പച്ച പാരീസ് മിഠായികൾ
പൂജ. ഹരി
(കുഞ്ഞികഥ )
ഒരു ഡിസംബർ മാസം. ചിറളയം കോൺവെന്റിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം.വർഷത്തിലൊരുദിവസം സ്കൂളിൽ സിനിമാപ്രദർശനമുണ്ട്. അഞ്ചു രൂപയാണ് അതിന്റെ ചാർജ്.അന്ന് സിനിമയെന്നാൽ ലാലേട്ടനും മമ്മൂക്കയുമായിരുന്നു. അവരുടെ സിനിമകൾ ഏതെങ്കിലുമായിരിക്കും.
ഞാനാണെങ്കിൽ ഒറ്റമൈനയെ കണ്ട സങ്കടത്തിലായിരുന്നു. 🤔ഏത് വഴിക്ക് അടി കിട്ടുമെന്ന ചിന്തയിലാണ് സ്കൂളിലെത്തിയത്. ക്ലാസ്സിൽ കേറുന്നതിന് മുമ്പേ പള്ളിയിൽ കേറി മുട്ടുകുത്തി പ്രാർത്ഥിക്കാറുണ്ട്. 🙄സിനിമയുടെ കാര്യമോർത്ത് അതും മറന്നു.പിന്നെ മുടി കെട്ടിയത് ശരിയായില്ല. മായാവിയെ പോലെ രണ്ടു കൊമ്പുംചുവന്ന റിബണും അതിൽ ഹെഡ്ലൈറ്റ് പോലെ രണ്ടു റോസപ്പൂക്കൾ.പറ്റിയാൽ ഒരു ചെമ്പകം കൂടി വെക്കും.ഡെക്കറേഷൻ വർക്ക് ഒക്കെ ക്ലാസ്സിൽ വെച്ചാണ്. അങ്ങനെ പ്രയർ കഴിഞ്ഞു. വരിവരിയായി ഹാളിലേക്ക് കൊണ്ടു പോയി. തറ ടിക്കറ്റ് മാത്രമേയുള്ളു. ടീച്ചേർസ് മാത്രം കസേരയിൽ.
സിനിമ തുടങ്ങി.ലാലേട്ടന്റെ സൂപ്പർ ഹിറ്റ് പടം “ചിത്രം ” അതായിരുന്നു ആ വർഷത്തെ സ്കൂളിലെ സിനിമ.
പോർട്ടബിൾ പ്രൊജക്ടറും , ഫിലിം റോളുകൾ കറങ്ങുന്നതും ഞാൻ നോക്കിയിരുന്നു.വലിച്ചു കെട്ടിയ വെള്ളതുണിയിൽ പതിയുന്ന സിനിമ. ഞാനും ജാസ്മിയും അതിന്റെ ടെക്നോളജിയെ കുറിച്ച് ചിന്തിച്ചിരുന്നു.കോൺവെൻറ് സ്കൂൾ ആയതുകൊണ്ട് ടീച്ചർമാരിൽ ഭൂരിഭാഗവും കന്യാസ്ത്രീകളാണ്.. ഞങ്ങൾ അവരെ സിസ്റ്റേഴ്സ് എന്നു വിളിച്ചു.. വർഷത്തിലൊരിക്കലുള്ള ആ സിനിമ ശരിക്കും ആസ്വദിക്കുന്നത് അവരാണ്. അവരുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ ഞാൻ നോക്കിയിരുന്നു. ഇടക്ക് സിനിമയിലേക്കും നോക്കും.😔ഒടുവിൽ ലാലേട്ടനെ പോലീസ് കൊണ്ടു പോയി. അത് കണ്ട് നെഞ്ചു പൊട്ടിക്കരഞ്ഞ മേരിസിസ്റ്ററിനെ ഞാനും ജാസ്മിയും ഒരുവിധത്തിൽ സമാധാനിപ്പിച്ചു. കരഞ്ഞു കരഞ്ഞു കണ്ണും മൂക്കും ചുവന്ന മേരി സിസ്റ്ററിനോട് ചിത്രത്തിന്റെ അടുത്ത ഭാഗത്തിൽ ലാലേട്ടൻ തിരിച്ചു വരുമെന്നുറപ്പും കൊടുത്ത് ഞങ്ങൾ ക്ലാസ്സിലോട്ട് തിരിച്ചുപോയി.
അന്ന് ക്ലാസ്സ് എടുക്കാൻ ആരും വന്നില്ല. ഞാൻ ഒറ്റമൈനയെ കുറിച്ച് പിന്നേം ഓർത്തിരുന്നു. വിശ്രമവേളകൾ ആനന്ദകരമാക്കാൻ ഞങ്ങൾ പിൻബഞ്ചുകാർ ലഹള തുടങ്ങി. പഠിപ്പികൾ പുസ്തകം തുറന്നു വെച്ചു . അന്ന് പാരഡി പാട്ടുകൾ പാടുന്നതായിരുന്നു ഹോബി.ബെഞ്ചിൽ കൊട്ടിയാണ് പാട്ട്. ഒരു ദിവസം കിട്ടിയ സ്വാതന്ത്ര്യം.സ്വതവേ അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയുമില്ലായിരുന്നു.
