരുന്നു .. തീരുമാനങ്ങളും.
(തുടരും)