‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ’

രമ്യ ശിവകുമാര്‍

അടുക്കളയിൽ എപ്പോഴാണ്
ഹൃദയം കരിയുന്നതെന്നറിയാമോ
ഊരും പേരും മറന്നൊരുടൽ
പുകയൂതി തളർന്നപ്പോഴല്ല
ഉപ്പു പോരെന്നോരു കറിച്ചട്ടി
വീണുടഞ്ഞപ്പോഴുമല്ല
സ്വപ്‌നങ്ങൾ തിളച്ചു തൂവേ
നെടുവീർപ്പിനെ ആവിയിൽ ചേർത്തവൾ
ദുഖങ്ങൾക്കൊളിത്താവളമായ്
എരിവിനെ കൂട്ടുപിടിച്ചവൾ
പ്രണയം കുറുക്കി പാൽപ്പായസം ചമച്ചവൾ
നിന്റെ ചുംബനച്ചൂടിൽ പരിഭവമലിഞ്ഞു
നറുവെണ്ണയായവൾ
നിന്റെ ദാഹത്തിൽ നിറഞ്ഞ പുഴയായവൾ
നിന്റെ കുഞ്ഞുങ്ങൾക്ക് താരാട്ടായവൾ
രാവോളം പണിതിട്ടും
ഒരു പണിയുമില്ലാത്തോളെന്ന
പുച്ഛം ചുമന്നു പിടഞ്ഞവൾ
പ്രണയഭംഗം കുത്തിനോവിക്കാതെ
ഓർമ്മകൾക്കതിരിട്ടവൾ
ആഞ്ഞു പുണരും വേദനകളെ
ഒരു ഗുളികയുടെആലസ്യത്തിനു കൂട്ടുകൊടുത്തു
ചുണ്ടിലൊരു പുഞ്ചിരി കടമെടുത്ത പെണ്ണവൾ
അവൾ വീണുപോയതു
നിങ്ങൾ രുചിഭേദങ്ങൾ തിരഞ്ഞു
മറ്റൊരു അടുക്കള തേടിപോയപ്പോഴത്രെ
തിളച്ചുതൂവും നൊമ്പരങ്ങൾ ബാക്കിയാവട്ടെ
മൗനമുറഞ്ഞ നിശകളിൽ നീ വാചാലനാവരുത്
നീയത്ര പോരെന്നു വിധിച്ചു
അവളെ വീണ്ടും കൊല്ലരുത്
കനൽവഴികളിലേയ്ക്കു കാൽവച്ചവളെ
ഒരു മാപ്പുകൊണ്ട് തിരികെ കിട്ടുമെന്ന് വ്യാമോഹിക്കരുത്

Leave a Reply

Your email address will not be published. Required fields are marked *