മലയാള ചലച്ചിത്രങ്ങളുടെ പ്രദർശനം വൈകും
തിയറ്ററുകള്‍ ഇന്ന് മുതൽ തുറക്കും. എന്നാൽ മലയാള ചല ചിത്രങ്ങളുടെ പ്രദർശനം ഉടനെ ഉണ്ടാവില്ല. നോടൈം ടു ഡൈ എന്ന ജയിംസ് ബോണ്ട് ചിത്രമാണ് ഇന്ന് തിയറ്റർ റിലീസ് ചെയ്യുന്നത്. ജോജു ജോർജ് നായകനാകുന്ന സ്റ്റാർ, വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന മിഷൻ സി തുടങ്ങിയ സിനിമകൾ ഒക്ടോബര്‍ 29ന് പുറത്തിറങ്ങുമെന്നാണ് സൂചന. വെനം 2 എന്ന ഹോളിവുഡ് ചിത്രം ഒക്ടോബർ 27നും റിലീസ് ചെയ്യും. ശിവകാർത്തികേയന്റെ ഡോക്ടർ ഈ മാസം 28ന് കേരളത്തിൽ റിലീസ് ചെയ്യും.
ഇതു സംബന്ധിച്ച് സിനിമ പ്രവർത്തകർ മന്ത്രി സജി ചെറിയാനുമായി ഓൺലൈൻ മീറ്റിങ്ങും സംഘടിപ്പിച്ചിരുന്നു.
എന്തായാലും വൻ ബജറ്റിൽ ചിത്രീകരിച്ച മലയാള സിനിമകളുടെ റിലീസിന്റെ കാര്യത്തിൽ നവംബർ പകുതിക്ക് ശേഷമേ തീരുമാനം ഉണ്ടാവൂ. ജനം തിയറ്ററുകളിലേക്ക് എത്തുമോയെന്ന് അറിഞ്ഞ ശേഷം റിലീസ് ചെയ്യാനാണു നിർമാതാക്കളുടെ തീരുമാനം. നൂറോളം സിനിമകൾ റിലീസിനു തയാറാണെന്നു തിയറ്റർ ഉടമകളെ അറിയിച്ചിട്ടുണ്ട്. പക്ഷേ നവംബർ അവസാനം വാരം മുതൽ മാത്രമാണ് ഇവർ തിയറ്റർ ചോദിക്കുന്നത്. അതുവരെ തിയറ്ററുകൾ എങ്ങനെ പിടിച്ചു നിൽക്കുമെന്നു വ്യക്തമല്ല. ക്രിസ്മസ് റിലീസായി ഡിസംബറിൽ 2 ബജറ്റ് സിനിമകൾ എത്തുമെന്നാണു കരുതുന്നത്. ഒരു സിനിമ മാത്രമേ ഉറപ്പായിട്ടുള്ളു. രജനീകാന്ത് സിനിമ നവംബർ 4ന് എത്തും. എന്നാൽ കേരളത്തിൽ ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല. 3 തമിഴ് സിനിമകൾ വരുമെന്ന് ഉറപ്പായി. മലയാളത്തിലെ എത്ര സിനിമകൾ ഉടൻ തിയറ്ററിലേക്ക് എത്തുമെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. റിലീസ് ചാർട്ട് ഉണ്ടാക്കാൻ തിയറ്റർ ഉടമകൾ തീരുമാനിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയാക്കി സെൻസർ ചെയ്ത സിനിമകൾ മാത്രമേ ഇതിലുണ്ടാകൂ. ആദ്യം തയാറാകാതെ പിന്നീട് ഇടിച്ചു കയറുന്നതു തടയാനാണിത്. ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമകൾ എടുക്കുന്നതു കുറച്ചിട്ടുണ്ട്.
ഇതിന് കാരണം മലയാള ചിത്രങ്ങളുടെ കാഴ്ചക്കാര്‍ കുറഞ്ഞതാണ്. ഒടിടി പ്ലാറ്റ്ഫോമുകളുടെ തീരുമാനം വ്യക്തമാകാത്ത സാഹചര്യത്തിൽ പ്രവർത്തകർ തിയറ്ററുകളെ ആശ്രയിക്കേണ്ടി വരും. എന്തായാലും തിയറ്ററുകൾ തുറക്കുന്ന സമയം നേരിടാൻ പോകുന്ന പ്രതിസന്ധി പ്രതീക്ഷിക്ഷിക്കാവുന്നതാണ. എന്നാൽ, സർക്കാർ സഹായം ഈ പ്രശ്നത്തിന് പരിഹാരമാകും എന്നാണ് ഏവരും വിശ്വസിക്കുന്നത്.