നടക്കാൻ കഴിയുന്ന അപൂർവ മത്സ്യം
ഓസ്ട്രേലിയയിലെ ടാസ്മാനിയാൻ തീരത്ത് നടക്കാൻ കഴിയുന്ന ഒരു ഇനം അപൂർവ മത്സ്യത്തെ 22 വർഷത്തിന് ശേഷം വീണ്ടും കണ്ടെത്തി. ഓസ്ട്രേലിയയിൽ മാത്രം കണ്ടുവരുന്ന പിങ്ക് ഹാന്ഡ് ഫിഷിനെ മുൻപ് നാല് തവണ മാത്രമേ കാണാൻ സാധിച്ചിട്ടുള്ളൂ. 1999 ലാണ് അവസാനമായി കണ്ടത്. കൈകൾ പോലുള്ള ചിറകുകളാണ് ഇതിന്റെ പ്രത്യേകത. ഇത് അതിനെ നീന്തുന്നതിനൊപ്പം നടക്കാനും സഹായിക്കുന്നു. കുറേക്കാലം കാണാതായപ്പോൾ ഉദ്യോഗസ്ഥർ മത്സ്യത്തെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
മറൈൻ പാർക്കിൽ സ്ഥാപിച്ച ആഴക്കടൽ ക്യാമറയിലൂടെ യാണ് അവർ വീണ്ടും ഓസ്ട്രേലിയൻ ഗവേഷകർ കണ്ടെത്തിയത്. ആംഗ്ലർഫിഷ് കുടുംബത്തിലെ അംഗമാണ് പിങ്ക് ഹാൻഡ് ഫിഷ്. ഈ മത്സ്യത്തെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ ഇപ്പോൾ അറിയൂ. ആഴം കുറഞ്ഞ വെള്ളത്തിലാണ് ഇത് ജീവിക്കുന്നതെന്നാണ് ഗവേഷകർ കണ്ടെത്തിയത്. എന്നാൽ അവയെ ഇപ്പോൾ കണ്ടെത്തിയത് അതിലും ആഴമേറിയ സമുദ്ര അടിത്തട്ടിലാണ്. പ്രധാന ഗവേഷകനും മറൈൻ ബയോളജിസ്റ്റുമായ നെവിൽ ബാരറ്റ് ഈ ജീവിവർഗത്തിന്റെ നിലനിൽപ്പിന് പ്രതീക്ഷ നൽകുന്ന ഒന്നാണ് ഈ കണ്ടെത്തൽ എന്ന് അവകാശപ്പെടുന്നു.