മലയാളത്തിന്‍റെ കാരണവര്‍ നവതിയുടെ നിറവില്‍

അഭിനയകലയുടെ കാരണവർക്ക് ഇന്ന് 90-ാം പിറന്നാൾ

മലയാളസിനിമയുടെ ശൈശവും കൗമാരവും ഒക്കെ കണ്ട് ഇന്നും ആരംഗത്ത് തുടരുന്ന അഭിനയകലയുടെ കാരണവർ.
സത്യത്തിനു നേരെ മുഖം തിരിച്ചു നിൽക്കാത്ത തൻേറടിയായ ഒരസാധാരണ വ്യക്തിത്വം കൂടിയായ ഈ മഹാനടൻ.
ഭാവസൗന്ദര്യവും കരുത്തും സമന്വയിപ്പിച്ച നടന നിറവാണ് മധു എന്ന നടനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടിയെ അനശ്വരമാക്കിയതോടെയാണ് മധു എന്ന മാധവന്‍നായര്‍ മലയാളസിനിമയിലെ അനിഷേധ്യ സാനിധ്യമായത്.


തിരുവനന്തപുരം മേയറായിരുന്ന ആര്‍. പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മ (കമലമ്മ)യുടെയും മൂത്തമകനായി 1933 സപ്റ്റംബര്‍ 23 ന് കന്നിയിലെ ചോതി നക്ഷത്രത്തിലാണ് മധു ജനിച്ചത്.വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത്‌ സജീവമായി. പിന്നീട്‌ കലാപ്രവർത്തനങ്ങൾക്ക്‌ അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി.


അപ്പോഴും മാധവൻ നായരുടെ മനസ്സിലെ അഭിനയമോഹം കെട്ടങ്ങിയിരുന്നില്ല. ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപ്പിച്ച്‌ അദ്ധ്യാപക ജോലി രാജിവച്ച്‌ ഡൽഹിക്ക് വണ്ടികയറി. 1959 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു. എൻ.എസ്‌.ഡിയിൽ പഠിക്കുന്ന കാലത്താണ്‌ രാമു കാര്യാട്ടുമായി അടുപ്പത്തിലായത്‌. പഠനം പൂർത്തിയാക്കിയശേഷം നാടക രംഗത്ത്‌ സജീവമാകാനായിരുന്നു ഉദ്ദേശ്യം. പക്ഷേ നിയോഗം മറ്റൊന്നായിരുന്നു.


ക്വാജ അഹ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച മധുവിന്റെ ജൈത്രയാത്ര മലയാള സിനിമാ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്‌. ആദ്യ മലയാളചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർ നിർമിച്ച്‌ എൻ.എൻ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകൾ ആണ്‌. ഈ ചിത്രത്തിൽ പ്രേംനസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. നിർമാതാക്കൾ സത്യനുവേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു ഇത്‌.


പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാൻ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു.
1963 ല്‍ മാധവന്‍നായര്‍ക്ക് മധു എന്ന പേര് നല്‍കിയത് തിക്കുറിശ്ശി സുകുമാരൻ നായർ ആണ്
(പി. ഭാസ്ക്കരന്‍ മാസ്റ്ററാണെന്നും പറയുന്നു). മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്‌. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ്‌ നടന്നു കയറിയത്‌. മന്നാഡേ ആലപിച്ച ‘മാനസമൈനേ വരൂ….’ എ ഗാനം മധുവാണ്‌ പാടിയതെന്നുവരെ ജനം വിശ്വസിച്ചു. പതിറ്റാണ്ടുകൾക്കുശേഷവും മധുവിനെ കാണുമ്പോൾ ചെമ്മീനിലെ സംഭാഷങ്ങളും ഗാനങ്ങളുമാണ്‌ പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുത്‌.മിമിക്രി താരങ്ങൾ ഈ നടനെ അനുകരിക്കാൻ ഉപയോഗിക്കുന്നതും ഇതേ ചിത്രത്തിലെ സംഭാഷണങ്ങളാണ്.


പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ മധു തിളങ്ങി. ഭാർഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ, യുദ്ധകാൺഠം, നീതിപീതം, ഇതാ ഇവിടെവരെ തുടങ്ങിയ ചിത്രങ്ങളിലുടെ മധു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.
കാലം മാറുന്നതിനൊപ്പം ചെയ്യുന്ന വേഷങ്ങളും മാറാൻ അദ്ദേഹത്തിനു മടിയില്ലായിരുന്നു. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. അതുകൊണ്ടുതന്നെ മധു എന്ന നായകനെ മനസ്സിൽ കുടിയിരുത്തിയ ആരാധകർ കുടുംബനാഥനും മുത്തച്ഛനുമൊക്കെയായി അദ്ദേഹം എത്തിയപ്പോൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു. മധുവിന്റെ ജീവിതം കാമറയ്ക്കുമുന്നിൽ മാത്രം ഒതുങ്ങി നിൽക്കുതായിരുന്നില്ല. താരജാഡ തൊട്ടു തീണ്ടാത്ത സ്നേഹബന്ധങ്ങൾക്ക്‌ ഉടമയായിരുന്നു അദ്ദേഹം സംവിധായകൻ, നിർമാതാവ്‌, സ്റ്റുഡിയോ ഉടമ, സ്കൂൾ ഉടമ, കർഷകൻ തുടങ്ങിയ റോളുകളിലും തിളങ്ങി.


മലയാള സിനിമയെ ചെന്നൈയിൽനിന്നും കേരളത്തിലേക്ക്‌ പറിച്ചുനടുന്ന കാലഘട്ടത്തിലാണ്‌ തിരുവനന്തപുരത്ത്‌ വള്ളക്കടവിൽ ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്‌. മറ്റു പല സിനിമാ നിർമാതാക്കൾക്കും ഈ സ്റ്റുഡിയോ അനുഗ്രഹമായി.
1970 ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പതിനാലോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ്‌ അദ്ദേഹം നിർമിച്ചത്‌. പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്‌ നേടിയിരുന്നു.പരേതയായ ജയലക്ഷ്മിയാണ് മധുവിന്റെ ഭാര്യ. ഇവർക്ക് ഉമ എന്ന പേരിൽ ഒരു മകളുണ്ട്.

മലയാള സിനിമയുടെ ശൈശവും കൗമാരവും ഒക്കെ കണ്ട് ഇന്നും ആ രംഗത്ത് തുടരുന്ന അഭിനയകലയുടെ കാരണവർക്ക് ഇന്ന് 90-ാം കൂട്ടുകാരി മാഗസിന്‍റെ പിറന്നാൾ ആശംസകള്‍


1980 സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്കാരം
1995 മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള (നിർമാതാവ്‌) അവാർഡ്‌ (മിനി എന്ന ചിത്രത്തിന്‌)
2004 സമഗ്ര സംഭാവനക്കുള്ള ജെ. സി ഡാനിയൽ അവാർഡ്‌
2013 പത്മശ്രീ പുരസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *