പെണ്ണുടൽ
എന്റെ കണ്ണിലെ അഞ്ച് തിരിയിട്ട
നിലവിളക്കിനെ സാക്ഷിയാക്കി
ഒരിക്കൽ എന്റെതെല്ലാം
നീ സ്വന്തമാക്കി.
എന്നരുവിയിൽ പൂന്തോണിയിറക്കി
ഓളങ്ങളിൽ തിരതല്ലി
കാട്ടരുവികളെ തലോടി
പുറം കാടുകൾ
മേച്ചിൽ പുറങ്ങളാക്കി.
എന്നോ എന്റെ കണ്ണിലെ
മൺചിരാതുകൾ
മങ്ങി തുടങ്ങിയ നാൾ,
കാട്ടരുവിവറ്റി തുടങ്ങിയ നാൾ,
കാടുകൾ വന്യമായ നാൾ
പ്രണയ ശൂന്യമായ കരങ്ങളാൽ
ഇത്തിരി വെട്ടത്തെയും
അണച്ചു നീകടന്നു പോയി.
എത്ര രാത്രിമഴ നനഞ്ഞിട്ടും
എത്ര പൊൻകിരണങ്ങൾ
പൊള്ളിച്ചിട്ടും
കെടാതെ തിളങ്ങുന്നുണ്ടൊരു
കനൽ ഒളിമങ്ങാതെ.
ഉറവ പൊട്ടിയൊഴുകാൻ
തുടിക്കുന്നുണ്ടൊരു ഹൃദയം.
നിനക്കായി മേച്ചിൽപുറങ്ങൾ
തീർക്കാൻ പുതുനാമ്പുകൾ
നാട്ടുന്നുണ്ടീ പെണ്ണുടൽ.
‘
ജിബി ദീപക്