സങ്കരയിനം
ജി.കണ്ണനുണ്ണി.
സ്കൂളിൽ പോകുന്ന കാലത്ത് തന്നെ സങ്കരയിനം എന്ന വിളിപ്പേര് വീണിരുന്നു.രണ്ടു ജാതിയിലുള്ള അച്ഛനമ്മമാരുടെ മകനായി പിറന്നതുകൊണ്ട് അവർ ചാർത്തി തന്ന അലങ്കാര പദം.
അവരുടെ മനസ്സകങ്ങളിൽ എന്നും വിഷം തിളയ്ക്കുന്നത് വളർച്ചയ്ക്കൊപ്പം നോക്കിക്കണ്ടു.പുറത്തു വിശാല മനസ്കത കാട്ടി ചിരിച്ചു കാണിക്കുന്ന പലരുടെ അകത്തളങ്ങളിലും ജാതിവർണ്ണ വിവേചനങ്ങൾ തളം കെട്ടി കിടക്കുന്നത് തിരിച്ചറഞ്ഞു.
അങ്ങനെയിരിക്കെയാണ് മറ്റൊരു സങ്കരയിനം അവരുടെ ചിന്തകളെ മാറ്റി മറിക്കാൻ എത്തിയത്. ജാതിമത വർണ്ണ വ്യത്യാസമില്ലാതെ ആ സങ്കരയിനം പകർച്ച വ്യാധി ലോകം മുഴുവൻ പടരുവാൻ തുടങ്ങി.
ഒടുവിൽ സങ്കരയിനം വൈറസിനെതിരെ എല്ലാവരും ഒരേപോലെ വാക്‌സിൻ എടുത്തു, മാസ്‌ക്ക് വച്ചു, സാമൂഹിക അകലം പാലിച്ചു, കൈകൾ കഴുകി സമന്മാരായി.