മുട്ട പഫ്സ്.

റെസിപി :സുലഭ

ആവശ്യമായ ചേരുവകൾ


പുഴുങ്ങിയമുട്ട- 3
എണ്ണ- 1 ടേബിൾസ്പൂൺ
സവാള- 2 വലുത് നീളത്തിൽ അരിഞ്ഞത്
തക്കാളി- 1 നീളത്തിലരിഞ്ഞത്
പച്ചമുളക്- 4 ചതച്ചെടുക്കുക
ഇഞ്ചി- വെളുത്തുള്ളിപേസ്റ്റ് – 1 ടീസ്പൂൺ
മഞ്ഞൾപൊടി- അര ടീസ്പൂൺ
ഗരം മസാലപ്പൊടി – അര ടീസ്പൂൺ
ആട്ട- 2 കപ്പ്
വെണ്ണ- 100 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
നാരങ്ങാനീര്- 1 ടീസ്പൂൺ
കറിവേപ്പില- 2 തണ്ട്

തയ്യാറാക്കുന്ന വിധം


ആട്ടയിൽ ആവശ്യത്തിന് വെണ്ണ ചേർത്ത് പുട്ടിന് മാവ് നനയ്ക്കും പോലെ നനയ്ക്കുക. ശേഷം മാവിലേക്ക് നാരങ്ങാനീരും ഉപ്പും വെള്ളവും ചേർത്ത് നല്ല മുറുക്കത്തിൽ കുഴച്ചെടുക്കുക. ഇനി ഈ മാവ് ചെറിയ കനത്തിൽ പരത്തുക. ഇതിന് മുകളിലായി വെണ്ണ തേച്ചു പിടിപ്പിച്ചിട്ട് നാല് നാലുവശങ്ങളിൽ നിന്നും ഉള്ളിലേക്ക് മടക്കി അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

അര മണിക്കൂറിന് ശേഷം ഈ മാവ് പുറത്തെടുത്ത് വീണ്ടും പരത്തുക. ഇതിലേക്ക് വീണ്ടും വെണ്ണ തേച്ചുപിടിപ്പിച്ചിട്ട് നേരത്തേ പറഞ്ഞതു പോലെ മടക്കി ഫ്രിഡ്ജിൽ ഒരു മണിക്കൂർ നേരം വയ്ക്കുക. ശേഷം പുറത്തെടുത്ത് പരത്തി ഒരേ അളവിലുള്ള ചതുരക്കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് അര മണിക്കൂർ നേരം പുറത്ത് തന്നെ വയ്ക്കുക.

ഈ സമയം കൊണ്ട് നമുക്ക് ഫില്ലിങ്ങിനായുള്ള സാധനങ്ങൾ തയ്യാറാക്കാം. ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ സവാള വഴറ്റിയെടുക്കുക. സവാള വഴന്നുവരുമ്പോഴേക്കും തക്കാളി ചേർക്കുക. ഇവ രണ്ടും ചേർത്തിളക്കി എണ്ണ തെളിയുമ്പോൾ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും പച്ചമുളകും കറിവേപ്പിലയും കൂടി ചേർത്തിളക്കുക.

ചേരുവകളുടെ പച്ചമണം മാറുമ്പോൾ ഗരം മസാലപ്പൊടിയും മഞ്ഞൾപൊടിയും കൂടി ചേർത്തിളക്കുക. ഇനി അൽപം ഉപ്പ് ചേർക്കാം. ചേരുവകൾ നന്നായി ഇളക്കിച്ചേർത്ത ശേഷം ഉപ്പ് നോക്കി ആവശ്യമെങ്കിൽ കുറച്ചുകൂടി ചേർത്തു കൊടുക്കുക. ശേഷം ഇത് അടുപ്പിൽ നിന്നും വാങ്ങാം.

ഇനി നേരത്തേ മാവ് ചതുരക്കഷണങ്ങളാക്കി തയ്യാറാക്കി വച്ചിരിക്കുന്നതിൽ മസാലയിട്ട് അതിനു മുകളിലായി മുട്ടയുടെ ഒരു പകുതിയും വച്ച് മാവ് നാലു കോണുകളിൽ നിന്നും പിടിച്ച് അകത്തേക്ക് വയ്ക്കുക. രണ്ട് കോണിൽ നിന്ന് മാത്രവും ഇങ്ങനെ മടക്കാം. എന്തായാലും ഇങ്ങനെ ചെയ്യുമ്പോൾ മാവിന്റെ അറ്റം അകത്തു വച്ച് അധികം അമർത്തരുത്.

ഒരു മുട്ട പൊട്ടിച്ച് കലക്കി അത് ഫില്ലിങ് കഴിഞ്ഞ മാവിന്റെ മുകളിൽ പുരട്ടിക്കൊടുക്കുന്നത് പഫ്സിന്റെ രുചിയും നിറവും കൂടാൻ സഹായിക്കും. ഇനി നേരത്തേ ചൂടാക്കി വച്ചിരിക്കുന്ന (പ്രീ ഹീറ്റഡ്) അവനിൽ 180 ഡിഗ്രി സെൽഷ്യസിൽ 15 മുതൽ 20 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!