മേക്കാട്മനയും മാണിക്യകല്ലും
ഐതീഹ്യങ്ങളുടെ ഈറ്റില്ലമാണ് മേക്കാട് മന. ആരെയും അതിശയപ്പിക്കുന്ന കഥകളും അവിശ്വസനീയങ്ങളായ മിത്തുകളായും സമ്പന്നമായ മേക്കാട് മന തൃശ്ശൂര്‍ജില്ലയിലെ ചാലക്കുടിയിലെ വടമ എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സര്‍പ്പരാജാവായ വാസുകി നേരിട്ടെത്തി അനുഗ്രഹിച്ചു എന്ന് കരുതപ്പെടുന്ന മന ഇപ്പോള്‍ അറിപ്പെടുന്നത് പാമ്പുമേക്കാട് മനയെന്നാണ്.
ഐതീഹ്യമാലയില്‍ ഇങ്ങനെ
പാമ്പുമേക്കാട് മനയെക്കുറിച്ച് അറിയുവാനുള്ളത് കൊട്ടരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലാണ്. അക്കാലത്ത് മന്ത്ര തന്ത്രങ്ങളില്‍ ഏറെ പേരുകേട്ടവരായിരുന്നു മേക്കാട്ടുമനക്കാര്‍. എങ്കിലും നിത്യദുഖവും ദാരിദ്രവും മനയെ അക്കാലത്ത് വിടാതെ പിന്തുടര്‍ന്നിരുന്നുവത്രെ. ഇതിനു പരിഹാരം വേണമെന്ന ആലോചനയില്‍ അവിടുത്തെ മൂത്ത നമ്പൂതിരി പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ,ഒരു വ്യാഴവട്ടകാലം നീണ്ട്നിൽക്കുന്ന ഭജനമിരിക്കാൻ ആരംഭിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയില്‍ മനസ്സലിഞ്ഞ സര്‍പ്പരാജനായ വാസുകി ഒരു ദിവസം അദ്ദേഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടുവത്രെ. പവിത്രമായ മാണിക്യ കല്ലുമായി പ്രത്യക്ഷപ്പെട്ട നാഗരാജനോട് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അറുതിവരുത്തണമെന്നും ആവശ്യപ്പെട്ടുവെന്നും വാസുകി സമ്മതിക്കുകയും ചെയ്തുവത്രെ
വാസുകിയില്‍ നിന്നും അനുഗ്രഹം നേടി തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ നിന്നും നമ്പൂതിരി തിരികെ പോന്നു. അദ്ദേഹത്തിന്റെ ഓലക്കുടയില്‍ കയറിയാണ് നാഗത്താന്‍ മനയിലെത്തിയതെന്നാണ് വിശ്വാസം. മേക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയിലാണ് നാഗത്താനെ പ്രതിഷ്ഠിച്ചത്. തുടര്‍ന്നുള്ള കാലം നാഗയക്ഷിയുടെയും വാസുകിയുടെയും കല്പനകൾ അനുസരിച്ച് മേക്കാട്ടുമനയിലെ ആളുകൾ ജീവിക്കാനാരംഭിച്ചു എന്നാണ് ഐതിഹ്യമാലയില്‍ പറഞ്ഞുവയ്ക്കുന്നത്. ഇതിനു ശേഷമാണ് ഇവിടെ നാഗാരാധന തുടങ്ങിയത് വിശ്വാസം.
അന്നു വാസുകിയില്‍ നിന്നും വലിയ നമ്പൂതിരിക്ക് ലഭിച്ച മാണിക്കക്കല്ല് എന്നും മനയിലെവിടെയോ ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ അത് എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. കൂടാതെ അന്ന് വാസുകിയെയും നാഗയക്ഷിയെയും പ്രതിഷ്ഠിച്ച് തറകള്‍ കാലാകാലം കഴിഞ്ഞപ്പോള്‍ നശിച്ച് മണ്ണോട് ചേരുകയും ചെയ്തുവത്രെ.
ആദ്യകാലങ്ങളലില്‍ ഇവിടെ കെടാവിളക്ക് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പൂര്‍ണ്ണമായും ഇവിടം നശിക്കുകയായിരുന്നു.
അടുക്കളയിലല്ലാതെ മറ്റൊരിടത്തും ഇവിടെ തീ കത്തിക്കുവാന്‍ അനുമതിയില്ല. മനയ്ക്ക് ചുറ്റുമായി അഞ്ചാ കാവുകളാണുള്ളത്. അതിലേറ്റവും പ്രധാനം തെക്കേക്കാവാണ്. അടുക്കളയിലല്ലാതെ മറ്റൊരിടത്തും തീ ഒരുക്കുവാന്‍ അനുമതിയില്ലാത്തതിനാല്‍ ഇവിടെയാണ് സര്‍പ്പങ്ങള്‍ക്കും മനയിലെ മരിക്കന്ന ആളുകള്‍ക്കും ചിതയൊരുക്കുന്നത്.
പ്രവേശനം എപ്പോള്‍
മനയുടെ അകത്തേക്ക് പ്രവേശനം മിഥുനം, കർക്കിടകം, ചിങ്ങം, ഒഴികെ വരുന്ന ഏത് മലയാള മാസം ഒന്നാം തീയതിയും, കർക്കിടകം അവസാന ദിവസവും, കന്നിമാസം ആയില്യം നാളിലും, മീനത്തിൽ തിരുവോണം മുതൽ ഭരണി വരെയുള്ള ദിവസങ്ങളിലും, മേടം പത്തിനും എല്ലാ ഭക്തജനങ്ങൾക്കും മനയുടെ എല്ലാ കാവുകളിലും പ്രവേശനം ഉണ്ടായിരിക്കും. രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവേശനസമയം.