മറ്റിടങ്ങളിലെ രസകരമായ ഭക്ഷണരീതി

ഭക്ഷണം കഴിക്കുന്ന ശീലം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. എന്ന് വിചാരിച്ച് ചിലത് മാത്രം നല്ലത്, മറ്റുള്ളത് ചീത്ത എന്നൊന്നുമില്ലാട്ടോ. ഓരോ സംസ്കാരവും നല്ലതാണ് എന്ന് പറയുന്നതു പോലെ ഈ കാര്യത്തെയും വിലയിരുത്താം. എന്തായാലും, നമുക്ക് വിവിധ ഇടങ്ങളിലെ ഭക്ഷണ രീതിയെ കുറിച്ച് അറിയാം.

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ( ഈജിപ്ത്, ഇറാൻ, ഇറാഖ്,സൗദി അറേബ്യ,സിറിയ,ജോർദാൻ, യെമൻ,സിറിയ, കുവൈത്ത് ലരേ….) ഇടതുകൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് വൃത്തിഹീനമായ ഒരു ശീലം ആയിട്ടാണ് കണ്ടുവരുന്നത്.

തായ്ലാൻഡിൽ ഫോർക്ക് ഉപയോഗിച്ച് ഭക്ഷണം വായിൽ വെക്കുന്നത് അത്യന്തം ഹീനമായ ഒരു പ്രവൃത്തിയാണ്. ഇത് ഭക്ഷണത്തോടുള്ള അനാദരവ് ആണത്രേ സൂചിപ്പിക്കുന്നത്. ഫോർക്ക് ഉപയോഗിക്കേണ്ടത് സ്പൂണിലേക്ക് ഭക്ഷണം മാറ്റാൻ മാത്രമാണ്.

ഭക്ഷണപാനീയങ്ങൾ കഴിക്കുമ്പോൾ ശബ്ദം ഉണ്ടാക്കുന്നത് ഒരു മോശം പ്രവണതയായാണ് നമ്മൾ കരുതുന്നതെങ്കിൽ, ജപ്പാനിൽ ഇത് വളരെ നല്ലൊരു കാര്യമാണ്. നൂഡിൽസും സൂപ്പും ഒക്കെ ആസ്വാദ്യകരമായി ശബ്ദം ഉണ്ടാക്കിക്കൊണ്ട് കഴിക്കുന്നത് അത് ഏറെ രുചികരമാണ് എന്നുള്ളതിന്റെ സൂചനയാണത്രേ.

ദക്ഷിണകൊറിയയിൽ , ഒന്നിലധികം പേർ പങ്കുചേരുന്ന ഭക്ഷണവേളകളിൽ കൂട്ടത്തിലെ ഏറ്റവും മുതിർന്ന ആൾ ആണ് ആദ്യം ഭക്ഷിച്ച് തുടങ്ങേണ്ടത്. ഇതിനുശേഷമേ മറ്റുള്ളവർ കഴിക്കാൻ തുടങ്ങുള്ളൂ. മുതിർന്നവരോടുള്ള ബഹുമാനസൂചകമായാണ് ഇത് ചെയ്യുന്നത്.

ചൈനയിൽ ഭക്ഷണമേശകളിലെ പ്രധാനിയാണ് ചോപ്പ് സ്റ്റിക്കുകൾ. എന്നാൽ വളരെ അനായാസമായി ചോപ്പ് സ്റ്റിക്കുകൾ ഉപയോഗിക്കാം എന്ന് കരുതരുത്. ഭക്ഷണ പാത്രത്തിൽ കുത്തനെ നിർത്തുകയോ, മറ്റൊരാളുടെ നേരെ മുൻവശം ചൂണ്ടുന്ന രീതിയിലോ ചോപ്പ് സ്റ്റിക്കുകൾ വെക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇന്ത്യയിൽ, പാത്രത്തിലെ എല്ലാ വിഭവങ്ങളും കഴിച്ച് ഒഴിഞ്ഞ രീതിയിൽ ആക്കുന്നത് അത് ഏറ്റവും ഹൃദ്യമായ ഭക്ഷണമായിരുന്നു എന്നതിന്റെ തെളിവ് ആണെങ്കിൽ ചൈനയിൽ ഇത് ആതിഥേയന് വേണ്ടത്ര ഭക്ഷണം തന്നില്ല എന്നതിന്റെ സൂചനയാണ്.

ബ്രിട്ടീഷുകാരുടെ ചായപ്രിയം പ്രശസ്തമാണല്ലോ. ഇവിടെ കപ്പിലെ ചായ ഇളക്കുന്നതിനുമുണ്ട് ചില രീതികൾ. ചായ ഇളക്കുന്ന സമയത്ത് സ്പൂൺ കപ്പിന്റെ വശങ്ങളിൽ തട്ടാൻ പാടില്ല. ഇളക്കിക്കഴിഞ്ഞാൽ കപ്പിൽ വെയ്ക്കാതെ സ്പൂൺ എടുത്ത് സോസറിൽ വയ്ക്കുകയും വേണം.

ചിലിയിൽ ഭക്ഷണം എന്തുതന്നെയായാലും കൈ ഉപയോഗിച്ച് കഴിക്കുന്നത് നല്ല രീതിയല്ല എന്ന വിശ്വാസമാണ് നിലനില്ക്കുന്നത്. സ്പൂണോ ഫോർക്കോ കത്തിയോ ഉപയോഗിച്ചാണ് ഇവർ ഭക്ഷണം കഴിക്കുന്നത്.

വീട്ടിലെ കറിയിൽ ഇത്തിരി ഉപ്പോ, എരിവോ കുറവുണ്ടെങ്കിൽ വീണ്ടും ചോദിച്ചുവാങ്ങി ഇടുന്നവരാണല്ലോ നമ്മൾ. എന്നാൽ ഈജിപ്തിലും പോർച്ചുഗലിലും ഇത് നടപ്പില്ല. പാകംചെയ്ത ഭക്ഷണത്തിൽ ചേർക്കാൻ ഉപ്പോ കുരുമുളകോ വീണ്ടും ചോദിക്കുന്നത് ഭക്ഷണം ഉണ്ടാക്കിയ ആളോടുള്ള അനാദരാവായാണ് അവിടെ കരുതുന്നത്.

എന്ത് വ്യത്യസ്തമാണല്ലേ ഓരോ രാജ്യത്തെയും ഭക്ഷണ രീതികൾ. നമുക്ക് ജീവിക്കാൻ ഏറ്റവും അത്യവശ്യമായി വേണ്ട കാര്യങ്ങളിൽ ഒന്നാണല്ലോ ഭക്ഷണം. അതു കൊണ്ട് തന്നെ അന്നം കഴിക്കുമ്പോൾ പോലും ചില ചിട്ട വട്ടങ്ങൾ പുലർത്തുന്നവരാണ് നാം ഓരോരുത്തരും.

Leave a Reply

Your email address will not be published. Required fields are marked *