ഉക്രെയ്നിൽ വനിതാ സൈനികരോട് ഹീലുള്ള ചെരിപ്പ് ധരിച്ച് പരേഡ് ചെയ്യാൻ നിർദ്ദേശം; മണ്ടന്‍ തീരുമാനമെന്ന് പ്രതിപക്ഷം
സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉക്രെയ്ൻ മിലിട്ടറി പരേഡ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പരിശീലനം നടത്തുന്ന സൈനികരുടെ ചിത്രങ്ങൾ രാജ്യത്തെ പ്രതിരോധ വകുപ്പ് മന്ത്രാലയം പുറത്തുവിട്ടിരുന്നു. വനിതാ സൈനികർ കറുത്ത, ഉയർന്ന ഹീലുള്ള ചെരിപ്പുകൾ ധരിച്ച് പരേഡ് നടത്തുന്ന ചിത്രങ്ങളാണ് വിവാദങ്ങളിലേക്ക് നയിച്ചത്.വനിതാ സൈനികർ ഹീലുള്ള ചെരിപ്പ് ധരിച്ച് പരേഡ് പരിശീലിക്കുന്ന ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി
ആദ്യമായിട്ടാണ് ഹീൽ ധരിച്ച് പരിശീലനം നടത്തുന്നതെന്ന് ഉക്രെയ്നിലെ വനിതാ സൈനികയായ ഇവാന മെഡ്വിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം പരിശീലനങ്ങൾ ബുദ്ധിമുട്ടാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
എന്നാൽ സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി രാജ്യത്തെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുൻ പ്രസിഡണ്ട് പെട്രോ പൊറഷെൻകോയുടെ പാർട്ടിയുടെ ജനപ്രതിനിധികളായ നിരവധി പേർ ഷൂ ധരിച്ച് പാർലമെന്റിലെത്തുകയും പരേഡിൽ പ്രതിരോധ മന്ത്രിയും ഹീൽ ധരിക്കണം എന്നാവശ്യപ്പെടുകയും ചെയ്തു.
വനിതാ സൈനികരെ ഹീൽ ധരിപ്പിക്കാനുള്ള ആശയത്തെ മണ്ടത്തരവും, അപകടം വിളിച്ചു വരുത്തുന്നതുമെന്നാണ് ഗോലോസ് പാർട്ടി അംഗമായ ഇന്ന സോവ്സൺ ഗാർഡിയൻ പത്രത്തോട് പറഞ്ഞത്.