നൊമ്പരപ്പൂക്കൾ
കഥ : ഷാജി ഇടപ്പള്ളി
നേരം സന്ധ്യയായി.
മഴ തിമിർത്തു പെയ്യുകയാണ്
ഇനിയും കാത്തു നിന്നാൽ വീട്ടിലെത്താൻ നേരം വൈകും.
അവൾ ഓഫീസ് പൂട്ടിയിറങ്ങി
മഴ പെയ്തതോടെ നഗരവീഥിയിൽ തിരക്കൊഴിഞ്ഞു തുടങ്ങി
ശക്തമായ കാറ്റുണ്ട്.
സാരിയൊതുക്കിപ്പിടിച്ചു നടത്തത്തിന് വേഗത കൂട്ടി
നാശം ,അപ്പോഴേക്കും കറൻറും പോയി.
ഭയമുണ്ടെങ്കിലും ധൈര്യം ഭാവിച്ച് നടന്നു
ഇടറോഡുകളിൽ വെള്ളക്കെട്ടും.
ഓടയേതാ ,വഴിയേതാ എന്നു പോലും തിരിച്ചറിയാൻ പറ്റണില്ല..
ഇനി വീട്ടിലെത്തിയാൽ എന്തൊക്കെയാവും കേൾക്കേണ്ടി വരിക ആവോ?
ഓഫീസിലെ തിരക്കും , മഴയുമൊന്നും അദ്ദേഹത്തിന് ബാധകമാവില്ല
എന്തോ ,എത്ര പറഞ്ഞാലും തിരിച്ചറിവ് ഇല്ലാത്തതുപോലെ
ആദ്യമൊക്കെ ഒത്തിരി വിഷമം തോന്നിയിരുന്നു.
പിന്നെ ,പതിവായി കേൾക്കാൻ തുടങ്ങിയതോടെ ശീലമായി.
ഇപ്പോ അതൊന്നും അത്ര കാര്യമാക്കാറില്ല.
എങ്കിലും ഓർക്കുമ്പോൾ അറിയാതെ കണ്ണുകൾ ഈറനണിഞ്ഞു പോകും..
വായാടിയായ അവൾ വീട്ടിലെക്കെത്തിയാൽ തൊട്ടാവാടിയാകുമെന്ന് എത്ര പേർക്ക് അറിയാമോ ആവോ?
ഒരാൾ ലഹരിയിൽ ആനന്ദം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തകരുന്നത് ഒരു കുടുംബത്തിൻ്റെ സന്തോഷമാണെന്ന് തിരിച്ചറിവുണ്ടായാലേ രക്ഷയുള്ളു.
അതിനിടയിൽ അയൽവാസികളുടെയും ബന്ധുക്കളുടെയും കുറ്റപ്പെടുത്തൽ.
സഹികെട്ട് മക്കൾ പോലും അമ്മയാണ് എല്ലാത്തിനും വളം വെച്ചു കൊടുക്കുന്നത് എന്ന് പറയുന്നത് കേൾക്കുമ്പോൾ ഉള്ളിലെ വിങ്ങലുകൾ അടക്കിപ്പിടിച്ച് അവൾ ചിരിക്കാൻ ശ്രമിക്കും..
ആരെന്തൊക്കെ പറഞ്ഞാലും അദ്ദേഹം ഭർത്താവായി പോയില്ലേ…
കുട്ടികളുടെ അച്ഛൻ..
ഒരു തുണയില്ലാത്ത പലരുടെയും സങ്കടങ്ങൾ കണ്ടിട്ടുള്ളതിനാൽ ആ അവസ്ഥ വരരുതെന്നുള്ള പ്രാർത്ഥനയാണെപ്പോഴും.
തിരിച്ചറിവുണ്ടാകുന്ന ഒരു കാലം ഉണ്ടാകാതിരിക്കില്ല എന്ന പ്രതീക്ഷയിലാണ് അവളുടെ കാത്തിരിപ്പ്.
പിന്നെ
കുറേ കഴിയുമ്പോൾ അയാൾക്ക് താനും തനിക്ക് അയാളും അല്ലാതെ മറ്റാരുണ്ടാകാൻ
അപ്പോഴെങ്കിലും താൻ അനുഭവിച്ച വേദനകൾ ബോധ്യപ്പെടാതിരിക്കില്ലല്ലോ
അതാണ് അവളുടെ ചിന്തകൾ
വീട്ടിലെത്തിയതും മെഴുകുതിരി വെളിച്ചത്തിൽ അവളുടെ നിഴൽ കണ്ടതോടെ അയാൾ പതിവിനുള്ള തുടക്കമായി.
അവൾ കേട്ടതായി ഭാവിച്ചില്ല
നനഞ്ഞ വസ്ത്രങ്ങൾ മാറി
വേഗം അടുക്കളയിലേക്ക് നടന്നു