അന്നത്തെ ഹിറ്റ് ഗാനം
” ദേവദൂതർ പാടി, സ്നേഹദൂതർ പാടി,
ഈ ഒലിവിൻ പൂക്കൾ പാടിയാടും നിലാവിൽ”
അതിന്റെ പാരഡി
” യേശുദാസ് പാടി,സിൽക്ക് സ്മിത ആടി,കണ്ടു നിന്ന മാള മുണ്ട് പൊക്കി ഓടി…”
ഇതായിരുന്നു. 🙄അറിവില്ലാത്ത പ്രായം, ഞങ്ങൾ പാടിതകർത്തു.🙏ഇത് കേട്ടു കൊണ്ട് സിസ്റ്റർ ജൊവീന കേറി വന്നു. ഞാനാണെങ്കിൽ പാട്ടിന്റെ സ്പിരിറ്റിൽ ഇതൊന്നും അറിഞ്ഞില്ല.സിസ്റ്റർ ഭാഗ്യത്തിന് മുഴുവൻ കേട്ടില്ല.. പുറകിൽ നിന്ന് സിസ്റ്ററുടെ ശബ്ദം.
“പൂജ സ്റ്റാൻഡ് അപ്പ്”
ഞാൻ ഞെട്ടി.അടിയുടെ കാര്യമോർത്ത് ഞാൻ വിറച്ചു.എന്റെ ഒറ്റമൈന എന്നെ ചതിച്ചു. സ്കർട്ട് പൊക്കിയുള്ള അടിയാണ് ജോവീന മിസ്സിന്റെ മെയിൻ.
ജോവീന സിസ്റ്റർ പറഞ്ഞു.
” പൂജ ഇവിടെ വരു, പാട്ട് ഇവിടെ നിന്ന് പാടൂ. ഞാൻ മുഴുവൻ കേട്ടില്ല “
ഞാൻ ഒന്നും മിണ്ടിയില്ല.ഉള്ള ബോധം കെട്ട് പോകുമോ എന്നു പേടിച്ചു. വിറക്കുന്ന കാലുകളോടെ ലോകത്തെ സകലദൈവങ്ങളെയും വിളിച്ച് അവിടെ പോയി നിന്നു.
“പൂജ പാടു ” പിന്നേം സിസ്റ്റർ പറഞ്ഞു.
ജാസ്മി എന്നെ നോക്കി അന്തം വിട്ടിരിക്കുന്നു. എന്റെ ശത്രുക്കളായ പൊന്നിയും സൗമ്യയുമൊക്കെ എനിക്ക് അടി കിട്ടുന്നത് കാണാൻ കാത്തിരിക്കുന്നു 🙄.
ഞാൻ കണ്ണടച്ച് ഒറ്റ കാച്ച്…
“യേശുദാസ് പാടി
സിൽക്ക് സ്മിത ആടി
കണ്ടു നിന്ന മാള
യേശുവിനെ വാഴ്ത്തി “
അങ്ങനെ എന്റെ ആദ്യത്തെ വരി പിറന്നു.
ജോവീന സിസ്റ്ററിനു സന്തോഷമായി. എന്നെ ചേർത്തങ്ങു പിടിച്ചു. (സബരോം കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാത്തി ഹെ)
സിസ്റ്റേർ ചിരിച്ചു കൊണ്ട് പറഞ്ഞു.വെൽ ഡൺ പൂജ. ആടിയാലും പാടിയാലും ദൈവത്തെ മറന്നില്ലല്ലോ. ഇനി പ്രയർ ചെല്ലുന്ന ഗ്രൂപ്പിൽ പൂജയുമുണ്ടാവും.ഇനിയും ഇതു പോലെ നല്ല പാട്ടുകൾ പാടണം. ഞാനാണെങ്കിൽ കേട്ടതൊന്നും വിശ്വസിക്കാൻ പറ്റാതെ നിൽക്കുന്നു. മനസ്സിൽ അഞ്ചാറു ലഡു ഒരുമിച്ച് പൊട്ടി. സിസ്റ്റർ പോക്കറ്റിൽ നിന്നും ഒരു പിടി പച്ച പാരിസ് മിട്ടായി എടുത്തു തന്നു. സിസ്റ്ററുടെ നീല ഞരമ്പ് തെളിഞ്ഞു നിൽക്കുന്ന കൈയിൽ ഉമ്മ വെക്കാൻ തോന്നി.
അതും വാങ്ങി സ്ലോ മോഷനിൽ പോയി ബെഞ്ചിൽ ഇരുന്നു. അടികൊണ്ട് ഞാൻ കരയുമെന്ന് കരുതിയിരുന്നവളുമാരൊക്കെ ചമ്മി പോയി. ഒരു മിനിറ്റ് കൊണ്ട് മനസ്സിൽ വന്ന വരി.
എന്നെ അടിയിൽ നിന്ന് രക്ഷിച്ച വരി.അതെങ്ങനെ ആ നേരത്ത് എന്റെ മനസ്സിൽ വന്നുവെന്ന് അറിയില്ല. ഒറ്റമൈന ചതിച്ചില്ല.
ഇപ്പോളും ആ പച്ചയുടുപ്പിട്ട പാരീസ് മിട്ടായി എന്നെ കൊതിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആ മധുരമുള്ള ഓർമ്മകൾപോലെ…..