സില്‍ക്ക് സ്മിത ഓർമ്മയായിട്ട് 27 വർഷം

വിടർന്ന കണ്ണുകൾ, ആകർഷകമായ ചിരി, മാദക സൗന്ദര്യം എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ ലോകം അടക്കി വാണ സിൽക്ക് സ്ഫടികം, നാടോടി മുതലായ ചിത്രങ്ങളിൽ മോഹൻലാലിനോടൊപ്പവും അഥർവ്വം എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പവും മറ്റ് നായകരോടൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 1960 ഡിസംബർ 2ന് ആന്ധ്രയിലെ ഏളൂർ എന്ന ഗ്രാമത്തിലാണ് സ്മിത ജനിക്കുന്നത്. വിജയലക്ഷ്മി എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. വീട്ടിലെ സാമ്പത്തിക പരാധീനതകളെ തുടർന്ന് നാലാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. പതിനാലാം വയസിൽ വിവാഹിതയായെങ്കിലും ഭർത്താവിന്‍റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ആ ബന്ധം അധികം നീണ്ടില്ല. തുടർന്ന് ടച്ച് അപ് ആര്‍ടിസ്റ്റായി സിനിമാ മേഖലയിലെത്തി. വൈകാതെ ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്കും കടന്നു.

എവിഎം സ്റ്റുഡിയോയ്ക്ക് സമീപത്ത് വച്ച് സ്മിതയെ കണ്ട സംവിധായകനും നടനുമായ വിനു ചക്രവർത്തിയാണ് വിജയലക്ഷ്മി എന്ന ആന്ധ്രാക്കാരിയെ സിനിമയുടെ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തിയത്. സ്മിത എന്ന പേര് നല്‍കിയതും അദ്ദേഹം തന്നെയാണ്. വിനു ചക്രവർത്തിയുടെ ഭാര്യ കര്‍ണ സ്മിതയെ ഇംഗ്ലീഷ് പഠിപ്പിച്ചു. ഡാൻസും അഭിനയവും പഠിക്കാൻ സൗകര്യം ഒരുക്കി. വിദ്യാഭ്യാസം കുറവായിരിന്നിട്ടു പോലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള സ്മിതയുടെ കഴിവ് സഹപ്രവർത്തകരെ പോലും അമ്പരപ്പിച്ചിരുന്നു. നാട്ടിൻപുറത്തുനിന്ന വന്ന വിദ്യാഭ്യാസം കുറവായ ഒരു പെണ്‍കുട്ടിയെ ഒരു സിനിമാ താരത്തിന്‍റെ എല്ലാ പ്രൗഡിയിലേക്കും എത്താൻ പ്രാപ്തരാക്കിയത് വിനു ചക്രവര്‍ത്തിയും അദ്ദേഹത്തിന്‍റെ ഭാര്യയും തന്നെയാണെന്ന് നിസംശയം പറയാം.

1980 ല്‍ തമിഴിൽ പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന ചിത്രമാണ് സ്മിതയ്ക്ക് കരിയറിൽ ബ്രേക്കായത്. ആ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേര് സില്‍ക്ക് എന്നായിരുന്നു. വളരെ മോശം സ്വഭാവങ്ങളുള്ള സിൽക്ക് എന്ന കഥാപാത്രം പിന്നീട് സ്മിതയുടെ പേരിന്‍റെ ഭാഗമായി. സ്മിത ‘സിൽക്ക് സ്മിത’ ആയി.


വണ്ടിച്ചക്രം വൻഹിറ്റായതോടെ സ്മിതയെ തേടി നിരവധി അവസരങ്ങളെത്തി. പക്ഷെ എല്ലാം സമാനരീതിയിലുള്ള കഥാപാത്രങ്ങളായിരുന്നു എന്നുമാത്രം. 1982ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം ‘മൂണ്‍ട്രു മുഖം’ആണ് സിൽക്ക് സ്മിതയുടെ കരിയറിൽ വഴിത്തിരിവായത്. ആ ചിത്രത്തോടെ സൗത്ത് ഇന്ത്യൻ സിനിമയിലെ മാദക സൗന്ദര്യം ആയി സ്മിമ വാഴ്ത്തപ്പെട്ടു. ബോൾഡ് വസ്ത്രധാരണത്തിലൂടെയും മാദക നൃത്തരംഗങ്ങളിലൂടെയും ആ പേര് സ്മിത അര്‍ഥവത്താക്കുകയും ചെയ്തു. ഗ്ലാമർ വേഷങ്ങളിൽ തളയ്ക്കപ്പെട്ടെങ്കിലും മറിച്ചുള്ള ചിത്രങ്ങളിൽ സ്മിതയുടെ അഭിനയപാടവവും പല ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. 1980 കളിൽ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളായി സ്മിത. നിർമ്മാതാക്കൾ അവരുടെ ഡേറ്റ് വാങ്ങിയശേഷം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങേണ്ട തരത്തിൽ പ്രശസ്തി വളർന്നു. അത്രയ്ക്കായിരുന്ന സ്മിതയുടെ ആരാധകമൂല്യം.

തിരക്കുള്ള നടിയായിരുന്നുവെങ്കിലും വ്യക്തി ബന്ധങ്ങൾ വളരെ കുറവായിരുന്നു സ്മിതയക്ക്. പൊതുവെ അന്തർമുഖയായ അവർ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയായിരുന്നു. എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം പലപ്പോഴും അവരെ ഒരു അഹങ്കാരിയാക്കി ചിത്രീകരിച്ചു. തന്‍റെ കരിയറിലെ തീരുമാനങ്ങളിൽ സ്മിത ഒരിക്കലും ദുഃഖിച്ചിരുന്നില്ല. താനെടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം തന്‍റേത് മാത്രമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന താരത്തിന് പ്രത്യേകിച്ച് പരാതികളും ഉണ്ടായിരുന്നില്ല. മൃദുലമായ സംസാരിക്കുന്ന കുട്ടികളുടെ പോലെ സ്വഭാവം ഉള്ള ആളെന്നാണ് സഹപ്രവർത്തകർ സ്മിതയെ വിശേഷിപ്പിക്കുന്നത്.

1996 സെപ്റ്റംബർ 23നാണ് ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണമായിരുന്നു അത്. പോസ്റ്റുമോര്‍ട്ടത്തിൽ തൂങ്ങിമരണം എന്ന് പറയുന്നുണ്ടെങ്കിലും സ്മിതയുടെ പെട്ടെന്നുള്ള മരണത്തിൽ പല ദുരൂഹതകളും ഉയർന്നിരുന്നു. സിനിമാ നിർമ്മാണത്തെ തുടർന്നുണ്ടായ നഷ്ടം,വിഷാദ രോഗം തുടങ്ങി പല കാരണങ്ങൾ പലരും നിരത്തിയെങ്കിലും യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്.

എഴുത്തിന് കടപ്പാട് Saji Abhiramam(എഫ്.ബി പോസ്റ്റ്)

Leave a Reply

Your email address will not be published. Required fields are marked *