പ്രസവാനന്തരവിഷാദം അമ്മമാരില്‍
സ്ത്രീ ആദ്യമായി അമ്മ ആകുമ്പോൾ അവള് പുതിയൊരു ലോകത്ത് ആണ്.ഒരുപാട് സംശയങ്ങൾ,ദേഷ്യം,സങ്കടം,അങ്ങനെ സമ്മിശ്ര വികാരങ്ങൾ ആണ് അമ്മയാകുന്ന സ്ത്രീകൾക്ക് ഉണ്ടാകുന്നത്.കൂടാതെ പ്രസവം കഴിഞ്ഞതിനു ശേഷം ഉണ്ടാകുന്ന ശാരീരികമായ മാറ്റങ്ങൾ വേറെയും.
പ്രസവശേഷം നല്ലൊരു ശതമാനം സ്ത്രീകൾക്കും ചെറിയ തോതിൽ മാനസിക പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. പോസ്റ്റ്പാർട്ടം ഡിപ്രഷൻ/ പോസ്റ്റ്പാർട്ടം ബ്ലൂസ് എന്നാണ് ഇവ അറിയപ്പെടാറുള്ളത്. ഇത് പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കാറുണ്ട്. അതിനാൽ തന്നെ പ്രസവശേഷം സ്ത്രീകളുടെ മാനസികാരോഗ്യപാലനത്തിൽ കാര്യമായ ശ്രദ്ധ പുലർത്തണം. പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങൾ ഇവയാണ്.
- ഉറക്കക്കുറവ്,
- അകാരണമായ സങ്കടം,
- ഉത്കണ്ഠ,
- തലവേദന,
- ക്ഷീണം,
- മുലപ്പാൽ കുറയൽ എന്നിവ.
ചെറിയൊരു ശതമാനം സ്ത്രീകളിലെങ്കിലും ഈ ലക്ഷണങ്ങൾ വർധിക്കുന്നതായോ നീണ്ടുനിൽക്കുന്നതായോ കാണാം. പ്രസവശേഷം ശാരീരിക ബലം കുറയുന്നതും മാറിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും ഒക്കെ തന്നെ ഇതിനു കാരണമായി തീരാം. പലപ്പോഴും ഇതൊരു രോഗാവസ്ഥയാണ് എന്ന തിരിച്ചറിവ് സ്ത്രീയ്ക്കും അതുപോലെ തന്നെ ബന്ധുക്കൾക്കും ഇല്ലാതെ പോകുന്നതിനാൽ തന്നെ ഇതിന് കൃത്യമായ വൈദ്യ പരിരക്ഷ ലഭിക്കാതെ പോയേക്കാം.
ബുദ്ധിമുട്ടേറിയ ഈ അവസ്ഥ തിരിച്ചറിയാനും മറികടക്കാനും ജീവിതപങ്കാളിയുടെയും മറ്റു കുടുംബാംഗങ്ങളുടെയും പിന്തുണ അത്യാവശ്യമാണ്. ആരോഗ്യകരമായ ആഹാരം, കൃത്യമായ വിശ്രമം, ഉറക്കം എന്നിവ അമ്മയ്ക്ക് ലഭിക്കണം. കുഞ്ഞിനെ പരിചരിക്കാനും മറ്റും എല്ലാവരും കൂടെയുണ്ട് എന്ന തോന്നൽ അമ്മയ്ക്ക് നൽകണം.
അമ്മയ്ക്കുണ്ടാകുന്ന ഇത്തരം ലഘു മാനസിക അസ്വസ്ഥതകൾ ചെറിയൊരു ശതമാനം ആളുകളിലെങ്കിലും കൂടുതൽ പ്രശ്നമുള്ളതായി മാറാം. നേരത്തെ പറഞ്ഞ ലഘു അവസ്ഥ വിട്ട് ഡിപ്രഷൻ പോലെ ഗൗരവ സ്വഭാവം ഉള്ളതായി മാറിയേക്കാം. രണ്ടാഴ്ചയ്ക്കു മേൽ നീണ്ടുനിൽക്കുന്ന മാനസികാസ്വാസ്ഥ്യ ലക്ഷണങ്ങൾ തീർച്ചയായും ഒരു ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്.
പല വീടുകളിലും നടന്നു വരുന്ന ഒരു കാര്യം ആണ് ആ വീട്ടിലെ സ്ത്രീകൾക്കും,ബന്ധു ജനങ്ങൾ ആയി എത്തുന്ന സ്ത്രീകൾക്കും അവരുടെ അനുഭവങ്ങൾ വിളമ്പാനും , പല കുറവുകളും ചൂണ്ടിക്കാട്ടുവാനും ഉള്ള വേദിയാണ് അമ്മയും കുഞ്ഞും കിടക്കുന്ന മുറി.അവരുടെ പ്രകടനങ്ങൾക്ക് മുന്നിൽ പുതുതായി അമ്മയായ പല സ്ത്രീകളും പകച്ച് നിൽക്കുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. അപ്പോൾ ഞാൻ ചെയ്യുന്നത് ഒന്നും ശരിയല്ലേ എന്ന പേടിയും,കുറ്റബോധവും എല്ലാം ഇത് അവളിൽ ഉണ്ടാക്കും.
അമ്മയായ സ്ത്രീക്ക് വേണ്ടത് കുറച്ച് സമാധാനം ആണ്.അതുപോലെ കുഞ്ഞ് വന്നതിനു ശേഷം ഉള്ള ജീവിതവുമായി ശാരീരികവും മാനസികവും ആയി പൊരുത്തപ്പെടാൻ ഉള്ള സാവകാശം ആണ്. കഴിവതും
അമ്മയായ സ്ത്രീകളുടെ അടുത്ത് ചെന്ന് കുറ്റപ്പെടുത്തലുകൾ നടത്താതിരിക്കുക.കഴിയുന്നതും നല്ല വാക്കുകൾ പറയുവാൻ ശ്രദ്ധിക്കുക.അത് അവരിൽ സന്തോഷവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുകയും ചെയ്യും